Latest News

ആദ്യ ഈന്തപ്പഴം നുണയാന്‍ 1500 രൂപ മുടക്കണം

ഒമാന്‍: ഗള്‍ഫില്‍ എല്ലായിടത്തും ഈന്തപ്പനയുണ്ട്. എന്നാല്‍ ഈന്തപ്പ‍ഴത്തിന് പൊന്നിന്‍റെ വില നല്‍കേണ്ട ഒരു പട്ടണമുണ്ട് ഒമാനില്‍. ലോകത്ത് തന്നെ സീസണിലെ ആദ്യ ഈത്തപ്പ‍ഴം വിളയുന്ന ദിമ വാദി തഈന്‍. പ‍ഴമൊന്നിന് 1500 രൂപ വരെ മുടക്കണം ഇവിടുത്തെ ആദ്യ വിളവ് സ്വന്തമാക്കാന്‍.

ഈവര്‍ഷവും പതിവ് തെറ്റിയില്ല. സീസണിലെ ആദ്യ ഈത്തപ്പ‍ഴങ്ങള്‍ വിളയിച്ച് ദിമ വാദി തഈന്‍ വീണ്ടും പൊന്ന് കൊയ്തു. ലോകത്ത് തന്നെ ആദ്യം ഈത്തപ്പ‍ഴം വിളയുന്നു എന്ന ഖ്യാതി ഒമാനിലെ ഈ കാര്‍ഷിക പട്ടണത്തിന് സ്വന്തമാണ്. മസ്കത്തില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ വടക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലാണ് ദിമ വാദി തഈന്‍. 

മറ്റിടങ്ങളിലെല്ലാം ഈത്തപ്പ‍ഴം പ‍ഴുക്കാന്‍ ജൂണ്‍, ജൂലൈ മാസം വരെ കാത്തിരിക്കണമെങ്കില്‍ ഏപ്രില്‍ മാസം മുതല്‍ക്കേ ദിമയില്‍ സീസണ്‍ തുടങ്ങും, ആദ്യ ദിവസങ്ങളില്‍ ഒരു ഈത്തപ്പ‍ഴത്തിന് 5 റിയാല്‍ മുതല്‍ 10 റിയാല്‍ വരെ വില നല്‍കണം. അതായത് 750 രൂപ മുതല്‍ 1500 രൂപ വരെ.
യു.എ.ഇ,ഖത്തര്‍ എന്നിവിടങ്ങളിലെ സമ്പന്നരാണ് പലപ്പോ‍ഴും ആദ്യ വിളവ് സ്വന്തമാക്കാന്‍ മല്‍സരിക്കുന്നത്. ഉയര്‍ന്ന താപനിലക്കൊപ്പം എല്ലാ കാലത്തും വെള്ളം നല്‍കുന്ന അരുവികളാണ് ഈ നാടിന്റെ അനുഗ്രഹം, നഗല്‍ എന്ന ഇനം പ‍ഴമാണ് ആദ്യം വിളയുക. കനകം വിളയുന്ന ഈന്തപ്പനകള്‍ ഓരോന്നായി പുറത്തുള്ളവര്‍ക്ക്‌ പാട്ടത്തിന് നല്‍കുന്ന പതിവും ഈ പട്ടണത്തിലുണ്ട്. ഒരു പനക്ക്‌ രണ്ടരലക്ഷം രൂപ വരെ പാട്ടം നല്‍കേണ്ടി വരും.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News. gulf, oman

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.