Latest News

യുവാക്കളെ കൊന്ന് കുഴിച്ചുമൂടിയത് കുണ്ടംകുഴിയില്‍

കാസര്‍കോട്: ദുബായില്‍ നിന്നു മംഗലാപുരം വിമാനത്താവളം വഴി കടത്തിയ മൂന്ന് കിലോ സ്വര്‍ണം ഇടപാടുകാരനു കൈമാറാതെ മറിച്ചുവിറ്റതിനു പ്രതികാരമായി രണ്ടു മലയാളി യുവാക്കളെ കള്ളക്കടത്ത് സംഘം കൊലപ്പെടുത്തി മൃതദേഹങ്ങള്‍ മറവു ചെയ്തത് കാസര്‍കോട് ബേഡകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുണ്ടംകുഴി ബാലനടുക്കയിലെന്ന് സൂചന. സംഭവവുമായി ബന്ധപ്പെട്ട് പ്രമുഖ അഭിഭാഷകന്റെ മകന്‍ അടക്കം കാസര്‍കോട് സ്വദേശികളായ മൂന്നു പേരെ മംഗലാപുരം സിറ്റി ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്തു.

തലശേരി സെയ്താര്‍പള്ളി സ്വദേശി നസീര്‍ (24), കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഫഹീം (22) എന്നിവരെയാണ് സ്വര്‍ണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കാണാതായത്. ഇരുവരും മാസങ്ങളായി വീടുകളില്‍ എത്തിയിട്ടില്ലെന്നാണ് പൊലീസിനു ലഭിച്ച വിവരം. മംഗലാപുരം സിറ്റി ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം ഇവരുടെ വീടുകളില്‍ എത്തി വിശദാംശങ്ങള്‍ അന്വേഷിച്ചു. രണ്ടു പേരുടെയും പാസ്‌പോര്‍ട്ടും ഫോട്ടോയും വീട്ടുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

മാസങ്ങള്‍ക്കു മുന്‍പ് പറഞ്ഞുറപ്പിച്ച കരാര്‍ അനുസരിച്ച് ദുബായില്‍ നിന്ന് ഇടപാടുകാരനു നല്‍കാനായി മൂന്നു കിലോഗ്രാം സ്വര്‍ണം നസീറും ഫഹീമും ചേര്‍ന്നു മംഗലാപുരം വിമാനത്താവളം വഴി കൊണ്ടുവന്നെന്നാണ് മംഗലാപുരം സിറ്റി ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. തുടര്‍ന്ന് ഇടപാടുകാരന് കൈമാറാതെ സ്വര്‍ണവുമായി ഇരുവരും മുങ്ങിയെന്നാണ് സൂചന. പിന്നീട് സുഹൃത്തുക്കള്‍ വഴി പലതവണയായി കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ചെറുകിട സ്വര്‍ണക്കച്ചവടക്കാര്‍ക്ക് സ്വര്‍ണം വില്‍ക്കുകയായിരുന്നു.

കടത്തിയ സ്വര്‍ണം ലഭിക്കാത്തതിനെ തുടര്‍ന്ന് കള്ളക്കടത്ത് സംഘം യുവാക്കളെ അപായപ്പെടുത്താനായി കാസര്‍കോട് കേന്ദ്രമായ ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തി. മംഗലാപുരത്ത് പലയിടങ്ങളിലായി രഹസ്യമായി താമസിക്കുകയായിരുന്ന യുവാക്കളെ ഇവര്‍ നാലു ദിവസം മുന്‍പ് തന്ത്രപൂര്‍വം കുടുക്കുകയായിരുന്നു. എട്ടു മാസം മുന്‍പ് ഗള്‍ഫിലേക്കു പോയ നസീറിനെക്കുറിച്ച് പിന്നീട് നാട്ടില്‍ വിവരമുണ്ടായിരുന്നില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പലതവണ നസീര്‍ കേരളത്തില്‍ എത്തി തിരിച്ചുപോയിട്ടുണ്ടെന്നാണ് പൊലീസിനു ലഭിച്ച സൂചന.

ഗള്‍ഫില്‍ വച്ചു പരിചയപ്പെട്ട ഫഹീമിനെയും നസീര്‍ഒപ്പം കൂട്ടുകയായിരുന്നു. മംഗലാപുരം പാണ്ടേശ്വരം പൊലീസ് സ്‌റ്റേഷനില്‍ പിടിയിലായ യുവാവില്‍ നിന്നാണ് സംഭവത്തിന്റെ തുമ്പ് ലഭിക്കുന്നത്. തുടര്‍ന്ന് കാസര്‍കോട് അണങ്കൂര്‍ സ്വദേശികളായ രണ്ടു പേരെയും ചെര്‍ക്കള സ്വദേശിയേയും മംഗലാപുരം സിറ്റി ക്രൈംബ്രാഞ്ച് സംഘം പിടികൂടി. യുവാക്കളെ കൊലപ്പെടുത്തി മൃതദേഹങ്ങള്‍ മറവു ചെയ്തതതായി പിടിയിലായവര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. യുവാക്കള്‍ വിറ്റ സ്വര്‍ണത്തിന്റെ ഒരു ഭാഗം കാസര്‍കോട്ടെ പല സ്വര്‍ണവ്യാപാരികളില്‍ നിന്നായി മംഗലാപുരം പൊലീസ് കണ്ടെടുത്തു. മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി കുണ്ടംകുഴി ബാലനടുക്കയില്‍ തിങ്കളാഴ്ച പൊലീസ് പരിശോധന നടത്തും.

മംഗലാപുരത്ത് മലയാളി യുവാക്കളെ ക്വട്ടേഷന്‍ സംഘം കൊന്ന് കുഴിച്ചുമൂടി

Keywords: Kasaragod, Manglore,Karnadaka, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.