Latest News

ആധാര്‍ പദ്ധതി പാതിവഴിയിലുപേക്ഷിച്ചു, എന്‍പിആര്‍ പദ്ധതി ഊര്‍ജിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആധാര്‍ പദ്ധതി പാതിവഴിയിലുപേക്ഷിച്ചു ദേശീയ ജനസംഖ്യാ റജിസ്റ്റര്‍ (എന്‍പിആര്‍) പദ്ധതി ഊര്‍ജിതമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരശേഖരണത്തിനായി ആവിഷ്‌കരിച്ച ആധാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിസഭാ സമിതി തുടരേണ്ടതില്ലെന്ന് ഈമാസം 10നു പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചിരുന്നു.

എന്‍പിആര്‍ വിവരശേഖരം പുതുക്കി പൂര്‍ത്തിയാക്കാനും രാജ്യത്തെ പൗരന്മാര്‍ക്കെല്ലാം എന്‍പിആര്‍ അധിഷ്ഠിതമായ ദേശീയ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാനും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് നിര്‍ദേശിച്ചു.

എന്‍പിആര്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്താന്‍ ബുധനാഴ്ച രാജ്‌നാഥ് വിളിച്ചുചേര്‍ത്ത ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണു നിര്‍ദേശം. പദ്ധതിയുടെ വിശദാംശങ്ങള്‍ എന്‍പിആര്‍ ചുമതലയുള്ള റജിസ്ട്രാര്‍ ജനറല്‍ ഡോ. സി. ചന്ദ്രമൗലി അവതരിപ്പിച്ചു. പദ്ധതി പൂര്‍ത്തിയാക്കാനുള്ള മാര്‍ഗരേഖയും അദ്ദേഹം വിശദീകരിച്ചു.

ജനന, മരണ റജിസ്‌ട്രേഷന്‍ സംവിധാനവുമായി എന്‍പിആറിനെ ബന്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി പദ്ധതി പരിഷ്‌കരിച്ചു ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വിതരണത്തിനു നടപടികളെടുക്കാന്‍ രാജ്‌നാഥ് നിര്‍ദേശിച്ചു. ദേശീയ പൗരത്വ റജിസ്റ്റര്‍ എന്ന ലക്ഷ്യം എത്രയുംവേഗം യാഥാര്‍ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടു. യോഗത്തില്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവും ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയും പങ്കെടുത്തു.

ആഭ്യന്തര മന്ത്രാലയത്തിനു കീഴില്‍ എന്‍പിആര്‍ പദ്ധതിയും ആസൂത്രണ കമ്മിഷനു കീഴില്‍ ആധാര്‍ പദ്ധതിയും ഒരേ വിവരങ്ങള്‍ ശേഖരിക്കാനായി വെവ്വേറെ നടപ്പാക്കുന്നതിനെ ബിജെപി നേതൃത്വം നേരത്തേ ചോദ്യംചെയ്തിരുന്നു. പൗരത്വരേഖയായി കണക്കാക്കാന്‍ കഴിയാത്ത ആധാറിനു നിയമസാധുതയുമില്ല. ബംഗ്ലദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതു രാജ്യസുരക്ഷയ്ക്കു ഭീഷണി ആകുമെന്നാണ് ആരോപണം.

ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വത്തെ കുറിച്ചും ആശങ്കയുണ്ടായിരുന്നു. ആധാര്‍ പദ്ധതിക്കായി വന്‍തുക ചെലവഴിച്ചതില്‍ കുംഭകോണം നടന്നുവെന്ന ആരോപണവും ഉയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി ആനുകൂല്യങ്ങള്‍ക്കും സബ്‌സിഡികള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കാനുള്ള നീക്കം പ്രതിഷേധമുയര്‍ത്തുകയും ചെയ്തു.

Keywords: National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, NPR CARD, ADHAR

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.