Latest News

എന്‍ഡോസള്‍ഫാന്‍: പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ്‌

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍മൂലം മരിച്ചെന്ന് സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ 734 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ്. നിജസ്ഥിതി എന്തെന്ന് വ്യക്തമാക്കണമെന്നും വിവരാവകാശ നിയമപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നല്കിയ അപേക്ഷയില്‍ പറയുന്നു. 

ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എന്‍ഡോസള്‍ഫാന്‍ സെല്‍ അംഗവുമായ പി.ഗംഗാധരന്‍ നായരാണ് വിവരാവകാശ നിയമപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് 14 ചോദ്യങ്ങള്‍ക്ക് ഉത്തരം ആരാഞ്ഞ് കത്തയച്ചത്.
12 വര്‍ഷം മുമ്പ് തളിച്ച എന്‍ഡോസള്‍ഫാന്‍ കീടനാശിനി ഏറ്റുമരിച്ച 734 പേരുടെ അവകാശികള്‍ക്ക് ഒരുലക്ഷംരൂപ സഹായധനം നല്കിയിരുന്നു. ആ 734 പേരുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭ്യമാണോ എന്നത് പ്രധാന ചോദ്യമാണ്. അതിന്റെ പകര്‍പ്പും ഗംഗാധരന്‍ നായര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലഭ്യമല്ലെങ്കില്‍ പിന്നെ ഏതു പഠനത്തിന്റെ/പരിശോധനയുടെ അടിസ്ഥാനത്തിലാണ് 734 പേര്‍ മരിച്ചത് കീടനാശിനി മൂലമാണെന്ന് തീരുമാനിച്ചതെന്ന ചോദ്യവും ഇതിലുണ്ട്. 

ഒരു രോഗിയെ ഏതൊക്കെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് എന്‍ഡോസള്‍ഫാന്‍ബാധിതനായി നിര്‍ണയിച്ചതെന്ന ചോദ്യവും ഇതിലുണ്ട്.
എന്‍ഡോസള്‍ഫാന്റെ അംശം ശരീരത്തില്‍ ഉള്ളതുകൊണ്ടാണോ രോഗബാധയുണ്ടായത് എന്ന് തെളിയിക്കാനുള്ള ഏതെങ്കിലും പരിശോധന ഏതെങ്കിലും മെഡിക്കല്‍ ക്യാമ്പില്‍ നടത്തിയിട്ടുണ്ടോ എന്ന ചോദ്യവുമുണ്ട്. ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും ആവശ്യപ്പെടുന്നു.
എന്‍ഡോസള്‍ഫാന്‍ കീടനാശിനി തളിച്ച കാസര്‍കോട് ജില്ലയിലെ ഗ്രാമങ്ങളില്‍ എവിടെയെങ്കിലും ലോകത്ത് ഇന്നുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത തരത്തിലുള്ള അല്ലെങ്കില്‍ അത്യപൂര്‍വമായ രോഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ എന്നും ചോദിക്കുന്നു. കഴിഞ്ഞമാസം 28-നാണ് വിവരാവകാശ നിയമപ്രകാരം ചോദ്യം ചോദിച്ചതെന്നും ഇതുവരെ മറുപടി ലഭിച്ചില്ലെന്നും ഗംഗാധരന്‍ നായര്‍ പറഞ്ഞു.
കാസര്‍കോട് ജില്ലയിലെ പെരിയ പഞ്ചായത്തില്‍ ആരും എന്‍ഡോസള്‍ഫാന്‍ രോഗികളല്ലെന്ന് മുമ്പ് ഗംഗാധരന്‍ നായര്‍ പറഞ്ഞത് വന്‍ വിവാദമായിരുന്നു. 2013 മെയ് 11-ന് കൃഷിമന്ത്രി കെ.പി.മോഹനന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസയോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

താനും പെരിയക്കാരനാണെന്നും അവിടെ ആരും എന്‍ഡോസള്‍ഫാന്‍ രോഗികളല്ലെന്നുമാണ് ഗംഗാധരന്‍ നായര്‍ വാദിച്ചത്. ഇതിനെതിരെ ജില്ലയില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,Endosulfan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.