Latest News

സ്വര്‍ണക്കടത്തിന് കൂട്ടുനിന്ന വിമാനത്താവള ജീവനക്കാരനും സ്വര്‍ണം വാങ്ങാനെത്തിയ യുവാവും പിടിയില്‍

മംഗലാപുരം: വിമാനത്താവളത്തിലെ ടോയ്ലറ്റ് ശുചീകരണ വിഭാഗം ജീവനക്കാരന്‍ പുറത്ത് നിന്നയാള്‍ക്ക് കൈമാറുകയായിരുന്ന 1230 ഗ്രാം സ്വര്‍ണം ഡി.ആര്‍.ഐ. അധികൃതര്‍ പിടികൂടി. ഇരുവരെയും അറസ്റ്റ് ചെയ്തു.

ബുധനാഴ്ച പുലര്‍ച്ചെ മംഗലാപുരം വിമാനത്താവളത്തിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി ദുബായില്‍ നിന്ന് എയര്‍ഇന്ത്യാ എക്സ്പ്രസില്‍ വന്ന യാത്രക്കാരന്‍ വിമാനത്താവളത്തിലെ ടോയ്ലറ്റിനകത്ത് നിലത്ത് വെള്ളം പുറത്തുപോകുന്ന പൈപ്പിലേക്കുള്ള അരിപ്പയ്ക്കുള്ളില്‍ ഒളിപ്പിച്ചുവെച്ച സ്വര്‍ണമാണ് പിടികൂടിയത്. ഈ സ്വര്‍ണം യാത്രക്കാരന്‍റെ സുഹൃത്തായ ബണ്ട്വാള്‍ ബി.സി. റോഡ് മഞ്ചിയിലെ നൌഷാദിന് (31) കൈമാറുന്നതിനിടയിലാണ് ശുചീകരണ വിഭാഗം ജീവനക്കാരന്‍ ബജ്പെ കെഞ്ചാറിലെ ഗണേഷാണ്(23) പിടിയിലായത്. 

സ്വര്‍ണം കൊണ്ട് വന്ന യാത്രക്കാരന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഗണേഷ് നൌഷാദിന് സ്വര്‍ണം കൈമാറാന്‍ ശ്രമിച്ചതെന്ന് ഡി.ആര്‍.ഐ. അധികൃതര്‍ പറഞ്ഞു.

ബുധനാഴ്ച രാവിലെയാണ് നൌഷാദ് സ്വര്‍ണം ഏറ്റുവാങ്ങാനെത്തിയത്.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് പുറത്തിറങ്ങിയ ഗണേഷ് തന്‍റെ വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച സ്വര്‍ണം നൌഷാദിന് കൈമാറുന്നതിനിടയില്‍, രഹസ്യ വിവരത്തെ തുടര്‍ന്ന് ഇത് നിരീക്ഷിച്ചു നില്‍ക്കുകയായിരുന്ന ഡി.ആര്‍.ഐ. അധികൃതര്‍ കൈയോടെ പിടികൂടുകയായിരുന്നു. സ്വര്‍ണത്തിന് 32ലക്ഷം രൂപ വിലവരും.
വിമാനത്താവള ജീവനക്കാരെ ഉപയോഗിച്ച് സ്വര്‍ണം കടത്തുന്ന സംഭവം കസ്റ്റംസ് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. 

ഇത്തരത്തില്‍ പലതവണയായി സ്വര്‍ണം കടത്തിയിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. മംഗലാപുരം വിമാനത്താവളത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുന്പ് ഇത്തരത്തില്‍ സ്വര്‍ണക്കടത്തിന് സഹായിച്ച സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥനെ പിടികൂടുകയും സസ്പെന്‍റ് ചെയ്യുകയും ചെയ്തിരുന്നു.

Keywords: Manglore, Airport, Gold, Case, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.