Latest News

മാതാപിതാക്കള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു; ചതിയില്‍ കുടുങ്ങിയ റാഷിദിന് മോചനം

കാഞ്ഞങ്ങാട് : അചഞ്ചലമായ സ്‌നേഹത്തിന്റെ ലാളന നല്‍കി വളര്‍ത്തിയ മകന്‍ കുടുംബം പോറ്റാന്‍ കുവൈത്തിലേക്ക് യാത്ര പുറപ്പെട്ടപ്പോള്‍ മീനാപ്പീസിലെ പി അബൂബക്കറിനും ഉമ്മ ചേരക്കാടത്ത് കുഞ്ഞാസ്യക്കും ഏറെ പ്രതീക്ഷയുണ്ടായിരുന്നു.

കുവൈത്തില്‍ സുഹൃത്തിന്റെ ചതിയില്‍പ്പെട്ട് മയക്കു മരുന്ന് പൊതിയുമായി വിമാനത്താവളത്തില്‍ നര്‍ക്കോട്ടിക് സെല്ലിന്റെ പിടിയിലായി ജയിലില്‍ കുടുങ്ങിയ ഇവരുടെ മകന്‍ റാഷിദിന് നേരിട്ട ദുര്‍വിധി ഈ കുടുംബത്തിന് താങ്ങാനാവുന്നതിലേറെയായിരുന്നു. കുവൈത്തിലെ മനുഷ്യസ്‌നേഹികളുടെ കാരുണ്യം കൊണ്ട് ഞായറാഴ്ച രാത്രി താത്കാലികമായി റാഷിദ് ജയില്‍ മോചിതനായ വിവരമറിഞ്ഞപ്പോള്‍ ആ മാതാപിതാക്കളുടെ കണ്ണുകള്‍ ആനന്ദാശ്രുക്കള്‍ കൊണ്ട് നിറഞ്ഞു.

കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി ജയിലില്‍ കഴിയുകയായിരുന്ന റാഷിദിന്റെ മോചനത്തിനു വേണ്ടി പരിശുദ്ധ റംസാന്‍ മാസത്തില്‍ ഇടതടവില്ലാതെ പടച്ചവനോട് സഹായം തേടി രാപ്പകല്‍ ഭേദമില്ലാതെ പ്രാര്‍ത്ഥനയിലായിരുന്നു റാഷിദിന്റെ പ്രിയപ്പെട്ട ഉമ്മ കുഞ്ഞാസ്യ.

നിസ്‌കാരപായയില്‍ നിന്ന് കുഞ്ഞാസ്യ എഴുന്നേല്‍ക്കുന്നത് വിരളം. തസ്ബീഹ് മാല കൈയ്യില്‍ നിന്ന് ഒഴിഞ്ഞ നേരമില്ലായിരുന്നു. പ്രാര്‍ത്ഥന നിരതമായ മനസ്സോടെ കുഞ്ഞാസ്യ അല്ലാഹുവിനെ വിളിച്ച് നൊന്തുകരയുകയായിരുന്നു. മകനൊരിക്കലും ജയില്‍ മോചിതനാകുമെന്ന് അവര്‍ കരുതിയിരുന്നില്ല. കടല്‍തീരത്തെ വീട്ടില്‍ കണ്ണീര്‍ കയത്തിലായിരുന്നു അബൂബക്കറും കുഞ്ഞാസ്യയും ഏക സഹോദരി റാഷിദയും.

രണ്ട് മാസം മുമ്പ് സഹോദരിയെ നല്ല നിലയില്‍ വിവാഹം ചെയ്ത് അയക്കാന്‍ നാട്ടിലെത്തിയ യുവാവ് ജൂണ്‍ 24 നാണ് നാട്ടില്‍ നിന്നും മടങ്ങിയത്. ജൂണ്‍ 25 ന് കുവൈത്തിലേക്ക് വിമാനം കയറുമ്പോള്‍ തന്നോടൊപ്പം മയക്കു മരുന്ന് ഗുളിക അടങ്ങിയ ചതിയുടെ കൂട്ടുകാരന്‍ ഉണ്ടെന്ന് റാഷിദ് അറിഞ്ഞിരുന്നില്ല.

മകന്‍ ജയില്‍ മോചിതനായി എന്നറിഞ്ഞപ്പോള്‍ റാഷിദിന്റെ വീട്ടുകാരും സുഹൃത്തുക്കളും ബന്ധുക്കളും അനുഭവിച്ച സന്തോഷത്തിന് അതിരുകളില്ലായിരുന്നു.
തിങ്കളാഴ്ച രാവിലെ മാധ്യമ പ്രവര്‍ത്തകര്‍ റാഷിദിന്റെ മീനാപ്പീസിലെ വീട്ടിലെത്തിയപ്പോള്‍ കുഞ്ഞാസ്യ പ്രാര്‍ത്ഥനയില്‍ തന്നെയായിരുന്നു. ആ മുഖത്ത് സന്തോഷം പൂത്തുലഞ്ഞിരുന്നു. 'പടച്ചവന്‍ ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു. മനമുരുകി പടച്ചവന് മുമ്പില്‍ കേഴുകയായിരുന്നു ഇത്രയും ദിവസവും. പൊന്നു മോനെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ എല്ലാവര്‍ക്കും ഒരുപാട് നന്ദിയുണ്ട്. മകനുവേണ്ടി പ്രാര്‍ത്ഥിച്ച മത പണ്ഡിതന്മാര്‍ക്കും സുഹൃത്തുക്കള്‍ക്കും നാട്ടുകാര്‍ക്കും അല്ലാഹു നല്ലതു വരുത്തട്ടെ.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടും മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ സി ജോസഫ്, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോമുഹമ്മദ് ഹാജി അങ്ങനെ നിരവധി പേര്‍ നേരിട്ടോ അല്ലാതെയോ മകന്റെ മോചനത്തിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. അവരുടെ നല്ല മനസ്സിനെ ഒരിക്കലും മറക്കാനാവില്ല'. - കുഞ്ഞാസ്യയുടെ കണ്ണ് ഈറനണിഞ്ഞു.


Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.