Latest News

ട്രെയിന്‍ ടിക്കറ്റിന് കാത്തുനിന്ന യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

റെയില്‍വെയും പോലീസും തമ്മിലുള്ള പോരില്‍ മൃതദേഹം
ടിക്കറ്റ് കൗണ്ടറിനു മുമ്പില്‍ അഞ്ച് മണിക്കൂര്‍ അനാഥമായി കിടന്നു 
കാഞ്ഞങ്ങാട്: തീവണ്ടിയാത്രയ്ക്ക് ടിക്കറ്റെടുക്കാന്‍ വരിനില്‍ക്കുകയായിരുന്ന അമ്പത്തഞ്ചുകാരന്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു. മൃതദേഹം ആസ്​പത്രിയിലേക്കു മാറ്റിയത് അഞ്ചുമണിക്കൂറിനു ശേഷം. ചങ്ങനാശ്ശേരി സ്വദേശി അഷറഫ് തകിടിയില്‍(55) ആണ് മരിച്ചത്. കണ്ണൂര്‍-കാസര്‍കോട് ജില്ലകളില്‍ പാത്രങ്ങള്‍ വില്പന നടത്തുന്നയാളാണ് അഷറഫ്.

കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ബുധനാഴ്ച രാവിലെ ആറുമണിയോടെയാണ് അഷറഫ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ടിക്കറ്റെടുക്കാന്‍ നില്‍ക്കവെ നെഞ്ചുവേദന തോന്നുന്നുവെന്ന് കൂടെനിന്നവരോടു പറഞ്ഞെങ്കിലും ആരും ഗൗരവത്തിലെടുത്തില്ല. അല്പസമയത്തിനുള്ളില്‍ അഷറഫ് കുഴഞ്ഞുവീഴുന്നത് അവര്‍ കണ്ടു. ആ ദയനീയരംഗം നോക്കിക്കൊണ്ടുതന്നെ അവര്‍ ടിക്കറ്റെടുത്ത് തീവണ്ടി കയറാനോടി. പിന്നീടുവന്ന തീവണ്ടികളില്‍ കയറാനെത്തിയവരും ടിക്കറ്റ് കൗണ്ടറിനു മുമ്പില്‍ വീണുകിടക്കുന്നയാളെ തിരിഞ്ഞുനോക്കിയില്ല. ഒരു മണിക്കൂറിനു ശേഷം ആരോ സ്റ്റേഷന്‍ മാസ്റ്ററുടെ ശ്രദ്ധയില്‍പ്പെടുത്തി. അദ്ദേഹവും മറ്റു ജീവനക്കാരുമെത്തി നോക്കുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

അഷറഫിന്റെ മൃതദേഹത്തോടും അവഗണന തുര്‍ന്നു. രാവിലെ 11.30-നാണ് മൃതദേഹം ജില്ലാ ആസ്​പത്രിയിലേക്കു മാറ്റിയത്.
ഇത്രയും സമയമെടുത്തതെന്തിനെന്ന ചോദ്യത്തിന് റെയില്‍വേ ഉദ്യോഗസ്ഥരും പോലീസും പറയുന്നത് സാങ്കേതികകാര്യങ്ങളാണ്. രാവിലെ 7.30-ന് പോലീസില്‍ വിവരമറിയിച്ചുവെന്നാണ് സ്റ്റേഷന്‍ മാസ്റ്റര്‍ പ്രസാദ് പറയുന്നത്. എന്നാല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് മരിച്ചെന്ന കാര്യം എഴുതിനല്കിയത് 9.40-നാണെന്ന് അന്വേഷണോദ്യോഗസ്ഥന്‍ ഹൊസ്ദുര്‍ഗ് ഗ്രേഡ് എസ്.ഐ. ചന്ദ്രന്‍ നായര്‍ പറഞ്ഞു. ഇന്‍ക്വസ്റ്റ് നടത്താന്‍ പിന്നെയും സമയമെടുത്തു. അതാണ് മൃതദേഹം ആസ്​പത്രിയിലെത്തിക്കാന്‍ ഇത്രയും വൈകിയതെന്നും എസ്.ഐ. പറഞ്ഞു.

അതിനിടെ ജില്ലാ ആസ്​പത്രിയില്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് ആംബുലന്‍സും എത്തിയിരുന്നു. പോലീസിന്റെ സമ്മതമില്ലാതെ മൃതദേഹം ആംബുലന്‍സില്‍ കയറ്റാന്‍ റെയില്‍വേക്കാര്‍ സമ്മതിച്ചില്ല. മരിച്ചെന്നെഴുതിനല്കാന്‍ ആ സമയത്ത് റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍ വിസമ്മതിച്ചതിനാലാണ് അതിനുള്ള സമ്മതം നല്കാതിരുന്നതെന്നാണ് പോലീസ് ഭാഷ്യം.

രാവിലെ ആറരയുടെ മാവേലി എക്‌സ്​പ്രസ്സിന് മംഗലാപുരം ഭാഗത്തേക്കു പോകാനാണ് അഷറഫ് എത്തിയതെന്നു കരുതുന്നു.
ചങ്ങനാശ്ശേരി തകിടിയില്‍ പുത്തന്‍പുരയില്‍ സെയ്ദ് മുഹമ്മദിന്റെ മകനാണ്. ജില്ലാ ആസ്​പത്രിയില്‍ സൂക്ഷിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ സഹോദരനും ബന്ധുക്കളും വ്യാഴാഴ്ച കാഞ്ഞങ്ങാട്ടെത്തും.

Keywords: Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.