Latest News

മൂന്ന് പതിറ്റാണ്ടിനൊടുവില്‍ രാജന്‍ അമ്മക്ക് സ്വന്തം

അമ്പലത്തറ: പതിനെട്ടാം വയസ്സില്‍ ഒരുനട്ടുച്ച നേരത്ത് മകന്‍ വീട്ടില്‍ നിന്നിറങ്ങിയതാണ്. പെറ്റമ്മയുമായി ചെറിയൊരു സൗന്ദര്യപിണക്കമാണ് നാടുവിടലിന്റെ കാരണം. പിന്നീടിങ്ങോട്ട് മൂന്നുപതിറ്റാണ്ടുകാലം അമ്മ മകനെ കാത്തിരുന്നു. രാവെന്നോ പകലെന്നോ ഇല്ലാതെ മകനെ തേടി അമ്മയുടെ കണ്ണുകള്‍ എത്താത്ത ദിക്കുകളില്ല. മകന്‍ വീടുവിട്ട് ഇറങ്ങിയതിന് ശേഷം വീട്ടിന്റെ വാതില്‍ അടച്ചുപൂട്ടി ഒരുരാവ് പോലും അമ്മ ഉറങ്ങിയിട്ടില്ല. കൊടും വേനലിലും കനത്ത ഇടിമിന്നലുകള്‍ക്കുമിടയിലും എപ്പോഴെങ്കിലും ഒരുനാള്‍ മകന്‍ മഴ നനഞ്ഞെത്തുമെന്ന് ആ അമ്മ ന്യായമായും പ്രതീക്ഷിച്ചു.

ഇടുക്കി ജില്ലയിലെ പൈങ്കുളം മയില്‍ക്കൊമ്പിലെ പുത്തന്‍പുരക്ക് തങ്കമ്മക്ക് മൂന്ന് പതിറ്റാണ്ടായി ഈ ഒരു ആഗ്രഹം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. തങ്കമ്മയുടെ ഏക ആണ്‍തരിയാണ് രാജന്‍. നാല് പെണ്‍മക്കള്‍ക്കിടയില്‍ ദൈവം നല്‍കിയ ഒരേയൊരു ആണ്‍കുട്ടി. പതിനെട്ടാം വയസ്സില്‍ പടിയിറങ്ങിയതിന് ശേഷം രാജന്‍ പിന്നെ അമ്മയെയോ സഹോദരിമാരെയോ തേടിച്ചെന്നില്ല.
ഇടുക്കിയില്‍ നിന്ന് വീടുവിട്ട രാജന്‍ നേരെ പൊങ്ങിയത് കാഞ്ഞങ്ങാട് പാറപ്പള്ളിക്കടുത്ത് ഇരിയയില്‍. ആദ്യകാലത്ത് ഡ്രൈവറായും പിന്നെ കൂലിവേലയുമായി രാജന്‍ ഇരിയക്കാരനായി. ഇവിടത്തന്നെ കല്യാണവും കഴിച്ചു. ഒരു മകനുണ്ട്. രാജനെ തേടിയുള്ള അമ്മയുടെയും സഹോദരങ്ങളുടെയും തിരച്ചിലുകള്‍ ഒടുവില്‍ ജില്ലകള്‍ കടന്ന് കാസര്‍കോട്ടുമെത്തി. 

ഇരിയയില്‍ ശനിയാഴ്ച രാവിലെ അവര്‍ രാജനെ കണ്ടെത്തി. രാജനെ ഇപ്പോള്‍ 80 പിന്നിട്ട വൃദ്ധ മാതാവ് വാരിപ്പുണര്‍ന്നപ്പോള്‍ ഒരിക്കലും അറ്റുപോകാത്ത പൊക്കിള്‍കൊടി ബന്ധത്തിന്റെ അപൂര്‍വ്വ സംഗമമായി അത് മാറി. സഹോദരനെ നേരില്‍ കണ്ട സഹോദരി ശാരദക്കും കണ്ണീരടക്കാനായില്ല. ശാരദയുടെ മക്കള്‍ രാജിയും രാജേഷും വല്യമ്മാവനെ ചേര്‍ത്ത് പിടിച്ചു.
ശനിയാഴ്ച രാവിലെയാണ് തങ്കമ്മയും മൂത്തമകള്‍ ശാരദയും ശാരദയുടെ മക്കളായ രാജിയും രാജേഷും രാജനെ അന്വേഷിച്ച് കാഞ്ഞങ്ങാട്ടെത്തിയത്. പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ മുട്ടിച്ചരലില്‍ രാജനുണ്ടെന്ന നേരിയ സൂചന ഇവര്‍ക്കുണ്ടായിരുന്നു.
രാവിലെ തീവണ്ടിമാര്‍ഗ്ഗം കാഞ്ഞങ്ങാട്ടെത്തിയ ഈ കുടുംബം കോട്ടച്ചേരിയിലെ നവരംഗ് റസിഡന്‍സിയില്‍ മുറിയെടുത്ത ശേഷം മാനേജരോടും മറ്റും കാഞ്ഞങ്ങാട്ടെ വരവിന്റെ ഉദ്ദേശം പറഞ്ഞിരുന്നു. ഈ സ്ഥാപനത്തിന്റെ മാനേജരും തൊഴിലാളികളും മറ്റും ഇവരെയും കൂട്ടി ഇരിയക്കടുത്ത മുട്ടിച്ചരലില്‍ എത്തുകയും നാട്ടുകാരോട് കാര്യങ്ങള്‍ അവതരിപ്പിക്കുകയും നാട്ടുകാരുടെ യോഗം വിളിക്കുകയും ചെയ്തു. രാജന്റെ രൂപ സാദൃശ്യം വീട്ടുകാര്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ രാജന്‍ ഇരിയ പള്ളിക്കടുത്ത് വര്‍ഷങ്ങളായി താമസിച്ച് വരുന്ന വിവരം പുറത്ത് വന്നത്.
അമ്മയെ കണ്ടപ്പോള്‍ രാജനും അമ്മായിയമ്മയെ ആദ്യമായി കണ്ടപ്പോള്‍ രാജന്റെ ഭാര്യക്കും വല്ലാത്ത സന്തോഷം.
മകനോടൊപ്പം കുറച്ചുനാള്‍ കഴിയണമെന്നാണ് തങ്കമ്മയുടെ ആഗ്രഹം. ഒന്നുകില്‍ രാജനെയും ഭാര്യയെയും രാജന്റെ മകനെയും കൂട്ടി ഇപ്പോള്‍ താമസിക്കുന്ന ചാലക്കുടിയിലേക്ക് മടങ്ങണമെന്ന് ആ വൃദ്ധമാതാവ് ആഗ്രഹിക്കുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.