Latest News

മുംബൈ നഗരത്തിന് ഇനി മെട്രോ തീവണ്ടി സര്‍വീസും

മുംബൈ: മുംബൈ നഗരത്തിന് ഇനി മെട്രോ തീവണ്ടി സര്‍വീസും. നഗരത്തിന്റെ കിഴക്ക്-പടിഞ്ഞാറന്‍ മേഖലയെ ബന്ധിപ്പിച്ചുകൊണ്ട് വെര്‍സോവ-അന്ധേരി-ഘട്‌കോപര്‍ പാതയിലാണ് മെട്രോ ഓടിത്തുടങ്ങിയത്. രാജ്യത്ത് ആദ്യത്തെ തീവണ്ടി ഓടിയ നഗരമായ മുംബൈയിലെ മെട്രോ തീവണ്ടി സര്‍വീസ് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ ഫ്ലാഗ് ഓഫ് ചെയ്തു.

വെര്‍സോവയില്‍ നടന്ന ചടങ്ങില്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പങ്കെടുത്തു. അനില്‍ അംബാനി, ടിന അംബാനി, ബി.ജെ.പി നേതാക്കളായ പൂനം മഹാജന്‍, കിരിത് സോമയ്യ തുടങ്ങിയവര്‍ കന്നി യാത്രയില്‍ യാത്രക്കാരായി.

മെട്രോയ്ക്കായുള്ള എട്ട് വര്‍ഷത്തെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. നിശ്ചയിച്ചതിലും മൂന്നു വര്‍ഷം കഴിഞ്ഞാണ് ആദ്യ ഘട്ടം ഫ്ലാഗ് ഓഫ് ചെയ്തത്. വെര്‍സോവ-അന്ധേരി-ഘട്‌കോപര്‍ റൂട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടുമായി ദിവസേന 250 സര്‍വീസുകളാകുമുണ്ടാകുക. 11.4 കിലോമീറ്റര്‍ മെട്രോ സര്‍വീസ് തുടങ്ങുന്നതോടെ നഗരത്തിലെ സബര്‍ബന്‍ തീവണ്ടിയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും.

ഓരോ നാല് മിനിറ്റ് കൂടുമ്പോഴും ട്രെയിന്‍ സര്‍വീസ് നടത്തും. 10 രൂപയാണ് കുറഞ്ഞ നിരക്ക്. പുലര്‍ച്ചെ 5.30 മുതല്‍ അര്‍ധരാത്രിവരെ സര്‍വീസുണ്ടാകും. 80 കിലോമീറ്ററാണ് മെട്രോയുടെ വേഗത. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ രാജ്യത്ത് തുടങ്ങിയ ആദ്യ മെട്രോയാണ് മുംബൈയിലേത്. അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, വിയോലിയ ട്രാന്‍സ്‌പോര്‍ട്, മുംബൈ മെട്രോപോലീറ്റന്‍ വികസന അതോറിറ്റി എന്നിവര്‍ പങ്കാളികളായ കണ്‍സോര്‍ഷ്യമാണ് മെട്രോ നിര്‍മ്മിച്ചത്. 4300 കോടി രൂപയാണ് ചിലവ്.

1853 ഏപ്രില്‍ 16ന് വൈകിട്ട് 3.35ന് വിക്ടോറിയ ടെര്‍മിനസില്‍നിന്നും (ഇന്നത്തെ ഛത്രപതി ശിവാജി ടെര്‍മിനസ്) 34 കിലോമീറ്റര്‍ അകലെ താണെയിലേക്ക് ആദ്യ വണ്ടിയോടിയത് ഭീതിയോടെയായിരുന്നു ജനം കണ്ടത്. ഭൂതീവണ്ടി എന്നും ആടിനെ കൊണ്ടു പോകുന്ന വണ്ടി എന്നൊക്കെയായിരുന്നു ജനം ഇതിനെ വിളിച്ചത്. ഇന്ന് നഗരവും നഗരവാസികളും മാറിയിരിക്കുന്നു. മുംബൈ മഹാനഗരം രാജ്യത്തെ ഏറ്റവും തിരക്കുള്ള നഗരങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ഫിബ്രവരി ഒന്നിന് രാജ്യത്തെ ആദ്യ മോണോറെയില്‍ ഓടിക്കൊണ്ട് നഗരം മറ്റൊരു ചരിത്രംകൂടി രചിച്ചു. എന്നാല്‍ ആദ്യ മെട്രോ വണ്ടി ഓടിക്കുന്ന നഗരമെന്ന ഖ്യാതി മുംബൈക്ക് നേടാന്‍ കഴിഞ്ഞില്ലെങ്കിലും വൈകിയാണെങ്കിലും നഗരം മെട്രോ വണ്ടിക്കായുള്ള പാത തുറന്നു. പലതവണ നീട്ടിവെച്ച ശേഷമാണ് മെട്രോയുടെ ഉദ്ഘാടനം ഇന്ന് നടന്നത്

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.