Latest News

ഹോളണ്ട് പ്രീക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയ പുറത്ത്‌

ബെയ്‌റാറിയോ: ഓസ്‌ട്രേലിയയെ രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് തോല്പിച്ച് ഹോളണ്ട് ലോകകപ്പ് ഫുട്‌ബോളിന്റെ പ്രീക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം തോല്‌വിയോടെ ലോകപ്പില്‍ നിന്നും പുറത്താകുന്ന ആദ്യ ടീമായി ഓസ്‌ട്രേലിയ. ആദ്യ മത്സരത്തില്‍ ചിലിയോടും ഓസീസ് തോറ്റിരുന്നു.

2-1ന് പിന്നില്‍ നിന്നശേഷമായിരുന്നു ഹോളണ്ടിന്റെ ജയം. ആര്യന്‍ റോബന്‍ (20) റോബിന്‍ വാന്‍പേഴ്‌സ് (58) ഡീ പേ (68) എന്നിവരാണ് ഡച്ചിനായി വലകുലുക്കിയത്. ഓസ്‌ട്രേലിയയ്ക്കായി ടിം കാഹില്‍ (21) മിലെ ജെഡിനക് (54) സ്‌കോര്‍ ചെയ്തു.

സ്‌പെയിനിനെ തകര്‍ത്തെറിഞ്ഞതിന്റെ ആവേശവുമായാണ് ഹോളണ്ട് ഓസ്‌ട്രേലിയയ്‌ക്കെതിരേ ഇറങ്ങിയത്. ആദ്യ മിനിറ്റില്‍ത്തന്നെ കംഗാരുക്കളുടെ ബോക്‌സില്‍ ഓടിയെത്തിയ റോബിന്‍ വാന്‍ പേഴ്‌സിയുടെ മുന്നേറ്റം കോര്‍ണര്‍ കിക്കിനു വഴിവച്ചു. ഓറഞ്ചുപടയുടെ വമ്പിനു ശ്രദ്ധകൊടുക്കാത്ത ഓസ്‌ട്രേലിയ തൊട്ടടുത്ത മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്ക് നടത്തി. എന്നാല്‍, തുടര്‍ന്നുള്ള മിനിറ്റുകളില്‍ ഹോളണ്ടിന്റെ കൈവശമായിരുന്നു പന്ത്. ചുരുക്കം ചില ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ ഓസ്‌ട്രേലിയ സാന്നിധ്യം അറിയിച്ചുകൊണ്ടിരുന്നു.

20-ാം മിനിറ്റില്‍ ആദ്യ ഗോളെത്തി. റോബന്റെ വകയായിരുന്നു ഹോളണ്ടിന്റെ ഗോള്‍. മധ്യനിരയില്‍ നിന്ന് പന്തു ലഭിച്ച റോബന്‍ ഒറ്റയ്ക്കു മുന്നേറി. ഗോളിയെയും പ്രതിരോധക്കാരെയും വെട്ടിയൊഴിഞ്ഞ റോബന്‍ പെനാല്‍റ്റി ബോക്‌സിന്റെ ഇടതുകോണില്‍ നിന്ന് ഷോട്ടുതിര്‍ത്തു. റോബന്റെ ഇടങ്കാലന്‍ ഷോട്ട് ഓസീസ് ഗോളിയെ കാഴ്ചക്കാരനാക്കി പോസ്റ്റിന്റെ ഇടതു മൂലയില്‍. 1-0നു ഹോളണ്ട് മുന്നില്‍. സ്‌പെയിനിനെതിരേ ഒറ്റയ്ക്കു മുന്നേറി റോബന്‍ നേടിയ ഗോളിനു സമാനമായിരുന്നു ഈ ഗോളും. അന്ന് 37 കിലോ മീറ്ററോളം വേഗതയിലായിരുന്നു റോബന്‍ പന്തുമായി മുന്നേറിയത്. ഒരു ഫുട്‌ബോള്‍ താരം ഓടുന്ന ഏറ്റവും മികച്ച വേഗമായാണ് റോബന്റെ അന്നത്തെ ഓട്ടത്തെ ഫിഫ വിശേഷിപ്പിച്ചത്.

