Latest News

റാഷിദിനെ മയക്കു മരുന്ന് പാക്കറ്റ് നല്‍കി കുടുക്കിയ ഫവാസ് കുവൈത്തില്‍ നിന്ന് നാട്ടിലേക്ക് കടന്നു

കാഞ്ഞങ്ങാട് : മയക്കു മരുന്ന് പാക്കറ്റ് നല്‍കി കാഞ്ഞങ്ങാട് മീനാപ്പീസിലെ ചേലക്കാടത്ത് റാഷിദിനെ കുവൈത്തില്‍ കുടുക്കിയ കണ്ണൂര്‍ ജില്ലയിലെ പുതിയങ്ങാടി മാട്ടൂല്‍ സ്വദേശി ഫവാസ് അതി നാടകീയമായി കുവൈത്തില്‍ നിന്ന് മുങ്ങി. 
ജൂണ്‍ 26 നാണ് മയക്കു മരുന്ന് പാക്കറ്റുമായി റാഷിദിനെ കുവൈത്ത് വിമാനത്താവളത്തില്‍ നര്‍ക്കോട്ടിക് സെല്‍ അധികൃതര്‍ പിടികൂടിയത്.
അവധി കഴിഞ്ഞ് നാട്ടില്‍ നിന്ന് കുവൈത്തിലേക്ക് മടങ്ങിയതായിരുന്നു റാഷിദ്. കുവൈത്തില്‍ നിന്ന് പരിചയപ്പെടുകയും ഉറ്റ ചങ്ങാതിയായി മാറുകയും ചെയ്ത ഫവാസ് നാട്ടില്‍ നിന്ന് കുവൈത്തിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്ന റാഷിദിനെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുകയും കുവൈത്തിലുള്ള പിതാവിന്റെ കണ്ണടയും മരുന്നും അടങ്ങുന്ന പാക്കറ്റ് പുതിയങ്ങാടിയിലെ വീട്ടില്‍ നിന്ന് വാങ്ങി എത്തിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ സമയക്കുറവ് മൂലം പുതിയങ്ങാടിയില്‍ ചെല്ലാന്‍ കഴിയില്ലെന്ന് റാഷിദ് അറിയിച്ചതിനെ തുടര്‍ന്ന് പാക്കറ്റ് മാട്ടൂലിലെ തന്റെ സുഹൃത്ത് കാഞ്ഞങ്ങാട്ട് എത്തിച്ചു തരുമെന്ന് ഫവാസ് മറുപടി നല്‍കി. ഫവാസിന്റെ സുഹൃത്തായ നസീം മുസ്തഫ എന്ന ചെറുപ്പക്കാരന്‍ മോട്ടോര്‍ ബൈക്കില്‍ കാഞ്ഞങ്ങാട് കോട്ടച്ചേരി റെയില്‍വെ ഗേറ്റിനടുത്തെത്തുകയും അവിടെ കാത്തു നിന്ന റാഷിദിനെ പാക്കറ്റ് ഏല്‍പ്പിച്ച് മടങ്ങുകയുമായിരുന്നു. 

കുവൈത്ത് വിമാനത്താവളത്തില്‍ പരിശോധനക്കിടയിലാണ് പാക്കറ്റ് മയക്കു മരുന്ന് ആണെന്ന സംശയത്തില്‍ നര്‍ക്കോട്ടിക്ക് സെല്‍ റാഷിദിനെ കസ്റ്റഡിയിലെടുക്കുന്നതും കുവൈത്ത് സുപ്രീം കോടതിയില്‍ ഹാജരാക്കുന്നതും.
സംഭവം നടക്കുമ്പോള്‍ ഫവാസ് കുവൈത്തിലായിരുന്നു. റാഷിദ് പിടിക്കപ്പെട്ടു എന്ന് അറിഞ്ഞതോടെ ജൂലായ് 1 ന് ഫവാസ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടന്നു എന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ സൂചന. റാഷിദ് പിടിയിലായതോടെ ഫവാസ് രക്ഷപ്പെടുമെന്ന് മനസ്സിലാക്കിയ കാഞ്ഞങ്ങാട് നിവാസികളും റാഷിദിന്റെ നിരപരാധിത്വം ബോധ്യമായ കുവൈത്തിലെ വിവിധ സംഘടന പ്രതിനിധികളും ഫവാസ് കുവൈത്തില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ സകല പഴുതുകളും അടച്ചിരുന്നുവെങ്കിലും അതിസമര്‍ഥമായാണ് ഈ യുവാവ് കുവൈത്തില്‍ നിന്ന് കടന്നത്.
ഫവാസിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ഫവാസ് പുതിയങ്ങാടിയിലെ വീട്ടില്‍ ഇതുവരെ എത്തിയിട്ടില്ല. ഈ യുവാവിന് ചെന്നൈയില്‍ ഒട്ടേറെ സൗഹൃദ ബന്ധങ്ങളുണ്ട്. യുവാവ് പഠിച്ചത് ചെന്നൈയിലാണ്. അതു കൊണ്ട് തന്നെ കുവൈത്തില്‍ നിന്ന് ഫവാസ് ചെന്നൈയിലേക്ക് മുങ്ങിയതായി സംശയം ബലപ്പെട്ടിട്ടുണ്ട്. റാഷിദിന് കാഞ്ഞങ്ങാട്ടേക്ക് പാക്കറ്റ് എത്തിച്ചു കൊടുത്ത നസീം മുസ്തഫയും അപ്രത്യക്ഷനാണ്.
റാഷിദിന്റെ മോചനത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ട് പിതാവും മാതൃസഹോദരന്മാരും മീനാപ്പീസ് ജമാഅത്ത് പ്രസിഡണ്ട് കെ പി അബ്ദുള്‍ റഹ്മാന്‍ ഹാജി, നഗരസഭ കൗണ്‍സിലര്‍ പി കെ മുഹമ്മദ് കുഞ്ഞി എന്നിവരുടെ നേതൃത്വത്തില്‍ പുതിയങ്ങാടിയിലെ വീട്ടിലെത്തി ഫവാസിന്റെ അടുത്ത ബന്ധുക്കളുമായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും അവരില്‍ നിന്ന് നല്ല പ്രതികരണമല്ല് ലഭിച്ചത്.
അതിനിടെ റാഷിദിന്റെ മോചനം സാധ്യമാക്കാന്‍ കുവൈത്തില്‍ വിവിധ മലയാളി സംഘടന പ്രതിനിധികളുടെ നേതൃത്വത്തില്‍ രൂപീകരിച്ച ജനകീയ സമിതി സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്.
കുവൈത്തിലെ നിയമവ്യവസ്ഥക്ക് മുമ്പില്‍ റാഷിദിന്റെ നിരപരാധിത്തം തെളിയിച്ച് മോചനം സാധ്യമാക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ജനകീയ സമിതി അടിയന്തിരമായി തുടങ്ങും. 

നിരപരാധിയായ തന്റെ മകനെ മോചിപ്പിക്കാനുള്ള നടപടികള്‍ ആവശ്യപ്പെട്ട് റാഷിദിന്റെ പിതാവ് നോര്‍ക്കക്ക് പരാതി നല്‍കിയിട്ടുണ്ട്. അത് കുവൈത്തിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ക്ക് അയച്ചതായാണ് അറിയാനായത്. എംബസിയുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ ആവശ്യമായ നടപടികള്‍ക്ക് ശ്രമം തുടങ്ങും.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.