കാഞ്ഞങ്ങാട്: ഒരു ഭാഗത്ത് ന്യൂന പക്ഷ ക്ഷേമത്തിനുവേണ്ടി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടത്തുമ്പോള്‍ അതിനെ തളര്‍ത്താനും നീതി നിഷേധിക്കാനും അവകാശങ്ങള്‍ ഹനിക്കാനും പിഴവ് എന്ന പേരുപറഞ്ഞ് ഉദ്യോഗസ്ഥന്‍മാര്‍ ശ്രമിക്കുന്നത് തികഞ്ഞ ന്യൂനപക്ഷ വിരുദ്ധ നടപടിയും അവകാശ നിഷേധവുമാണെന്ന് ന്യൂനപക്ഷ വികസന സമിതി ജില്ലാ ചെയര്‍മാന്‍ മെട്രോമുഹമ്മദ് ഹാജി സംസ്ഥാന മൈനോറിറ്റി കമ്മീഷന്‍ മുമ്പാകെ നല്‍കിയ നിവേദനത്തില്‍ പരാതിപ്പെട്ടു.
കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കിവരുന്ന മദ്രസ്സാ നവീകരണ സ്‌കീം അനുസരിച്ച് 2013-14 വര്‍ഷത്തെ ഗ്രാന്റിനത്തില്‍ ആദ്യ ഗഡുവായി 9069000 രൂപ ജില്ലയിലെ 42 മദ്രസ്സകള്‍ക്ക് 2013 സെപ്തംബറില്‍ ലഭിച്ചിരുന്നു. അധ്യാപകരുടെ ശമ്പളം ലൈബ്രറി, കമ്പ്യൂട്ടര്‍ ,ലാബ് ഉപകരണങ്ങള്‍ എന്നിവയ്ക്കാണ് ഗ്രാന്റ് സംഖ്യ ചിലവഴിക്കുന്നത്. മൊത്തം ഒരു വര്‍ഷത്തെ ഗ്രാന്റിനത്തില്‍ പകുതി മാത്രമാണ് അന്ന് വിതരണം ചെയ്തിരുന്നത്. രണ്ടാംഗഡു ബാക്കി സംഖ്യ 9069000 രൂപ മെയ് 31 ന് തൃശൂരില്‍ വെച്ച് വിതരണം ചെയ്യുമെന്ന് അറിയിപ്പുണ്ടായി.
എന്നാല്‍ പ്രസ്തുത സംഖ്യക്ക് പകരം 5936500 രൂപയായിരുന്നു സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചത്. 3132500 രൂപ ഈ ഇനത്തില്‍ കുറവു വന്നു. ശമ്പളം വകയില്‍ മുഴുവന്‍ സംഖ്യ അനുവദിച്ചപ്പോള്‍ ലൈബ്രറി, ലാബ്,കമ്പ്യൂട്ടര്‍ എന്നിവയ്ക്ക് ഒരു രൂപയും വകയിരുത്തിയില്ല. മറ്റ് 13 ജില്ലകള്‍ക്കും പൂര്‍ണ്ണമായും ഫണ്ട് നല്‍കിയപ്പോള്‍ കാസര്‍കോട് ജില്ലയിലെ 42 മദ്രസ്സകള്‍ക്ക് അര്‍ഹതപ്പെട്ട അവകാശം നിഷേധിക്കപ്പെട്ടു. അന്വേഷിച്ചപ്പോള്‍ കാസര്‍കോട് ഡി ഡി ഡി ഓഫീസില്‍ നിന്നും സംബന്ധിച്ച പിഴവ് കാരണമാണ് ഫണ്ടിന്റെ ലഭ്യതയില്‍ വന്ന കുറവിന് കാരണമെന്ന് മനസ്സിലായി.
അതേ സമയം ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നു വരുന്ന പിഴവ് ആദ്യത്തെ സംഭവമല്ല. ഗ്രാന്റിന് ശുപാര്‍ശ ചെയ്ത മദ്രസ്സകളുടെ ലിസ്റ്റ് തയ്യാറാക്കിയ പ്പോള്‍ തന്നെ അട്ടിമറി നടക്കുകയാണുണ്ടായത്. ആകെ 152 അപേക്ഷകള്‍ കിട്ടിയിരുന്നതില്‍ 91 മദ്രസ്സകള്‍ എല്ലാ നിബന്ധനകളും പാലിച്ചതായിരുന്നു. പക്ഷെ 42 മദ്രസ്സകള്‍ക്കായിരുന്നു ശുപാര്‍ശ. ഇക്കാര്യം പരാതി രൂപത്തില്‍ സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പ്പെടുത്തുകയും പരാതി ശരിയാണെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമാവുകയും ചെയ്തു.
ഡി ഡി ഓഫിസിലെ ജീവനക്കാര്‍ക്ക് പറ്റിയ വീഴ്ചയാണ് കാരണമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടര്‍ വിദ്യാഭ്യാസ വകുപ്പിന് റിപ്പോര്‍ട്ട് നല്‍കി. ഇക്കാരണത്താല്‍ ജില്ലയിലെ 49 മദ്രസ്സകള്‍ക്ക് കിട്ടേണ്ട രണ്ടരകോടിയുടെ ഗ്രാന്റ് ഇതോടെ നഷ്ടപ്പെട്ടു. ഇക്കാര്യത്തില്‍ കമ്മീഷന്‍ അടിയന്തിരമായി ഇടപെടുകയും നഷ്ടപ്പെട്ട ഫണ്ട് തിരികെ ലഭിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കുകയും ചെയ്യുന്നതോടൊപ്പം ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇക്കാര്യം പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും നിവേദനത്തില്‍ പറഞ്ഞു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment