Latest News

പട്ടികവര്‍ഗ വികസനത്തിന് പതിനാല് പഞ്ചായത്തുകള്‍ ദത്തെടുക്കും - മന്ത്രി പി.കെ.ജയലക്ഷ്മി

പെരിയ: സംസ്ഥാനത്ത് പട്ടികവര്‍ഗ ജനസംഖ്യ കൂടുതലുള്ള പതിനാല് പഞ്ചായത്തുകള്‍ ദത്തെടുത്ത് സമഗ്ര വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി പറഞ്ഞു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. വീടില്ലാത്ത മുഴുവന്‍ പട്ടികവര്‍ഗ കുടംബങ്ങള്‍ക്കും വീട് നിര്‍മ്മിച്ചു നല്‍കും. പട്ടികവര്‍ഗ വകുപ്പ്, കുടംബശ്രീ,ദേശീയ ഗ്രാമീണതൊഴിലുറപ്പു പദ്ധതി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രത്യേക ഊരുകൂട്ടം വിളിച്ചു ചേര്‍ക്കുമെന്ന് മന്ത്രി പറഞ്ഞു. രണ്ടു വര്‍ഷത്തിനകം വീടുകള്‍ പൂര്‍ത്തിയാക്കും. പഞ്ചായത്തുകള്‍ ഗുണഭോക്തൃ പട്ടിക നല്‍കണം.

സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പ് 8.5 ലക്ഷം രൂപ ഉപയോഗിച്ച് പുല്ലൂര്‍-പെരിയഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ മാടത്തില്‍ കോളനിയില്‍ നിര്‍മ്മിച്ച കമ്മ്യൂണിറ്റി ഹാളും ലൈബ്രറിയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

ദുര്‍ഘടമായ മേഖലകളിലെ കുട്ടികള്‍ക്ക് പഠന സൗകര്യം ഒരുക്കുന്ന ഗോത്രസാരഥി പദ്ധതിക്ക് ജൂണില്‍ തന്നെ ഫണ്ട് അനുവദിക്കും. പട്ടികവര്‍ഗ വിഭാഗത്തില്‍ അമ്മമാരുടെയും നവജാത ശിശുക്കളുടെയും സംരക്ഷണത്തിനുള്ള ജനനീജന്മരക്ഷാ പദ്ധതി വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്തിലെ കോളനികളിലേക്കുള്ള നാല് റോഡുകള്‍ ഗതാഗത യോഗ്യമാക്കുന്നതിനും കമ്മ്യൂണിറ്റി ഹാളിനും എസ്റ്റിമേറ്റ് ലഭിച്ചാലുടന്‍ പട്ടികവര്‍ഗ വകുപ്പ് ഫണ്ട് അനുവദിക്കും. കോളനികളില്‍ ഘട്ടംഘട്ടമായി വലിയ മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.
കെ.കുഞ്ഞിരാമന്‍ എം.എല്‍.എ. (ഉദുമ) അധ്യക്ഷത വഹിച്ചു. പുല്ലൂര്‍-പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷന്‍, വൈസ് പ്രസിഡണ്ട് വിമല കുഞ്ഞിക്കണ്ണന്‍, സ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍മാരായ കെ.കല്ല്യാണി, കരീം കുണിയ, പഞ്ചായത്ത് മെമ്പര്‍ പി.മാധവന്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.രാജന്‍, പട്ടികവര്‍ഗ വര്‍ക്കിംഗ് ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ എച്ച്.മാധവന്‍, ഊരുമൂപ്പന്‍ കെ.പി.കൃഷ്ണന്‍, പെരിയ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി.ഗംഗാധരന്‍ നായര്‍ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.രാമകൃഷ്ണന്‍, പി.കൃഷ്ണന്‍, കെ.കുഞ്ഞിരാമന്‍, മുസ്തഫപാറപള്ളി, എ.ഡി.എസ്.പ്രസിഡണ്ട് എ.കാര്‍ത്ത്യായനി, എം.അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. 

ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചടങ്ങില്‍ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ പട്ടികവര്‍ഗ വിദ്യാര്‍ത്ഥിനി കാട്ടുമാടം കോളനിയിലെ രമ്യാരാമനെ മന്ത്രി പി.കെ.ജയലക്ഷ്മി ഉപഹാരം നല്‍കി ആദരിച്ചു.




Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.