Latest News

ലോകകപ്പ്: യു ടൂബില്‍ ആവേശം വിതറി മാവുങ്കാല്‍ സ്വദേശിയുടെ മധുര ഗീതം

കാഞ്ഞങ്ങാട്: ബ്രസീലില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന്റെ ആവേശ തിമിര്‍പ്പിലാണ് ഫുട്‌ബോള്‍ കമ്പക്കാരായ മലയാളികള്‍. ലോക കപ്പ് ഫുട്‌ബോള്‍ മത്സരം തുടങ്ങാന്‍ അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും അതിന്റെ അലയൊലികള്‍ വാനോളം ഉയര്‍ന്ന് കഴിഞ്ഞു.

ഇഷ്ട താരങ്ങളുടെയും ഇഷ്ടപ്പെട്ട ടീമുകളുടെയും ബഹുവര്‍ണ്ണ ചിത്രങ്ങളടങ്ങിയ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഗ്രാമമോ നഗരമോ എന്ന വ്യത്യാസമില്ലാതെ വ്യക്തികളും സംഘടനകളും ഉയര്‍ത്തിക്കഴിഞ്ഞു. മലയാളിയുടെ ആവേശം പകര്‍ന്ന് ലോക കപ്പ് ഫുട്‌ബോളിന് ആശംസ അര്‍പ്പിച്ച് കൊണ്ട് മധുര ഗീതവും ഒരുങ്ങി.

അര്‍ജന്റീനയും ബ്രസീലും കലാശക്കളിയില്‍ ഏറ്റുമുട്ടുമെന്നാണ് മിക്കവരുടെയും കണക്ക് കൂട്ടല്‍. ഈ ആവേശത്തിന്റെ അലയൊലികളുമായി മാവുങ്കാലിലെ മാവുങ്കാലിലെ കാളിദാസ് വേണുഗോപാല്‍ മധുര ഗാനവും അതോടൊപ്പം ദൃശ്യവും അടങ്ങുന്ന സിഡി തയ്യാറാക്കി. ഇംഗ്ലീഷ് വെസ്റ്റേണ്‍ ശൈലിയിലുള്ള ഈ മധുര ഗാനം ഏതൊരു കായിക താരത്തിന്റെയും മനം കുളിര്‍പ്പിക്കുക തന്നെ ചെയ്യും.

മൂന്നേകാല്‍ മിനുട്‌സ് ദൈര്‍ഘ്യമുള്ള ഈ സിഡിയില്‍ മുംബൈ ഫുട്‌ബോള്‍ ക്ലബ്ബ് താരം റാഫി മുഹമ്മദിന്റെയും ബാംഗ്ലൂര്‍ താരം മലയാളിയായ പ്രവീണിന്റെയും ദൃശ്യങ്ങള്‍ കൂടി ഗാനത്തോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള സ്വപ്ന കലാശക്കളി പ്രതീക്ഷിച്ച് കൊണ്ടാണ് ഈ ആല്‍ബം തയ്യാറാക്കിയത്.

അഴിത്തല കടപ്പുറം, മാവുങ്കാല്‍ മില്‍മ ഡയറിക്കടുത്ത മൈതാനം, മഞ്ഞംപൊതിക്കുന്ന്, തൃക്കരിപ്പൂര്‍ ടൗണിലെ മൈതാനം, കൊച്ചിയിലെ കലൂര്‍ സ്റ്റേഡിയം, കടവന്ത്ര സ്റ്റേഡിയം എന്നിവിടങ്ങളിലാണ് ഈ ആല്‍ബത്തിന്റെ ചിത്രം നടന്നത്.കാളിദാസന്‍ തന്നെയാണ് ഫുട്‌ബോള്‍ കഥ രചിച്ചത്. മാവുങ്കാലിലെ പി വൈ വേണുഗോപാലനും അര്‍ജുന്‍ വേണുഗോപാലുമാണ് നിര്‍മ്മാതാക്കള്‍.

കാഞ്ഞങ്ങാട്ടെ അനൂപ് ഭട്ട് സംഗീത സംവിധാനം നിര്‍വ്വഹിച്ചു. കൊച്ചിയിലെ ആകാശ് എസ് മേനോന്റെ ഗിത്താര്‍ വാദനത്തോടൊപ്പം പാടിയത് കൊച്ചിയിലെ നിരണ്‍കുമാറാണ്. തൃക്കരിപ്പൂരിലെ അമീറലി ഒളവറയും തിരുവനന്തപുരത്തെ അരുണ്‍കുമാര്‍ ഷാജിയും കാഞ്ഞങ്ങാട്ടെ വൈശാഖ് ദേവനുമാണ് ക്യാമറ ചലിപ്പിച്ചത്. തികച്ചും ലാഭേച്ഛയില്ലാതെയാണ് ഈ സംരംഭത്തിന് കാളിദാസ് മുതിര്‍ന്നത്. More Than A Game എന്ന പേരില്‍ പോസ്റ്റ് ചെയ്ത യു ടൂബിലും വാട്‌സ്അപ്പിലും ഈ ആല്‍ബത്തിന് നല്ല പ്രചാരം ലഭിച്ചത് ആത്മ സംതൃപ്തി നല്‍കുന്നുവെന്ന് കാളിദാസന്‍ പറയുന്നു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, More Than A Game

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.