Latest News

നൂറിലധികം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ മോഷ്ടാവ് പിടിയില്‍

തൃശൂര്‍: നൂറിലധികം ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് ജോയ് ജോസഫിനെ (പൂവരണി ജോയ്- 48) ക്രൈം ബ്രാഞ്ച് ടെംപിള്‍ ആന്‍ഡ് ആന്റി തെഫ്റ്റ് വിഭാഗം അറസ്റ്റ് ചെയ്തു. ഷൊര്‍ണൂരില്‍നിന്നു മോഷ്ടിച്ച ബൈക്ക് സഹിതമാണു ശക്തന്‍ പരിസരത്തുനിന്ന് ഇയാള്‍ പിടിയിലായത്. 

അടുത്ത മോഷണത്തിനായി സുഹൃത്തിനെ കാത്തുനില്‍ക്കുമ്പോഴായിരുന്നു അറസ്റ്റ്. പത്തനംതിട്ടയിലെ പ്രമുഖ അഭിഭാഷകന്റെ വീട്ടില്‍നിന്ന് 95 പവന്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായിരുന്ന ഇയാള്‍ നവംബറിലാണു ജാമ്യത്തില്‍ ഇറങ്ങിയത്.

മാള ഗുരുതിപ്പാല പിഷാരിക്കല്‍ ദുര്‍ഗാഭഗവതി ക്ഷേത്രം, കൊടകര കൊളത്തുക്കാവ് മഹാവിഷ്ണു ദേവീക്ഷേത്രം, ചാലക്കുടി റയില്‍വേ സ്‌റ്റേഷന് അടുത്തുള്ള പിഷാരിക്കല്‍ ദുര്‍ഗാഭഗവതി ക്ഷേത്രം, ചിറ്റൂര്‍ ഭഗവതിക്ഷേത്രം, പാലക്കാട് കല്ലേക്കാടുള്ള കിഴക്കഞ്ചേരി ഭഗവതിക്ഷേത്രം, പട്ടാമ്പി ഞാങ്ങിട്ടിരി മുക്കാരത്തുക്കാവ് ഭഗവതിക്ഷേത്രം, ഒറ്റപ്പാലം കണ്ണിയംപുറം മാരിയമ്മന്‍ കോവില്‍, ഓച്ചിറ വലിയകുളങ്ങര ദേവീക്ഷേത്രം, കോങ്ങാട് താഴത്തെ നമ്പുള്ളി ശ്രീകൃഷ്ണ ക്ഷേത്രം, കൂറ്റനാട് തൊഴുക്കാട് കണ്ണംകുളങ്ങര ഭഗവതിക്ഷേത്രം, ചിറ്റിലഞ്ചേരി ചെറുനെട്ടൂരി ഭഗവതിക്ഷേത്രം, മുടപ്പല്ലൂര്‍ അഴിക്കുളങ്ങര ഭഗവതിക്ഷേത്രം, ചിറ്റൂര്‍ പൊല്‍പുള്ളി മാരിയമ്മന്‍ ക്ഷേത്രം, പയ്യോളി ദേവീക്ഷേത്രം, വടകര ശിവക്ഷേത്രം, ഒറ്റപ്പാലം കണ്ണിയംപുറം കൂനംതുള്ളി മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളില്‍ നടന്ന മോഷണങ്ങളില്‍ ഇയാള്‍ക്കു പങ്കുണ്ടെന്നു പൊലീസ് അറിയിച്ചു.

പാലാ ഭരണങ്ങാനം മേരിഗിരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന കൊടിത്തോട്ടില്‍ ഏലിക്കുട്ടിയുടെ കഴുത്തില്‍നിന്നു താലിയും മാലയും, ചിറ്റൂര്‍ അത്തിക്കോട് പനയൂരിലുള്ള സതീഷിന്റെ മോട്ടോര്‍ സൈക്കിള്‍, ഷൊര്‍ണൂര്‍ കള്ളിപാടം വക്കതൊടി സൂരജിന്റെ മോട്ടോര്‍ സൈക്കിള്‍ എന്നിവ കവര്‍ന്ന കേസിലും പ്രതിയാണ്. കവളപ്പാറ ശ്രീവാസില്‍ ശ്രീധരന്റെ വീട്, ചൈതന്യയില്‍ ശങ്കരനാരായണന്റെ വീട് എന്നിവിടങ്ങളില്‍ താനും കൂട്ടുകാരും ചേര്‍ന്നു മോഷണം നടത്തിയെന്ന് ഇയാള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു. 

ചിറ്റൂര്‍ പഴയന്നൂര്‍ക്കാവ് ക്ഷേത്രത്തിന്റെ വാതിലുകള്‍ തകര്‍ത്ത് അകത്തു കടന്നെങ്കിലും ആളുകള്‍ കൂടിയതിനാല്‍ അവിടെനിന്നു രക്ഷപ്പെടുകയായിരുന്നു. ഇയാള്‍ 17 വര്‍ഷത്തോളം വിവിധ ജയിലുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

Keywords: Kerala News,  National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.