Latest News

നിഹാല്‍ മാജിക് വീണ്ടും; ഏഷ്യന്‍ ചെസ് കിരീടം മലയാളിതാരം നിഹാല്‍ സരിന്

തൃശൂര്‍: ഉസ്ബക്കിസ്ഥാനില്‍ നടന്ന ഏഷ്യന്‍ യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പില്‍ റാപ്പിഡ് വിഭാഗം (അണ്ടര്‍-10) കിരീടം മലയാളിതാരം നിഹാല്‍ സരിന്. ഫിഡെ റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള മുന്‍ ലോകചാംപ്യന്മാരെ നിരായുധരാക്കിയാണു നിഹാല്‍ കിരീടം സ്വന്തമാക്കിയത്. ഏഴു റൗണ്ട് മത്സരത്തില്‍ നിഹാല്‍ അഞ്ചര പോയിന്റ് നേടി ഒന്നാമതെത്തിയപ്പോള്‍ അഞ്ചു പോയിന്റുമായി ഇറാന്‍താരം മാനി ജാഹേദി രണ്ടാമതെത്തി.

1787 ഫിഡെ റേറ്റിങ്ങുള്ള നിഹാലിനു റാപ്പിഡ് വിഭാഗത്തില്‍ 1588 ആയിരുന്നു റേറ്റിങ്. തന്നേക്കാള്‍ 337 റേറ്റിങ് മുന്നിലുള്ള ഉസ്ബക് താരം സിന്ദാരോവ്, 335 റേറ്റിങ് മുന്നിലുള്ള അബ്ദു സത്താറോവ് നോദിര്‍ബക്ക് എന്നിവരെ പിന്നിലാക്കിയാണു നിഹാല്‍ ചാംപ്യനായത്. സത്താറോവ് അണ്ടര്‍ എട്ടു വിഭാഗം ലോകചാംപ്യനാണ്. ഇതേ വിഭാഗത്തില്‍ നിലവിലെ ചാംപ്യനായ ഇന്ത്യന്‍ താരം ആര്‍. പ്രഗ്നാനന്ദയും പരാജയമറിഞ്ഞു.

ഫിഡെ റേറ്റിങ് നേടുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിക്ക് ഉടമയായ നിഹാല്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. എ. സരിന്റെയും സൈക്യാട്രിസ്റ്റ് ഡോ. ഷിജിന്‍ എ. ഉമ്മറിന്റെയും മകനാണ്. തൃശൂര്‍ ദേവമാത സിഎംഐ പബ്ലിക് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ നിഹാല്‍ സെപ്റ്റംബറില്‍ നടക്കുന്ന ലോക യൂത്ത് ചെസ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഒരുക്കം ആരംഭിച്ചിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയാണു നിഹാലിന്റെ സ്‌പോണ്‍സര്‍ഷിപ് ഏറ്റെടുത്തിരിക്കുന്നത്.

Keywords: Chess, Nihal, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, World News.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.