Latest News

രാഷ്ട്രപതിയുടെ സന്ദര്‍ശനം: മഴമൂലം ഹെലികോപ്ടറിന്റെ പരീക്ഷണ ഇറക്കം നടന്നില്ല

കാസര്‍കോട്: പെരിയ കേന്ദ്രസര്‍വകലാശാലയില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടത്താനിരുന്ന ഹെലികോപ്ടറുകളുടെ പരീക്ഷണ ഇറക്കം നടന്നില്ല. ബുധനാഴ്ച നടത്താനിരുന്ന പരീക്ഷണ ഇറക്കമാണ് മഴയായതിനാല്‍ മാറ്റിയത്. 

തലസ്ഥാനത്തുനിന്ന് പെരിയയിലേക്കു പുറപ്പെട്ട ഹെലികോപ്ടര്‍ കാലാവസ്ഥ അനുയോജ്യമല്ലാത്തതിനാല്‍ മടങ്ങിപ്പോയി. കാലാവസ്ഥ അനുകൂലമായാല്‍ വ്യാഴാഴ്ച ഹെലികോപ്ടര്‍ എത്തും. വ്യാഴാഴ്ചയും പരീക്ഷണ ഇറക്കം നടന്നില്ലെങ്കില്‍ മംഗലാപുരത്തുനിന്ന് റോഡ് വഴിയായിരിക്കും രാഷ്ട്രപതിയുടെ യാത്ര.
ഹെലികോപ്ടറിലാണെങ്കില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 3.15-ന് രാഷ്ട്രപതി പെരിയയിലെത്തുമെന്നാണു കണക്കാക്കിയിരിക്കുന്നത്. 2.35-ന് പ്രത്യേക വിമാനത്തില്‍ മംഗലാപുരത്തെത്തുന്ന പ്രണബ് പത്തു മിനിറ്റുനേരത്തെ വിശ്രമത്തിനു ശേഷം ഹെലികോപ്ടറില്‍ പെരിയക്കു പുറപ്പെടും.
രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മൂന്നു ഹെലിപ്പാഡുകളാണ് പെരിയയിലൊരുക്കിയിരിക്കുന്നത്. കൃത്യം 3.30-ന് ബിരുദദാനച്ചടങ്ങ് തുടങ്ങും. 4.45-ന് മംഗലാപുരത്തേക്ക് മടങ്ങും. 5.30-ന് മംഗലാപുരത്തുനിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്തേക്കു തിരിക്കും. ഏഴു മണിക്ക് തിരുവനന്തപുരത്തെത്തി തിരുവനന്തപുരം എന്‍ജിനീയറിങ് കോളേജിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം അദ്ദേഹം ഉദ്ഘാടനം ചെയ്യും.
മഴ തുടര്‍ന്നാല്‍ റോഡുവഴി രാഷ്ട്രപതിയെ എത്തിക്കാനുള്ള പദ്ധതികളും അധികൃതര്‍ തയ്യാറാക്കി. ദേശീയപാതയിലെ കുഴികള്‍ നികത്തിത്തുടങ്ങി. മംഗലാപുരത്തുനിന്ന് പെരിയയിലെത്താനും തിരിച്ചുപോകാനും കൂടുതല്‍ സമയമെടുക്കുമെന്നതിനാല്‍ തിരുവനന്തപുരത്തെ പരിപാടിയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ പത്രസമ്മേളനത്തില്‍ സൂചന നല്‍കി.
രാഷ്ട്രപതിക്കു പുറമെ ഗവര്‍ണര്‍ ഷീല ദീക്ഷിത്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രസര്‍വകലാശാലാ ചാന്‍സലര്‍ ഡോ. വി.എല്‍.ചോപ്ര എന്നിവരും ബിരുദദാനച്ചടങ്ങില്‍ സംബന്ധിക്കും. ഗവര്‍ണര്‍ 17-ന് വൈകീട്ട് കാസര്‍കോട്ടെത്തും. സി.പി.സി.ആര്‍.ഐ. ചന്ദ്രഗിരി ഗസ്റ്റ് ഹൗസില്‍ അവര്‍ വിശ്രമിക്കും. മുഖ്യമന്ത്രി 18-ന് രാവിലെ കാസര്‍കോട്ടെത്തും.
2009 മുതല്‍ സര്‍വകലാശാലയില്‍ പഠിച്ച 567 വിദ്യാര്‍ഥികള്‍ക്കാണ് രാഷ്ട്രപതി ബിരുദം സമ്മാനിക്കുക. 1800 പേര്‍ക്കിരിക്കാനാവുന്ന ശീതീകരിച്ച ഹാളാണ് പെരിയയില്‍ ചടങ്ങിനായി തയ്യാറാക്കുന്നത്. പാസ് ലഭിച്ചവരെ ഉച്ചയ്ക്കു രണ്ടരമുതല്‍ ഹാളിനുള്ളിലേക്കു പ്രവേശിപ്പിക്കും.
പത്രസമ്മേളനത്തില്‍ സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ വി.ശശിധരന്‍, മീഡിയാ റിലേഷന്‍സ് ഓഫീസര്‍ ആര്‍.ഗിരീഷ് കുമാര്‍, എ.ഡി.എം. എച്ച്.ദിനേശ എന്നിവരും പങ്കെടുത്തു.

Keywords: Kasaragod, Periya, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.