Latest News

ബീച്ചില്‍ പാര്‍ക്കിങ്‌ ഫീസ്‌ ഈടാക്കിയ പതിനേഴുകാരന്‌ പോലീസിന്റെ മൂന്നാംമുറ

ആലപ്പുഴ : ആലപ്പുഴ ബീച്ചില്‍ പാര്‍ക്കിങ്‌ ഫീസ്‌ ഈടാക്കിയതിന്‌ പതിനേഴുകാരന്‌ പോലീസിന്റെ ക്രൂര മര്‍ദ്ദനം. ആലപ്പുഴ തിരുവമ്പാടി സ്വദേശി അരുണ്‍കുമാറാണ്‌ പോലീസ്‌ സ്‌റ്റേഷനില്‍ ക്രൂര മര്‍ദ്ദനത്തിനിരയായത്‌.

ആലപ്പുഴ സൗത്ത്‌ പോലീസ്‌ സ്‌റ്റേഷനിലാണ്‌ സംഭവം. ബീച്ചില്‍ വാഹനം പാര്‍ക്കുചെയ്‌ത വനിതാ കോണ്‍സ്‌റ്റബിളിന്റെ ഭര്‍ത്താവില്‍ നിന്ന്‌ പാര്‍ക്കിങ്‌ ഫീസ്‌ ഈടാക്കിയതാണ്‌ പോലീസിന്റെ ഭാഗത്തു നിന്നുള്ള പ്രകോപനത്തിന്‌ കാരണമെന്ന്‌ കുട്ടിയുടെ മാതാവ്‌ ആരോപിച്ചു. ബീച്ചില്‍ നിന്നും കുട്ടിയെ ബലമായി കൂട്ടിക്കൊണ്ടുപോയ പോലീസുകാര്‍ വനിതാ പോലീസിന്റെ ഭര്‍ത്താവിനോട്‌ ഇനി പാര്‍ക്കിംഗ്‌ ഫീസ്‌ ഈടാക്കുമോ എന്ന്‌ ചോദിച്ചാണ്‌ മര്‍ദ്ദിച്ചതെന്ന്‌ അരുണ്‍ കുമാര്‍ പറഞ്ഞു. തുടര്‍ന്ന്‌ സ്‌റ്റേഷനിലെത്തിയ മാതാപിതാക്കള്‍ക്കൊപ്പം തന്നെ വിട്ടയച്ചു.

ആശുപത്രിയില്‍ ചികിത്സയിലുള്ള അരുണ്‍ കുമാറിന്റെ തോളെല്ലിനും കാലിനും പരുക്കേറ്റിട്ടുണ്ട്‌. ജനനേന്ദിയത്തിലും മര്‍ദ്ദനത്തില്‍ പരുക്കേറ്റിട്ടുണ്ടെന്ന്‌ ഡോക്‌ടര്‍മാര്‍ വ്യക്‌തമാക്കി.

എന്നാല്‍, ബീച്ചിലെത്തിയ ഒരു പെണ്‍കുട്ടിയെ ശല്യം ചെയ്‌ത സംഭവത്തില്‍ അരുണ്‍ കുമാറിനെ സ്‌റ്റേഷനിലേയ്‌ക്ക് വിളിപ്പിച്ചിരുന്നുവെന്നും ചോദ്യം ചെയ്‌ത് വിട്ടയയ്‌ക്കുക മാത്രമാണ്‌ ചെയ്‌തതതെന്നുമാണ്‌ പോലീസ്‌ നല്‍കുന്ന വിശദീകരണം.

സംഭവവുമായി ബന്ധപ്പെട്ട്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തലയ്‌ക്കും പോലീസ്‌ മേധാവിയ്‌ക്കും ജില്ലയിലെ ജനപ്രതിനിധികള്‍ക്കും കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്‌.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.