Latest News

മക്കള്‍ കൊന്ന് കനാലില്‍ താഴ്ത്തിയ അബ്ദുള്‍ കരീമിന്റെ മൃതദേഹം കണ്ടെത്തി

മൈസൂര്‍: പിന്തുടര്‍ച്ചാവകാശത്തിനുവേണ്ടി കോഴിക്കോട് താമരശ്ശേരിയില്‍ മക്കള്‍ അച്ഛനെ കൊന്ന സംഭവത്തില്‍,കൊല്ലപ്പെട്ട അബ്ദുള്‍കരീമിന്റെ മൃതദേഹം കര്‍ണാടകത്തിലെ ചാമരാജനഗറില്‍ നിന്ന് ശിരസറ്റനിലയില്‍ കണ്ടെടുത്തു. കൊലപ്പെടുത്തിയ ശേഷം കനാലിലൊഴുക്കിയ മൃതദേഹം ചാമരാജനഗര്‍ ജില്ലയിലെ മസനപുര ഗ്രാമത്തിലെ കബനി നദിയില്‍ നിന്നാണ് കണ്ടെടുത്ത്.

പ്രതികളുമായി കേരളത്തില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സംഘം മൈസൂരിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തുന്നതിനിടെ മസനപുരയിലെ പാലത്തിനു താഴെ മീന്‍പിടിത്തക്കാരുടെ വലയിലാണ് മൃതദേഹം കുടുങ്ങിയത്. ജീര്‍ണിച്ച നിലയിലായ, മൃതദേഹത്തിന്റെ കഴുത്തുമുതല്‍ കാല്‍മുട്ട് വരെയുള്ള ഭാഗമാണ് ലഭിച്ചത്. സംഭവമറിഞ്ഞ പോലീസ്സംഘം ഉടനടി സ്ഥലത്തെത്തി മൃതദേഹം കരീമിന്റെ തന്നെയെന്ന് സ്ഥിരീകരിച്ചു. കേസിലെ പ്രതികളായ മക്കളും മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ബുധനാഴ്ച വൈകിട്ട് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം വ്യാഴാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

കഴിഞ്ഞ സപ്തംബറിലാണ് താമരശ്ശേരി കോരങ്ങോട് എരഞ്ഞോണ വീട്ടില്‍ അബ്ദുള്‍ കരീം കൊല്ലപ്പെട്ടത്. മക്കളായ ഫിര്‍ദൗസും മിഥിരാജും ചേര്‍ന്നാണ് കൊലനടത്തിയതെന്ന് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കുവൈത്തില്‍ ബിസിനസ് നടത്തുകയായിരുന്ന അബ്ദുള്‍കരീം ശ്രീലങ്കന്‍ സ്വദേശിനിയെ വിവാഹം ചെയ്തതാണ് ആദ്യഭാര്യയിലെ മക്കളെ ചൊടിപ്പിച്ചത്. വാപ്പയുടെ സ്വത്ത് കൈവിട്ടുപോകുമോ എന്ന് ഭയന്ന ഇവര്‍ കരീമിനെ തന്ത്രപൂര്‍വം വീട്ടില്‍ വിളിച്ചു വരുത്തിയശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

ഇതിനു ശേഷം ബന്ധുവായ മുഹമ്മദ് ഫായിസെന്നയാളുടെ നിര്‍ദേശപ്രകാരം ഇവര്‍ മൃതദേഹം കാറിലാക്കി മൈസൂരിലെ നഞ്ചന്‍കോട്ടെത്തിച്ച് കബനി കനാലില്‍ ഒഴുക്കുകയായിരുന്നു. തിരിച്ച് കോഴിക്കോട്ടെത്തിയ ഇവര്‍ ബാപ്പയെ കാണാനില്ലെന്ന് കാണിച്ച് പോലീസില്‍ പരാതിയും നല്‍കി. കരീമിന്റെ സഹോദരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മക്കളുടെ മൊഴികളിലെ വൈരുധ്യം മനസിലാക്കി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സി.ഐ. പി.ആര്‍. സതീശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതികളുമായി കഴിഞ്ഞ ആറുദിവസമായി മൈസൂരില്‍ മൃതദേഹത്തിനായി തിരച്ചില്‍ നടത്തി വരികയായിരുന്നു. എസ്.ഐ. എ.വി. വിജയന്‍, എ.എസ്. ഐ. മാരായ ബാബുരാജ്, രാജീവന്‍, കുമാരന്‍കുട്ടി, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍മാരായ സത്യന്‍, രാജീവന്‍, വിനോദ് എന്നിവരാണ് തിരച്ചില്‍ നടത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്നത്.
UPDATED
 

Keywords: Mysoor, Abdul Kareem, Thamarassery, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.