Latest News

കോസ്റ്ററീക ഇന്‍; ഇംഗ്ളണ്ട് ഒൗട്ട്

റിയോ ഡെ ജനീറോ: ഇറ്റലിയുടെ ജയത്തിനായി പ്രാര്‍ഥിച്ച ഇംഗ്ളണ്ടിനു മേല്‍ അവസാന ആണിയും അടിച്ചുകയറ്റി കോസ്റ്ററീക്ക ഗ്രൂപ് ‘ഡി’യില്‍ നിന്നും പ്രീക്വാര്‍ട്ടറിലേക്ക്. കരുത്തരായ ഇറ്റലിയെ മറുപടിയില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് കോസ്റ്ററീക പ്രമുഖര്‍ അണിനിരന്ന ഗ്രൂപില്‍ നിന്നും തുടര്‍ച്ചയായ രണ്ടാം ജയവുമായി മുന്നേറിയത്.

ഉറുഗ്വായിക്കെതിരെ വന്‍ മാര്‍ജിനില്‍ ജയം നേടിയപ്പോഴും ഇറ്റലിക്കെതിരെ അതേ മാര്‍ജിനില്‍ തോല്‍വിയാണ് കളിയെഴുത്തുകാര്‍ കോസ്റ്ററീകക്ക് വിധിച്ചത്. പക്ഷേ, ആവേശം അണപൊട്ടിയ ഉജ്ജ്വല പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഇറ്റലിയെ നായകന്‍ ബ്രയാന്‍ റൂയിസ് നേടിയ ഏക ഗോളിന് മുക്കി കോസ്റ്ററീക ഗ്രൂപില്‍ നിന്നും പ്രീ ക്വാര്‍ട്ടറില്‍ കടക്കുന്ന ആദ്യ ടീമായി.
ആദ്യ വിസില്‍ മുഴങ്ങിയ നിമിഷം മുതലേ ആക്രമണ ഫുട്ബാളിന്‍െറ ചാരുതയാര്‍ന്ന നീക്കങ്ങളുമായി കളംനിറഞ്ഞ മധ്യ അമേരിക്കന്‍ ടീം തന്നെയാണ് പ്രഥമ അവസരം തുറന്നത്. അഞ്ചാം മിനിറ്റിലെ ഫ്രീകിക്കിനു പിന്നാലെ എട്ടാം മിനിറ്റില്‍ ലഭിച്ച കോര്‍ണര്‍ ഇറ്റാലിയന്‍ ഗോളി ബഫണ്‍ സ്ഥാനം തെറ്റിനില്‍ക്കെ ബൊര്‍ഗെസ് ഹെഡ് ചെയ്തത് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. തൊട്ടടുത്ത നിമിഷം ഇറ്റലി തിരിച്ചടിച്ചെങ്കിലും അനുകൂലമായി ലഭിച്ച കോര്‍ണര്‍ കാര്യമായ ചലനമുണ്ടാക്കിയില്ല. ബഫണ്‍ നടത്തിയ മിന്നും സേവുകളുടെ കരുത്തില്‍ പിടിച്ചുനിന്ന ഇറ്റലിക്കുവേണ്ടി 21ാം മിനിറ്റില്‍ മരിയോ ബലോട്ടെല്ലി ഒറ്റക്കു ഡ്രിബ്ള്‍ ചെയ്ത് കൊണ്ടുവന്ന പന്ത് അപകടം മണത്തെങ്കിലും പെനാല്‍റ്റി ഏരിയയില്‍ കോസ്റ്ററീകന്‍ പ്രതിരോധ താരം തട്ടിത്തെറിപ്പിച്ച് അപകടമൊഴിവാക്കി.
ഇതോടെ, കളിയില്‍ തിരിച്ചത്തെിയ ഇറ്റലിയുടെയും ബലോട്ടെല്ലിയുടെയും മാത്രം മുന്നേറ്റങ്ങളായിരുന്നു പിന്നീട്. 31ാം മിനിറ്റില്‍ മധ്യനിരയില്‍ നിന്ന് ആന്ദ്രെ പിര്‍ലോ നീട്ടിനല്‍കിയ മനോഹരമായ പാസ് കാലില്‍ സ്വീകരിച്ച ബലോട്ടെല്ലി ഗോളി മാത്രം മുന്നില്‍ നില്‍ക്കെ അശ്രദ്ധമായി വശത്തേക്ക് തട്ടിയിട്ടു. ഗോളിക്കു മുകളിലൂടെ ഉയര്‍ത്തിയിടാനുള്ള ശ്രമമാണ് പരിഹാസ്യമായി പുറത്തേക്കുപോയത്. അധികമാവും മുമ്പെ ബലോട്ടെല്ലി-പിര്‍ലോ കൂട്ടുകെട്ട് ഒരിക്കല്‍കൂടി ഇറ്റലിയെ മുന്നിലത്തെിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി. ഇതിനിടെ, പന്തുമായി ഒറ്റക്കു കുതിച്ച കോസ്റ്ററീകന്‍ താരം കാംപ്ബെല്ലിനെ ഇറ്റാലിയന്‍ പെനാല്‍റ്റി ഏരിയയില്‍ രണ്ടു പേര്‍ ചേര്‍ന്ന് ഇടിച്ചിട്ടത് റഫറി കണ്ടില്ളെന്നു നടിച്ചത് കൗതുകമായി.

റഫറി നല്‍കാത്തത് കളിച്ചുനേടാന്‍ നിശ്ചയിച്ചുറച്ചവര്‍ക്ക് അടുത്ത നിമിഷംതന്നെ ഗോളുമത്തെി.
ഇടതുവശത്തുനിന്ന് ബോക്സിലേക്ക് ഡയസ് നല്‍കിയ മനോഹരമായ ക്രോസ്, ക്യാപ്റ്റന്‍ റൂയിസ് ഉയര്‍ന്നുചാടി പോസ്റ്റിന്‍െറ മുകളിലേക്ക് ഹെഡ് ചെയ്തിടുമ്പോള്‍ നാലാം ലോകകപ്പ് കളിക്കുന്ന ബഫണ്‍ കാഴ്ചക്കാരന്‍ മാത്രമായി. ആദ്യം ബാറിലിടിച്ചു വീണ പന്ത് ഗോള്‍ലൈന്‍ ടെക്നോളജിയുടെ അടിസ്ഥാനത്തിലാണ് ഗോളെന്നു വിധിച്ചത്.
രണ്ടാം പകുതിയുടെ തുടക്കം മുതലേ എങ്ങനെയും ഗോള്‍ മടക്കാനുറച്ച് അസൂറികള്‍ ആക്രമണത്തിന്‍െറ പെരുമഴ തീര്‍ത്തെങ്കിലും ലക്ഷ്യത്തിനരികെ എല്ലാം പിഴച്ചു.
റഫറിയുടെ തെറ്റായ തീരുമാനങ്ങളും കടുത്ത പക്ഷപാതം തോന്നിക്കുന്ന സമീപനവും എതിരായിട്ടും ടൂര്‍ണമെന്‍റിലെ കറുത്ത കുതിരകളായി ഗ്രൂപ്പിലെ രണ്ടാം ജയവുമായാണ് കോസ്റ്ററീക പ്രീ ക്വാര്‍ട്ടറില്‍ സീറ്റുറപ്പിച്ചത്.

Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, FIFA World Cup 2014

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.