Latest News

ഏറെ സ്വപ്നങ്ങള്‍ ബാക്കിവെച്ച് മുബഷീറടീച്ചര്‍ യാത്രയായി

കോഴിക്കോട്‌ : വള്ളിക്കുന്ന് ബസപകടത്തില്‍ മരണപ്പെട്ട മുബഷീറയോടൊപ്പം അവസാനിച്ചത് ഒരു കുടുംബത്തിന്റെ നിറമുള്ള സ്വപ്നങ്ങള്‍ കൂടിയായിരുന്നു. വറുതിയും, പട്ടിണിയും ഒഴിഞ്ഞ്മാറാത്ത കടലോര ഗ്രാമമായ ചാലിയത്ത് വളരെ പാവപ്പെട്ട കുടുംബത്തില്‍ നിന്നും ടി ടി സി പഠനം പൂര്‍ത്തിയാക്കി അധ്യാപക ലോകത്തേക്ക് കടന്നുവന്നയാളായിരുന്നു പഞ്ചാരന്റെ പുരക്കല്‍ മുഹമ്മദിന്റെ മകള്‍ മുബഷീറ.

കഴിഞ്ഞ വര്‍ഷം ടി ടി സി പാസായ മുബഷീറ ഈ അധ്യയന വര്‍ഷം മുതലാണ് പരപ്പനങ്ങാടി തഅ്‌ലീമുല്‍ഹൈസ്‌കൂളില്‍ ജോലിക്ക് ചേര്‍ന്നത് .വി്ദ്യഭ്യാസവും തൊഴിലും നേടി സ്വന്തം കാലില്‍ നില്‍ക്കാനുള്ള ആര്‍ജവം നേടുന്ന മലബാറിലെ പുതിയ പെണ്‍കുട്ടികളുടെ പ്രതീകം കൂടിയാണ് മുബ്ബഷീറ.

എന്നും രാവിലെ അപകടം പറ്റിയ ഇതേ ബസിലാണ് മുബഷീറ സ്‌കൂളിലേക്ക് വരാറ്. വ്യാഴാഴ്ചത്തെ യാത്രയില്‍ സഹപ്രവര്‍ത്തകയായ നിമിഷയും, മുബഷീറക്കൊപ്പം ഉണ്ടായിരുന്നു. ബസിന്റെ മുന്‍വാതിലിന് തൊട്ടുപിറകിലെ സീറ്റിലിരുന്നിരുന്ന ഇവര്‍ ബസ് മറിഞ്ഞപ്പോള്‍ അടിയില്‍പെട്ട് പോകുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണം സംഭവിച്ചിരുന്നു.

റംസാന്‍ മാസത്തിലെ നോമ്പുമെടുത്ത് ചിരിച്ച് ഉമ്മയോട് യാത്ര പറഞ്ഞ് പോയ മകളുടെ ചലനമറ്റ ശരീരം വീട്ടിലെത്തിയപ്പോള്‍ ആ കുടുംബത്തിനൊപ്പം തേങ്ങിയത് ആ ഗ്രാമം ഒന്നിച്ചായിരുന്നു.
തങ്ങളുടെ പ്രിയപ്പെട്ട ടീച്ചറെ കണ്ട് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളും, സഹപ്രവര്‍ത്തകരും, നാട്ടുകാരും ആ കൊച്ചു വീട്ടിലെത്തി. വൈകീട്ട് നാല് മണിയോടെ മൃതദേഹം ചാലിയം ജുമാമസ്ജിദില്‍ ഖബറടക്കി. മുഅദിയ, മുര്‍ഷാദ് എന്നിവരാണ് സഹോദരങ്ങള്‍.

Keywords: Calicut, Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.