Latest News

കടല്‍ക്ഷോഭം രൂക്ഷം; വീടുകള്‍ തകര്‍ന്നു

കാസര്‍കോട്: ചേരങ്കൈ, കസബകടപ്പുറം, തൃക്കണ്ണാട്, ചെന്പരിക്ക എന്നിവിടങ്ങളില്‍ കടലാക്രമണം രൂക്ഷമായി. മൂന്നു ദിവസമായി ഈ ഭാഗത്ത് കടല്‍ പ്രക്ഷുബ്ധമായിട്ട്. ഇതിനെത്തുടര്‍ന്ന് നിരവധി വീടുകള്‍ ഭീഷണിയിലാണ് ചേരങ്കൈയില്‍ 35 വീടുകളും കസബയില്‍ 15 വീടുകളും ഭീഷണിയിലായിട്ടുണ്ട്. 

ചേരങ്കൈയില്‍ കടല്‍ ഭിത്തി തകര്‍ന്നു. ഒരു വീടിന് വിള്ളല്‍ വീണു. 50ലേറെ തെങ്ങുകളും കാറ്റാടി മരങ്ങളും കടപുഴകി വീണു. ഈ ഭാഗത്തെ ആസ്യുമ്മയുടെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. മുഹമ്മദ് കുഞ്ഞിയുടെ വീടിനാണ് വിള്ളല്‍ വീണത്. റുഖിയ, ഇര്‍ഷാദ്, ബഷീര്‍, ഇബ്രാഹിം, ഹമീദ്, മൊയ്തീന്‍ കുഞ്ഞി, ഹനീഫ, ബുറാഖ്, മറിയം ബി, ഉമ്മര്‍, എന്നിവരുടേതടക്കം നിരവധി വീടുകളും അപകട ഭീഷണിയിലാണ്.
കസബ കടപ്പുറത്തും അടുക്കത്ത്ബയല്‍ കടപ്പുറത്തും കടലാക്രമണം രൂക്ഷമായതിനാല്‍ തീരദേശവാസികള്‍ ഭീഷണി നേരിടുകയാണ്. ലൈറ്റ് ഹൌസിന് സമീപത്തെ കടല്‍ഭിത്തികള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ഈ ഭാഗത്ത് 50ലധികം വീടുകള്‍ ഭീഷണിയിലാണ്.
തൃക്കണ്ണാട് നാരായണന്‍റെ വീടിന്‍റെ അടിത്തറയുടെ ഒരു ഭാഗം തകര്‍ന്നു. ചെന്പരിക്ക, കോട്ടിക്കുളം, ബേക്കല്‍, കുന്പള, മൊഗ്രാല്‍, കൊപ്പളം, ഉപ്പള, മുസ്സോടി, മഞ്ചേശ്വരം, പൊസബെട്ടു തുടങ്ങിയ തീരദേശപ്രദേശങ്ങളും കടലാക്രമണ ഭീഷണിയിലാണ്. കാഞ്ഞങ്ങാട് ചിത്താരി അഴീക്കല്‍ കടപ്പുറത്തെ 36 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. 33 വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്.
കഴിഞ്ഞ ദിവസം ജില്ലാ കലക്ടര്‍ മുഹമ്മദ് സഗീര്‍ കടലാക്രമണ ഭീഷണി നേരിടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കടലാക്രമണത്തിന് പുറമെ ട്രോളിങ്ങ് നിരോധനവും കാരണം മത്സ്യതൊഴിലാളികള്‍ ദുരിതമനുഭവിക്കുകയാണ്.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.