Latest News

മലയോരത്ത് ആവേശത്തിന്റെ മലകീഴടക്കാന്‍ ബ്രസൂക്ക

ബന്തടുക്ക: ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന് ഒന്പത് ദിവസത്തിന്റെ ദൂരം ബാക്കി. എങ്കിലും മലയോരത്ത് കാല്‍പ്പന്ത് കളിയുടെ മാമാങ്കത്തിന്റെ ആരവം അലയടിച്ചെത്തി. ലോകകപ്പ് മത്സരത്തില്‍ ബ്രസീലില്‍ ഉരുളുന്ന പന്തായ ബ്രസൂക്കയ്‌ക്കൊപ്പമാണ് മലയോരത്തിന്റെ മനസ്സിപ്പോള്‍. ബേഡകത്തെ ബി.കെ.റഹീമിന് ബ്രസീലിലുള്ള സുഹൃത്ത് ജോമോനാണ് ബ്രസൂക്ക അയച്ചുകൊടുത്തത്. ബേഡകം വിന്നേഴ്‌സ് ക്ലബ്ബ് ഇപ്പോള്‍ ബ്രസൂക്കയുടെ സാംബാ താളത്തിലാണ് കളിക്കളത്തില്‍ നിറഞ്ഞാടുന്നത്.

കോച്ച് പി.ബാബുവിന്റെ നിദേശങ്ങള്‍ക്ക് കാതോര്‍ത്ത് നവി, സനോജ്, സായി, അച്ചു, അഖില്‍, അബി, കണ്ണന്‍, ഗിരീഷ്, റഹീം, ഹരീഷ് പേര്യ എന്നിവരെല്ലാം ബ്രസൂക്ക തൊട്ടുവണങ്ങിയാണ് കളിക്കാനിറങ്ങുന്നത്. 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ കളിക്കാനുപയോഗിച്ച ജബുലാനിയും റഹീമിന്റെ ശേഖരത്തില്‍ ഉണ്ട്.
സ്വര്‍ണക്കപ്പില്‍ ബ്രസീല്‍ ഇക്കുറി മുത്തംവെക്കുമെന്നതില്‍ റഹീമിനും കൂട്ടര്‍ക്കും സംശയമില്ല. റൊണാള്‍ഡോയും റൊണാള്‍ഡീന്യോയും കാര്‍ലോസും ഇല്ലെങ്കിലും നെയ്മര്‍ മാത്രം മതി കപ്പെടുക്കാനെന്ന് റഹീം പറയുന്നു. എന്നാല്‍, റഹീമിന്റെ വാക്കുകളുടെ കിക്ക് ചവിട്ടിനിര്‍ത്തുകയാണ് മെസിയുടെ ആരാധകര്‍. ലയണല്‍ മെസി നല്‍കുന്ന പോസിറ്റീവ് എനര്‍ജി ഉണ്ടെങ്കില്‍ അര്‍ജന്റീനയിലേക്ക് സ്വര്‍ണക്കപ്പ് പറക്കുമെന്നവര്‍ ഉറച്ചുവിശ്വസിക്കുന്നു.
ഇംഗ്ലണ്ടിനും ഇറ്റലിക്കും ആരാധകരുണ്ട് മലമടക്കുകളില്‍. ബെലോട്ടെല്ലിയും റൂണിയും ഇവരുടെ കൂട്ടുകളിക്കാരെപ്പോലെയാണ്. അഭിപ്രായത്തില്‍ വ്യത്യസ്തരെങ്കിലും ഒരു ജേഴ്‌സിയണിഞ്ഞ് കളത്തിലിറങ്ങിക്കഴിഞ്ഞാല്‍ ബേഡകം വിന്നേഴ്‌സ്, വിന്നേഴ്‌സ് മാത്രമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.