റോബന്റെ ഗോള്‍ വീണതോടെ ഗാലറി ആര്‍ത്തിരമ്പി. വരാനിരിക്കുന്ന ഗോള്‍മഴയുടെ മുന്നോടിയാണ് റോബന്റെ ഗോളെന്നാണ് കരുതിയത്. എന്നാല്‍, ആവേശം അവസാനിക്കുന്നതിനു മുമ്പ് ഓസ്‌ട്രേലിയ ഗോള്‍ മടക്കി. സൂപ്പര്‍ താരം ടിം കാഹിലിന്റെ വകയായിരുന്നു ഗോള്‍. മൈതാന മധ്യത്തു നിന്ന് റയാന്‍ മക്‌ഗോവന്‍ ഉയര്‍ത്തി നല്കി പന്തില്‍ നിന്നായിരുന്നു കാഹിലിന്റെ ഗോള്‍. ബോക്‌സിനുള്ളിലേക്ക് ഉയര്‍ന്നുവന്ന പന്ത്, സ്റ്റോപ് ചെയ്യാതെ ഡയറക്റ്റ് ഷോട്ടിലൂടെ കാഹില്‍ ഗോള്‍വലയില്‍ നിക്ഷേപിച്ചു. ഓസ്‌ട്രേലിയ-1, ഹോളണ്ട് -1.

ഒരു മിനിറ്റിനുള്ളില്‍ രണ്ടു ഗോള്‍ പിറന്നതോടെ മത്സരം ആവേശത്തിലേക്കുയര്‍ന്നു. ലീഡ് നേടാന്‍ തുടര്‍ന്നും ഇരു ടീമുകളും എതിര്‍ ഗോള്‍ മുഖത്തേക്കു നീങ്ങിയെങ്കിലും ലക്ഷ്യം അകന്നു. ആദ്യ പകുതിയില്‍ 55 ശതമാനവും പന്തു കൈവശംവച്ചത് ഹോളണ്ടായിരുന്നു. എന്നാല്‍, മൂന്നു പ്രാവശ്യം ഓസ്‌ട്രേലിയ ഷോട്ടുതിര്‍ത്തു. അതില്‍ രണെ്ടണ്ണം ഗോള്‍ ലക്ഷ്യം വച്ചുള്ളതായിരുന്നു. ഹോളണ്ട് മൂന്നു ഷോട്ടുതിര്‍ത്തപ്പോള്‍ രണെ്ടണ്ണം ഗോളിയെ പരീക്ഷിച്ചു.

ഹോളണ്ടിന്റെ മുന്നേറ്റത്തോടെയാണ് രണ്ടാം പകുതിക്കും ജീവന്‍വച്ചത്. 50-ാം മിനിറ്റില്‍ വെസ്ലി സ്‌നൈഡറിന്റെ ബുള്ളറ്റ് ഷോട്ട് ഓസീസ് ഗോളി മത്യൂ റയാന്‍ ഡൈവ് ചെയ്ത് തട്ടിയകറ്റി. തുടര്‍ന്നു ലഭിച്ച കോര്‍ണര്‍ ഓറഞ്ചുപടയ്ക്കു മുതലാക്കാനും സാധിച്ചില്ല. 53-ാം മിനിറ്റില്‍ ഹോളണ്ടിനെ ഞെട്ടിച്ച് റഫറി സ്‌പോട്ട്കിക്ക് വിധിച്ചു. ഡാര്‍ലി ജെന്‍മത്തിന്റെ ഹാന്‍ഡ് ബോളാണ് പെനാല്‍റ്റിക്കു വഴിവച്ചത്. കിക്കെടുത്ത മിലെ ജെഡിനക് ഓസ്‌ട്രേലിയയെ 2-1നു മുന്നിലെത്തിച്ചു.

55-ാം മിനിറ്റില്‍ മാറ്റ് മക്‌കെയുടെ അപകടകരമായ ക്രോസ് ഹെഡ് ചെയ്യാന്‍ ഓസീസ് താരങ്ങള്‍ ബോക്‌സിനുള്ളില്‍ ഉണ്ടായിരുന്നില്ല. 58-ാം മിനിറ്റില്‍ ഹോളണ്ട് ഗോള്‍ കടം വീട്ടി. ക്യാപ്റ്റന്‍ റോബിന്‍ വാന്‍ പേഴ്‌സിയുടെ വകയായിരുന്നു ഹോളണ്ടിന്റെ രണ്ടാം ഗോള്‍. ഡെപെയുടെ പാസില്‍ നിന്നായിരുന്നു വാന്‍പേഴ്‌സി ലക്ഷ്യംകണ്ടത്. ഹോളണ്ട് -2, ഓസ്‌ട്രേലിയ -2. 68-ാം മിനിറ്റില്‍ ഡീ പേയുടെ തകര്‍പ്പന്‍ ലോംഗ് റേഞ്ചര്‍ ഓസ്‌ട്രേലിയന്‍ വലയില്‍ തുളച്ചു കയറിയപ്പോള്‍ ഹോളണ്ട് പ്രീക്വാര്‍ട്ടറിലെത്തുന്ന ആദ്യ ടീമായി.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.