Latest News

സാദിഖ് കാവിലിന് ചിരന്തന മാധ്യമ അവാര്‍ഡ്

ദുബായ്: യുഎഇയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ചിരന്തനയുടെ ഇപ്രാവശ്യത്തെ ഗള്‍ഫിലെ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള ചിരന്തന-യുഎഇ എക്‌സ്‌ചേഞ്ച് മാധ്യമ അവാര്‍ഡ് ഗള്‍ഫ് മനോരമ റിപ്പോര്‍ട്ടറും എഴുത്തുകാരനുമായ സാദിഖ് കാവിലിന് ലഭിച്ചു. 

സനീഷ് നമ്പ്യാര്‍(റിപോര്‍ട്ടര്‍ ടിവി), അന്‍വറുല്‍ ഹഖ്(ഗള്‍ഫ് മാധ്യമം), ലിയോ രാധാകൃഷ്ണന്‍(റേഡിയോ മി) എന്നിവര്‍ക്കും അവാര്‍ഡുണ്ട്. 

സ്വര്‍ണമെഡല്‍, പൊന്നാട, ഉപഹാരം, പ്രശംസാ പത്രം എന്നിവയടങ്ങുന്ന പുരസ്‌കാരം അടുത്തമാസം ദുബായില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. യുഎഇ എക്‌സ്‌ചേഞ്ച് എംഡി ഡോ.ബി.ആര്‍.ഷെട്ടി, സിഒഒ സുധീര്‍കുമാര്‍ ഷെട്ടി തുടങ്ങിയവര്‍ മുഖ്യാതിഥികളായിരിക്കും.
യുഎസ് മള്‍ട്ടിനാഷനല്‍ കമ്പനിയുടെ പേരില്‍ മലയാളി-തമിഴ് സംഘം നടത്തിയ മണിചെയിന്‍ സാമ്പത്തിക തട്ടിപ്പ് പുറത്തുകൊണ്ടുവന്നതടക്കം സാദിഖ് കാവിലിന്റെ ഒട്ടേറെ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധേയമായിട്ടുണ്ട്. 

ഇരുപതു വര്‍ഷത്തിലേറെയായി ഈ രംഗത്തുള്ള സാദിഖ് കാവില്‍ 12 വര്‍ഷത്തോളമായി ഗള്‍ഫിലാണ് മാധ്യമ പ്രവര്‍ത്തനം നടത്തുന്നത്. നേരത്തെ ഉത്തരദേശം, കാരവല്‍, മലയാള മനോരമ(മംഗലാപുരം), മലയാളം ന്യൂസ്(ജിദ്ദ) തുടങ്ങിവയില്‍ ജോലി ചെയ്തിരുന്നു. 

പ്രിയസുഹൃത്തിന്(കഥാസമാഹാരം), കന്യപ്പാറയിലെ പെണ്‍കുട്ടി(നോവെല്ലകള്‍), ജീവിതത്തിന്റെ നല്ലൊരു ഭാഗം(ഗള്‍ഫ് ജീവിതക്കുറിപ്പുകള്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. 

കാസര്‍കോട് കാവുഗോളി ചൗക്കിയിലെ പരേതനായ കാവില്‍ സുലൈമാന്‍ ഹാജി-മറിയമ്മ ദമ്പതികളുടെ മകനാണ്. 

വാര്‍ത്താ സമ്മേളനത്തില്‍ യുഎഇ എക്‌സ്‌ചേഞ്ച് സിഎംഒ ഗോപകുമാര്‍ ഭാര്‍ഗവന്‍, ചിരന്തന ഭാരവാഹികളായ സി.പി.മുസ്തഫ, എസ്.കെ.പി.ശംസുദ്ദീന്‍ എന്നിവരും സംബന്ധിച്ചു.

Keywords: Dubai, Sadiq kavil, Gulf, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.