Latest News

ചെയര്‍പേഴ്‌സണ്‍: സി പി എം കുതിരക്കച്ചവടത്തിനില്ല; ജാനകിക്കുട്ടി സ്ഥാനാര്‍ത്ഥി

കാഞ്ഞങ്ങാട് : ജൂണ്‍ 30 ന് നടക്കാനിരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ സി ജാനകിക്കുട്ടി സി പി എം പ്രതിനിധിയായി മത്സരിക്കും. നിലവില്‍ കൗണ്‍സിലിലെ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജാനകിക്കുട്ടിയെ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം ധാരണയിലെത്തി.

ചെയര്‍പേഴ്‌സണ്‍ വിഷയത്തില്‍ യാതൊരുവിധ കുതിരക്കച്ചവടത്തിനും മുതിരേണ്ടെന്ന് സി പി എം നേതൃത്വം തീരുമാനിച്ചിട്ടുണ്ട്. നിലവിലുള്ള നഗരസഭാ കൗണ്‍സിലിന്റെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷവും രണ്ട് മാസവും മാത്രമാണ് ബാക്കിയുള്ളത്. മത്സ്യമാര്‍ക്കറ്റും മാലിന്യ പ്രശ്‌നവും ഉള്‍പ്പെടെ ഇനിയും പരിഹാരം കണ്ടിട്ടില്ലാത്ത ഒട്ടേറെ പ്രശ്‌നങ്ങള്‍ ബാക്കി നില്‍ക്കെ ഒരു വര്‍ഷക്കാലത്തേക്ക് അധികാരം പിടിച്ചെടുക്കേണ്ട കാര്യമില്ലെന്നാണ് സി പി എം നേതൃത്വത്തിന്റെ വിലയിരുത്തല്‍. ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള സാഹചര്യത്തില്‍ സി പി എമ്മിന് ഭൂരിപക്ഷമില്ല.
കോണ്‍ഗ്രസ് പുറത്താക്കിയ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, ഐ എന്‍ എല്‍ പ്രതിനിധി സുലൈഖ എന്നിവരെ ഒപ്പം കൂട്ടിയാലും യു ഡി എഫിനെ മറികടക്കാനുള്ള ഭൂരിപക്ഷമാവില്ല. നിലവിലുള്ള ഭരണ സമിതിക്കെതിരെ ഒട്ടേറെ അഴിമതി ആരോപണങ്ങളാണ് നാളുകളായി സി പി എം ഉയര്‍ത്തി വന്നത്. ഭരണ സമിതിക്ക് നേതൃത്വം നല്‍കിയ പ്രഭാകരന്‍ വാഴുന്നോറടിയുടെ സഹായം തേടുന്നതിലും സി പി എമ്മിന് താല്‍പ്പര്യക്കുറവുണ്ട്.
ഈ സാഹചര്യത്തിലാണ് കുതിരക്കച്ചവടത്തിലൂടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വേണ്ടെന്ന് പാര്‍ട്ടി നേതൃത്വം ധാരണയിലെത്തിയത്. ഇതേ സമയം യു ഡി എഫ് സ്ഥാനാര്‍ത്ഥിക്കെതിരെ സി പി എം പ്രതിനിധിയായ ജാനകിക്കുട്ടിയെ മത്സരിപ്പിക്കുകയും ചെയ്യും. ഇതനുസരിച്ച് അട്ടിമറിയൊന്നും നടന്നില്ലെങ്കില്‍ യു ഡി എഫിന് തന്നെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം നിലനിര്‍ത്താന്‍ കഴിയും. യു ഡി എഫ് ക്യാമ്പില്‍ പ്രഭാകരനെ ഒഴിച്ചു നിര്‍ത്തിയാല്‍ 20 അംഗങ്ങളാണുള്ളത്.
ഇതിനിടെ പുതിയ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി എന്നിവരുടെ സാന്നിധ്യത്തില്‍ ഇന്നലെ ഹൊസ്ദുര്‍ഗ് അതിഥി മന്ദിരത്തില്‍ ചേര്‍ന്ന യു ഡി എഫ് നേതൃയോഗത്തില്‍ അനൗപചാരിക ചര്‍ച്ച നടത്തി. 

മുസ്‌ലിം ലീഗ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നാല്‍ കോണ്‍ഗ്രസിനോ സോഷ്യലിസ്റ്റ് ജനതയുടെ ഏക പ്രതിനിധിയായ കെ ദിവ്യക്കോ നറുക്ക് വീഴാനും സാധ്യതയുണ്ട്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാന്‍ ഡി സി സി പ്രസിഡണ്ട് അഡ്വ. സി കെ ശ്രീധരന്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം സി ഖമറുദ്ദീന്‍, സോഷ്യലിസ്റ്റ് ജനതാ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കോരന്‍ മാസ്റ്റര്‍ എന്നിവരടങ്ങുന്ന സബ് കമ്മിറ്റിയും നിലവില്‍ വന്നിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.