Latest News

ഗള്‍ഫിലേക്ക് ലഹരിമരുന്ന് കൊടുത്തു വിട്ടു ചതിച്ച കേസ്: പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് ശ്രമം

കൊച്ചി: പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയശേഷം വിദേശത്തേക്കു മടങ്ങിയ യുവാവിന്റെ കൈവശം പുസ്തകപൊതിയെന്ന വ്യാജേന ലഹരിമരുന്ന് കൊടുത്തുവിട്ട സംഭവത്തില്‍ ഒന്നാം പ്രതി ചേരാനല്ലൂര്‍ സ്വദേശി അമലിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയെ സമീപിക്കും.

പിഴല സ്വദേശി ഷിജു തോമസാണ് അമലിന്റെ ചതിയില്‍പ്പെട്ട് അബുദാബി പൊലീസിന്റെ പിടിയിലായത്. അമലാണ് ലഹരിമരുന്ന് പൊതി കൊടുത്തുവിട്ടതെന്നു വ്യക്തമായതിനെ തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റു ചെയ്‌തെങ്കിലും അടുത്ത ദിവസം തന്നെ ജാമ്യത്തിലിറങ്ങുകയായിരുന്നു. 


അമലിനൊപ്പം പിടിയിലായി ജയിലില്‍ കഴിയുന്ന രണ്ടും മൂന്നും പ്രതികളായ തോട്ടുംമുഖം സ്വദേശി അന്‍സാര്‍, പാനായിക്കുളം സ്വദേശി മുഹമ്മദ് സാദ് എന്നിവരെ തുടര്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ കിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് തിങ്കളാഴ്ച അപേക്ഷ നല്‍കും. ഈ പ്രതികളുടെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.

കേസിലെ മുഖ്യ പ്രതിയായ അമലിനെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിച്ചെന്ന ആരോപണം ശക്തമാണ്. താരതമ്യേന ചെറിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് എന്നറിയുന്നു. അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം തന്നെ ജാമ്യത്തില്‍ ഇറങ്ങാനായത് ഇതുകൊണ്ടാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇയാള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കാത്ത പൊലീസ് നടപടിയും ദുരൂഹത വര്‍ധിപ്പിക്കുന്നു.

ആലുവ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തു കേസെടുത്തത്. കേസിന്റെ തുടക്കം മുതല്‍ പൊലീസ് നടപടികളും ഒത്തുകളിയും വ്യക്തമായിരുന്നെന്ന ആരോപണം ശക്തമാണ്. അമലിനെ അറസ്റ്റ് ചെയ്തപ്പോള്‍ പ്രതിയുടെ ഫോട്ടോ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കാതിരിക്കാനും പൊലീസ് പരമാവധി ശ്രമിച്ചു. കുറഞ്ഞ അളവിലുള്ള ലഹരിമരുന്ന് കൈകാര്യം ചെയ്തു എന്ന നിലയില്‍ ചെറിയ കുറ്റമായിട്ടാണ് ആലുവ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

നിരപരാധിയായ യുവാവിനെ ചതിച്ച് വിദേശത്തേക്കു ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചതടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ കേസില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതാണ് പ്രതിക്ക് ജാമ്യം ലഭിക്കാന്‍ ഇടയാക്കിയത്. എന്നാല്‍ സംഭവം വിവാദമായതോടെ ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസ് ബലപ്പെടുത്തിയ ശേഷം ജാമ്യം റദ്ദാക്കാനുള്ള അപേക്ഷ നല്‍കാനാണ് നോക്കുന്നത്.

അബുദാബി ജയിലില്‍ കഴിയുന്ന ഷിജു തോമസിനെ രക്ഷിക്കാന്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ശ്രമം തുടരുകയാണ്. നയതന്ത്ര തലത്തില്‍ ശക്തമായ ഇടപെടല്‍ ഇതിനു വേണ്ടി വരും. മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാറും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. നിര്‍ധന കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു ആറു മാസം മുന്‍പു വിദേശത്തു ജോലിക്കു പോയ ഷിജു.



No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.