കാസര്‍കോട്: കേന്ദ്ര സര്‍വകലാശാലാ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നടത്തിയത് ചരിത്രപരമായ യാത്ര. പ്രതികൂല കാലാവസ്ഥയില്‍ കുണ്ടും കുഴിയും നിറഞ്ഞ റോഡില്‍ 170 കിലോമീറ്റര്‍. രാഷ്ട്രപതിയായശേഷം പ്രണബ് മുഖര്‍ജി നടത്തിയ ആദ്യത്തെ യാത്രയായിരിക്കും ഇത്.
മംഗലാപുരത്തുനിന്ന് ഹെലികോപ്ടറില്‍ പെരിയയില്‍ എത്താനാണ് പദ്ധതി തയ്യാറാക്കിയിരുന്നത്. എന്നാല്‍, കനത്ത മഴ എല്ലാം തകിടംമറിച്ചു. വെള്ളിയാഴ്ചയും ആകാശം തെളിയില്ലെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തില്‍നിന്നുള്ള അറിയിപ്പ് എത്തിയതോടെ മംഗലാപുരത്തുനിന്ന് റോഡുമാര്‍ഗം പെരിയയിലെത്താന്‍ തീരുമാനിക്കുകയായിരുന്നു. അതനുസരിച്ച് രാഷ്ട്രപതി ഒരുമണിക്കൂര്‍ മുമ്പേ പുറപ്പെടുകയും ചെയ്തു. അതോടെ നിശ്ചയിച്ച സമയത്തുതന്നെ പെരിയയില്‍ ചടങ്ങ് തുടങ്ങാനും കഴിഞ്ഞു.
ഇന്ത്യന്‍ വായുസേനയുടെ ബി.ബി.ജെ.വിമാനത്തിലാണ് പ്രണബ് മംഗലാപുരത്തെത്തിയത്. മംഗലാപുരം വിമാനത്താവളത്തിലും കനത്ത മഴയാണ് പ്രണബിനെ വരവേറ്റത്. അവിടെനിന്ന് കറുത്ത ബുള്ളറ്റ് പ്രൂഫ് ബെന്‍സ് കാറില്‍ അദ്ദേഹം 1.45ന് പുറപ്പെട്ടു. മൊബൈല്‍ജാമര്‍ ഉള്‍പ്പെടെ 30 വാഹനങ്ങള്‍ അണിനിരന്ന മണിക്കൂറൂകള്‍ നീണ്ടയാത്ര.
നിരത്തിനിരുവശത്തുനിന്നും നാട്ടുകാര്‍ കൗതുകത്തോടെ നോക്കിനിന്നു. തലപ്പാടി സംസ്ഥാന അതിര്‍ത്തിവരെ കര്‍ണാടക പോലീസായിരുന്നു മുന്നില്‍. തലപ്പാടിയില്‍നിന്ന് കേരളാ പോലീസ് സാരഥ്യം ഏറ്റെടുത്തു. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തിലാണ് വാഹനങ്ങള്‍ ഓടിയത്. എന്നാല്‍, മടക്കം വേഗം കൂട്ടി. വൈകിട്ട് 6.40ന് മംഗലാപുരം വിമാനത്താവളത്തില്‍നിന്ന് തിരുവനന്തപുരത്തേക്ക് രാഷ്ട്രപതി പുറപ്പെട്ടു.
വിമാനത്താവളം മുതല്‍ കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിവരെ റോഡില്‍ സുരക്ഷ ഉറപ്പാക്കിയാണ് പോലീസ് കാത്തുനിന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട പോലീസ് ഓഫീസര്‍മാര്‍ ജില്ലയിലെത്തി ഗതാഗതം നിയന്ത്രിച്ചു.
എം.എസ്.പി.യും കെ.എ.പി.നാലാം ബറ്റാലിയനും ജില്ലയില്‍ നിരന്നു. രാഷ്ട്രപതിയുടെ വഴിയിലെ ഉള്‍റോഡുകളെല്ലാം മണിക്കൂറുകളോളം അടയ്ക്കപ്പെട്ടു. വിദ്യാലയങ്ങള്‍ക്ക് ഉച്ചയ്ക്കുശേഷം അവധി നല്കിയതിനാല്‍ വിദ്യാര്‍ഥികളും അധ്യാപകരും ബുദ്ധിമുട്ടിയില്ല.
Keywords: Kasaragod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News


No comments:
Post a Comment