Latest News

ബാറിന് എന്‍.ഒ.സി; കാഞ്ഞങ്ങാട് നഗരസഭയിലെ 11 ലീഗ് കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ

കാസര്‍കോട്: ലീഗിന്റെ പ്രഖ്യാപിത നയത്തിനു വിരുദ്ധമായി സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ ബാറിനു ലൈസന്‍സ് അനുവദിക്കാന്‍ എന്‍.ഒ.സി. നല്‍കിയ സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് നഗരസഭയിലെ 11 ലീഗ് കൗണ്‍സിലര്‍മാരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ജില്ലാ കമ്മിറ്റി യോഗം സംസ്ഥാന പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്തു. കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ നടന്ന ജില്ലാ ലീഗ് കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം.

വിവാദ ബാറിന് എന്‍.ഒ.സി. നല്‍കിയതുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ലീഗ് മൂന്നംഗ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ലീഗ് ജില്ലാ ഖജാഞ്ചി എ അബ്ദുര്‍റഹ്മാന്‍, വൈസ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി എ ജി സി ബഷീര്‍ എന്നിവര്‍ സമര്‍പ്പിച്ച റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലീഗ് കമ്മിറ്റി പിരിച്ചുവിടാനും മണ്ഡലം ലീഗ് ജനറല്‍ സെക്രട്ടറി എം പി ജാഫറിനെ സസ്‌പെന്‍ഡ് ചെയ്യാനും കമ്മിറ്റി തീരുമാനിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ടി അബൂബക്കര്‍ ഹാജി എന്നിവരെ തല്‍സ്ഥാനത്തുനിന്നു നീക്കണമെന്നും സംസ്ഥാന പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്തതായി ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുല്ല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കഴിഞ്ഞ മാസം 28നു ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ബി.ജെ.പി. മുന്‍ കൗണ്‍സിലറുടെ ഉടമസ്ഥതയിലുള്ള ബാറിന് അനുമതി നല്‍കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം ഏകകണ്ഠമായി തീരുമാനിച്ചത്. ഇതു വിവാദമായതിനെ തുടര്‍ന്ന് നഗരസഭയിലും ലീഗിലും പ്രതിസന്ധി രൂക്ഷമായിരുന്നു. കഴിഞ്ഞ മാസം ചേര്‍ന്ന ലീഗ് ജില്ലാ കമ്മിറ്റി യോഗം കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണെയും കൗണ്‍സില്‍ അംഗങ്ങളെയും ശാസിച്ചിരുന്നു. ഇതിനു ശേഷമാണ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്.

ഈ പ്രമേയത്തിന് അനുകൂലമായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസ്സിലെ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, കൗണ്‍സിലര്‍ അജയകുമാര്‍ എന്നിവരെ കെ.പി.സി.സി. പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കോണ്‍ഗ്രസ് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹം കാഞ്ഞങ്ങാട്ടെത്തി തെളിവെടുപ്പ് നടത്തി. ഈ റിപോര്‍ട്ട് കെ.പി.സി.സി. പ്രസിഡന്റിനു കൈമാറും.

ലീഗിലെ ഗ്രൂപ്പിസം മൂലമാണ് ചെയര്‍പേഴ്‌സണ്‍ വിവാദ ബാറിന് അനുമതി നല്‍കാന്‍ കൂട്ടുനിന്നതെന്നാണ് സൂചന. അതേസമയം, നഗരസഭാ ചെയര്‍പേഴ്‌സണായ വനിതയെ നാലു മണിക്കൂറോളം ബി.ജെ.പി.-സി.പി.എം. കൗണ്‍സിലര്‍മാര്‍ ഉപരോധിച്ചിട്ടും ഇതിനെതിരേ പരാതി നല്‍കാന്‍ പോലും ലീഗ് നേതൃത്വം തയ്യാറായിരുന്നില്ല. 

ഹസീന താജുദ്ദീന്റെ നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതി അധികാരമേറ്റതു മുതല്‍ കാഞ്ഞങ്ങാട്ടെ ലീഗില്‍ ഗ്രൂപ്പിസം രൂക്ഷമായിരുന്നു. മുന്‍ ചെയര്‍മാന്‍ അഡ്വ. എന്‍ എ ഖാലിദിനെ അനുകൂലിക്കുന്ന ഒരു വിഭാഗം നഗരസഭ നടപ്പാക്കുന്ന പദ്ധതികള്‍ വിവാദത്തിലാക്കാന്‍ ശ്രമം നടത്തിയിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ട മണ്ഡലം സെക്രട്ടറി എം പി ജാഫറിന്റെ ബന്ധുവാണ് ഹസീന താജുദ്ദീന്‍. എം പി ജാഫര്‍ അനധികൃതമായി നഗരസഭാ കാര്യങ്ങളില്‍ ഇടപെടുന്നുവന്ന ആരോപണവും ഉയര്‍ന്നിരുന്നു.

യു.ഡി.എഫ്. ഭരിച്ചിരുന്ന കാഞ്ഞങ്ങാട് നഗരസഭയില്‍ കോണ്‍ഗ്രസ്സിലെയും ലീഗിലെയും കൗണ്‍സിലര്‍മാര്‍ക്കെതിരേ പാര്‍ട്ടിനേതൃത്വങ്ങള്‍ നടപടി സ്വീകരിച്ചതോടെ ഭരണം നഷ്ടപ്പെടുമെന്നു അവസ്ഥയുണ്ട്. എല്‍.ഡി.എഫും ബി.ജെ.പിയും നഗരസഭാ ചെയര്‍പേഴ്‌സണെതിരേ ബഹിഷ്‌കരണം തുടരുകയാണ്.

യു.ഡി.എഫ്. ഭരണസമിതിക്കെതിരേ അവിശ്വാസം കൊണ്ടുവരാന്‍ സി.പി.എം-ബി.ജെ.പി. നഗരസഭാ കമ്മിറ്റികള്‍ തീരുമാനിച്ചെങ്കിലും സി.പി.എം. ജില്ലാ നേതൃത്വം ഇതിന് അനുമതി നല്‍കിയില്ല.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, muslim Leegu, Kanhangad, Bar, Noc,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.