Latest News

കാണാതായ എ.എസ്.ഐ.യെ ചണ്ഡീഗഢ് റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തി

കണ്ണൂര്‍: കഴിഞ്ഞ ഞായറാഴ്ച ഹരിയാണയില്‍ കാണാതായ കണ്ണൂര്‍ എ.ആര്‍.ക്യാമ്പ് എ.എസ്.ഐ. അഴീക്കോട് കല്ലക്കുടിയന്‍ വീട്ടില്‍ സനാതന(53)നെ ചണ്ഡീഗഢിലെ റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ കണ്ടെത്തി. ഇദ്ദേഹത്തിന്റെ ശരീരത്തില്‍ പരിക്കുണ്ട്
എ.എസ്.ഐ.യെ മലയാളിസമാജം പ്രവര്‍ത്തകര്‍ ചണ്ഡീഗഢ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അതിനിടെ സനാതനനെ കൊണ്ടുവരാന്‍ എസ്.പി.യുടെ നിര്‍ദേശപ്രകാരം രണ്ടു പോലീസുകാര്‍ ചണ്ഡീഗഢിലേക്കു പുറപ്പെട്ടിട്ടുണ്ട്. അടുത്തദിവസം വിമാനമാര്‍ഗം അദ്ദേഹത്തെ നാട്ടിലെത്തിക്കും.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മയക്കുമരുന്നുകേസില്‍ പ്രതിയായ ഹരിയാണ അമ്പാലയിലെ നരേഷ്‌കുമാര്‍ ഗാര്‍ഗിനെ നാരായണ്‍ഗഢ് കോടതിയില്‍ ഹാജരാക്കാനാണ് എ.എസ്.ഐ. സനാതനനുള്‍െപ്പടെ മൂന്നു പോലീസുകാര്‍ ഹരിയാണയിലേക്കു പോയത്. കഴിഞ്ഞ ഞായറാഴ്ച അവിടെവെച്ച് സനാതനനെ കാണാതാവുകയായിരുന്നെന്ന് കൂടെപ്പോയ അലക്‌സ്, രാജേഷ് എന്നീ പോലീസുകാര്‍ കണ്ണൂര്‍ എസ്.പി.ക്ക് വിവരം നല്‍കി. ഇതുസംബന്ധിച്ച് അവര്‍ ഹരിയാണ പോലീസില്‍ പരാതിയും നല്‍കി.

സനാതനനെ കാണാതായതിനെത്തുടര്‍ന്ന് കണ്ണൂര്‍ പോലീസ് ചണ്ഡീഗഢിലെ മലയാളിസമാജം പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടിരുന്നു. ചണ്ഡീഗഢ് റെയില്‍വേ സ്റ്റേഷനില്‍ അവശനിലയില്‍ എ.എസ്.ഐ.യെ കണ്ടതു തങ്ങളാണെന്ന് മലയാളിസമാജം പ്രവര്‍ത്തകനും ആലപ്പുഴ സ്വദേശിയുമായ സുരേഷ് നായര്‍ പറഞ്ഞു. മുഷിഞ്ഞ വസ്ത്രം ധരിച്ച നിലയില്‍ അവശനായി പ്ലാറ്റ്‌ഫോമിന്റെ ഒരുഭാഗത്ത് കിടക്കുകയായിരുന്നു എ.എസ്.ഐ. അദ്ദേഹത്തിന്റെ ഒരു വിരല്‍ ഒടിഞ്ഞ നിലയിലായിരുന്നു. കാലില്‍ അടിയേറ്റ പാടുകളുമുണ്ട്. മോതിരവും ബാഗും നഷ്ടപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിരുന്നില്ല.

അവശനായ അദ്ദേഹത്തെ സമാജം പ്രവര്‍ത്തകര്‍ ചണ്ഡീഗഢ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം പോലീസിനെ വിവരമറിയിച്ചു. അദ്ദേഹത്തിന്, എന്താണു പറ്റിയെന്നതിനെക്കുറിച്ച് വ്യക്തമായി ഒന്നും ഓര്‍മ്മയില്ലെന്ന് സുരേഷ് നായര്‍ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് മെഡിക്കല്‍ കോളേജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം തൊട്ടടുത്ത അമ്പലത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്.

സനാതനനെ ദുരൂഹനിലയില്‍ കാണാതായതിനെക്കുറിച്ച് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. മാനസികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതായി പോലീസ് പറയുമ്പോള്‍ അദ്ദേഹത്തിന് ഒരു അസുഖവും ഇതുവരെയുണ്ടായിട്ടില്ലെന്നാണു ബന്ധുക്കള്‍ പറയുന്നത്.

Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.