Latest News

സ്‌പെയിന്‍ ലോകകപ്പില്‍ നിന്നു പുറത്ത്

റയോ: നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിന്‍ ലോകകപ്പില്‍ നിന്ന് പുറത്തായി. മാരക്കാന സ്റ്റഡിയത്തില്‍ നടന്ന ഗ്രൂപ്പ് ബിയിലെ നിര്‍ണായക മത്സരത്തില്‍ ചിലിയാണ് ഏകപക്ഷീയമായ രണ്ടു ഗോളിന് 'എല്‍ റോജ'യെ തകര്‍ത്തത്. 20-ാം മിനുട്ടില്‍ എഡ്വാര്‍ഡോ വര്‍ഗാസും 43-ാം മിനുട്ടില്‍ ചാള്‍സ് അരാന്‍ക്വിസുമാണ് ചിലിയുടെ ഗോളുകള്‍ നേടിയത്.

നോക്കൗട്ട് സാധ്യത നിലനിര്‍ത്താന്‍ വിജയം ആവശ്യമായിരുന്നതിനാല്‍ തുടക്കം മുതല്‍ സ്‌പെയിന്‍ അതിവേഗതയില്‍ ആക്രമിച്ചാണ് കളിച്ചത്. എന്നാല്‍, ചിലിയുടെ മിന്നല്‍ വേഗത്തിലുള്ള പ്രത്യാക്രമണം അവര്‍ക്ക് തലവേദന സൃഷ്ടിച്ചു. 20-ാം മിനുട്ടില്‍ ചാള്‍സ് അരാന്‍ക്വിസിന്റെ പാസ് സ്വീകരിച്ച് അസാമാന്യ മെയ്‌വഴക്കത്തോടെ എഡ്വാഡോ വര്‍ഗാസ് സ്പാനിഷ് കീപ്പര്‍ ഇകേര്‍ കസിയസിനെ കീഴടക്കി. ഗോള്‍ മടക്കാന്‍ സ്‌പെയിന്‍ കിണഞ്ഞു ശ്രമിക്കവെ അലക്‌സിസ് സാഞ്ചസിന്റെ ഫ്രീകിക്ക് വഴി രണ്ടാം ഗോളുമെത്തി. സാഞ്ചസിന്റെ കിക്ക് കസിയസ് ഡൈവ് ചെയ്ത് തടുത്തിട്ടെങ്കിലും പന്തെത്തിയത് ബോക്‌സില്‍ നില്‍ക്കുകയായിരുന്ന അരാന്‍ക്വിസിന്റെ കാലില്‍. മിഡ്ഫീല്‍ഡ് താരത്തിന്റെ ആത്മസംയമനത്തോടെയുള്ള ശ്രമം വീണ്ടും സ്‌പെയിനിന്റെ വലകുലുക്കി. ഈ ലോകകപ്പില്‍ രണ്ടു മത്സരത്തിനിടെ ഇകേര്‍ കസിയസ് വഴങ്ങുന്ന ഏഴാം ഗോളായിരുന്നു ഇത്.

2010-ല്‍ കിരീടം നേടിക്കൊടുത്ത 'ടിക്കി ടാക്ക' ശൈലി കാലഹരണപ്പെട്ടു എന്ന് തെളിയിക്കുന്നതായിരുന്നു നെതര്‍ലന്റ്‌സിനും ചിലിക്കുമെതിരായ സ്‌പെയിനിന്റെ പരാജയങ്ങള്‍ . എതിരാളികള്‍ അതിവേഗം ഗോളിലേക്ക് കുതിക്കുമ്പോള്‍ പന്ത് പരസ്പരം കൈമാറി കളിയുടെ വേഗവും ആക്രമണത്തിന്റെ വേഗവും കുറക്കുന്ന സ്‌പെയിനിന്റെ രീതി അമ്പേ പരാജയപ്പെട്ടു. ചിലിക്കെതിരെ നേരിട്ട് ഗോള്‍ ലക്ഷ്യം വെക്കാന്‍ സ്‌പെയിന്‍ ശ്രമിച്ചപ്പോഴൊക്കെ എതിരാളികളുടെ പ്രതിരോധം ആശയക്കുഴപ്പത്തിലായിരുന്നു. പക്ഷേ, ഈ രീതി അധികം പരീക്ഷിക്കാന്‍ സ്‌പെയിനിനു കഴിഞ്ഞില്ല.

ബി ഗ്രൂപ്പിലെ അടുത്ത മത്സരങ്ങള്‍ ചിലി-നെതര്‍ലന്റ്‌സ്, ഓസ്‌ട്രേലിയ-സ്‌പെയിന്‍ എന്നിവയാണ്. ചിലിലും നെതര്‍ലന്റ്‌സും തമ്മിലുള്ള മത്സരമാണ് ഗ്രൂപ്പ് ജേതാക്കളെ നിശ്ചയിക്കുക. മറ്റു ടീമുകള്‍ ലോകകപ്പില്‍ നിന്ന് വിജയത്തോടെ പടിയിറങ്ങാനാണ് ശ്രമിക്കുക.


Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.