Latest News

ഇരുതലമൂരിയെ വില്‍ക്കാന്‍ വന്ന സംഘത്തെ വനപാലകര്‍ പിടികൂടി

ആയൂര്‍: ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച ഏഴംഗ സംഘത്തെ വനപാലകര്‍ അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍നിന്നും മൂന്ന് ഇരുതലമൂരികളെയും പിടികൂടി. വനംവകുപ്പിലെ ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആയൂരിലെ ഒരു ലോഡ്ജില്‍നിന്നാണ് സംഘത്തെ നാടകീയമായി അറസ്റ്റ് ചെയ്തത്.

നെടുവത്തൂര്‍ മിനി സദനത്തില്‍ ഓമനക്കുട്ടന്‍ (42), കൊട്ടാരക്കര നവനീതത്തില്‍ ഷാന്‍ (36), തൃശ്ശൂര്‍ ഊത്തോളിയില്‍ മിഥുന്‍ (24), ചടയമംഗലം കല്ലരികില്‍ വീട്ടില്‍ രാധാകൃഷ്ണന്‍ (55), നൂറനാട് നിസാം മന്‍സിലില്‍ സെയ്ദ് മുഹമ്മദ് (32), കടയ്ക്കല്‍ കുറ്റിക്കാട് പേഴുംവിള പുത്തന്‍വീട്ടില്‍ അജയന്‍ (50), തലവൂര്‍ മുളിയന്‍പാറ സുബാഷ് (36) എന്നിവരെയാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സുബാഷ്, പത്തനാപുരം റേഞ്ച് ഓഫീസര്‍ ചന്ദ്രന്‍ പിള്ള, റാന്നി ഫ്‌ളൈയിങ് സ്‌ക്വാഡിലെ അബ്ദുല്‍ ഖാദി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഒരു ഇരുതലമൂരിക്ക് 12 ലക്ഷം രൂപ വിലവരുമെന്നാണ് അറിയുന്നത്. അന്ധവിശ്വാസത്തിന്റെയും മന്ത്രവാദത്തിന്റെയും മറവിലാണ് പാമ്പിനെ വില്‍ക്കാന്‍ ശ്രമിച്ചത്. വീടിന് ഐശ്വര്യം ലഭിക്കുമെന്ന് വിശ്വസിപ്പിക്കും.

തമിഴ്‌നാട്ടില്‍നിന്ന് മൂന്ന് ഇരുതലമൂരികളെ കൊണ്ടുവന്ന് ആയൂരിലെ ലോഡ്ജില്‍ താമസിച്ചായിരുന്നു കച്ചവടത്തിന് കരുക്കള്‍ നീക്കിയത്. വനപാലകര്‍ ഇടനിലക്കാരായി സംസാരിച്ച് കച്ചവടം ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആയൂരിലും പരിസരപ്രദേശങ്ങളിലുമായി വേഷംമാറിയെത്തി വനപാലകര്‍ സംഘാംഗങ്ങളെ നീരീക്ഷിച്ചു. ലോഡ്ജില്‍ കയറി സംഘത്തെ പിടികൂടുമ്പോഴേക്കും ഫ്‌ളൈയിങ് സ്‌ക്വാഡും സ്ഥലത്തെത്തി. തിരുവനന്തപുരം, പുനലൂര്‍ ഫ്‌ളൈയിങ് സ്‌ക്വാഡുകളും ഡി.എഫ്.ഒ.യും റെയ്ഡില്‍ പങ്കെടുത്തു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.