Latest News

ഭീതിയുടെ പെരുമഴയില്‍ റംലത്തിന്റെ അന്തിയുറക്കം

തൃക്കരിപ്പൂര്‍: മെട്ടമ്മലിലെ എ.പി.ടി.റംലത്തിന്റെ വീട്ടിനകത്ത്‌ ഭീതിയുടെയും ആശങ്കയുടെയും പെരുമഴ. കഴിഞ്ഞ കര്‍ക്കിടകത്തില്‍ കാറ്റൊന്ന്‌ ആഞ്ഞുവീശിയപ്പോള്‍ ഓടിട്ട വീടിന്റെ മോന്തായം തകര്‍ന്നു. ബാക്കിയായ കഴുക്കോലുകള്‍ ചൂടിക്കയറിന്റെ കരുത്തില്‍ കുതിര്‍ന്ന ഓടുകളെ പിടിച്ചു നില്‍ക്കുന്നു. കാറ്റുവീശുമ്പോഴും മഴ കനക്കുമ്പോഴും റംലത്തിന്റെ മനസ്സില്‍ തീയാണ്‌.

ഓടുകളെ താങ്ങി നിര്‍ത്തുന്ന നേര്‍ത്ത മരക്കഷണങ്ങളിലൂടെ വെള്ളം ഒലിച്ചിറങ്ങി പതം വന്നിരിക്കുന്നു. അതുവഴി വെള്ളം ഏറ്റുവാങ്ങുന്ന ചുവരുകളിലെ കുമ്മായക്കൂട്ട്‌ പാളികളായി അടര്‍ന്നു വീഴുന്നു. അത്യധികം ആശങ്കയോടെയാണ്‌ റംലത്തിന്റെ ദിവസങ്ങള്‍ കടന്നുപോകുന്നത്‌.

മുന്‍ വശത്തെ വാതിലിന്റെ വിള്ളലിലൂടെ പാമ്പും പട്ടിയും വെരുകുമൊക്കെ അകത്തേക്ക്‌ കയറുമെന്നായപ്പോള്‍ പട്ടികകള്‍ വെച്ച്‌ ആണിയടിച്ചു ഭദ്രമാക്കി. ഇനിയിപ്പോള്‍ കയറാനും ഇറങ്ങാനും ഒരു വാതില്‍. അടുക്കള ഏത്‌ നിമിഷവും കിണറിലേക്ക്‌ ചേരാന്‍ ഒരുങ്ങി നില്‍ക്കുന്നു. ആഹാര സാധനങ്ങള്‍ പോലും സുരക്ഷിതമായി വെക്കാന്‍ കഴിയില്ല.
വീടുകളില്‍ അടുക്കളപ്പണിക്ക്‌ സഹായിച്ചും പലഹാരങ്ങള്‍ ഉണ്ടാക്കി വിറ്റും കഷ്‌ടിച്ച്‌ കഴിഞ്ഞു കൂടുന്നു. മൂന്നു മക്കളാണ്‌. മൂത്തയാള്‍ നന്നേ ചെറുപ്പത്തില്‍ തന്നെ നാടുവിട്ടുപോയി. വല്ലപ്പോഴും കാണാറുണ്ട്‌. പിന്നെ ബിരുദത്തിനു പഠിക്കുന്ന മകനും പ്ലസ്‌ ടു വിദ്യാര്‍ഥിയായ മകളും. ആഹാരത്തിനും നിത്യ ചെലവിനും അല്ലാതെ, ഒരു ഓട്‌ മാറ്റിയിടാനുള്ള കാശ്‌ പോലും ഇവരുടെ പക്കലില്ല. 

കുട്ടികളുടെ പഠന ചെലവുകള്‍ കൂടി ഈ ഉമ്മ അരിഷ്‌ടിച്ചാണ്‌ കണ്ടെത്തുന്നത്‌. റംലത്തിന്‌ തിരിച്ചറിവുണ്ടാകുന്നതിന്‌ മുമ്പേ മാതാപിതാക്കള്‍ മരിച്ചു. സഹോദരി കല്യാണം കഴിഞ്ഞു പോയി. ഭര്‍ത്താവ്‌ വേറെയാണ്‌ താമസം.

ഒന്നുമില്ലായ്‌മയില്‍ നിന്നാണ്‌ ഉമ്മ വഴിക്കുള്ള ഈ കിടപ്പാടം കൈവന്നത്‌. ആകാശം കാണുന്ന മേല്‍ക്കൂരക്ക്‌ പ്ലാസ്‌റ്റിക്‌ പുതപ്പണിയിച്ചത്‌ ചില സഹൃദയരുടെ സഹായത്താലാണ്‌. റമദാനില്‍ ഉച്ച ഭക്ഷണം വേണ്ടെന്നത്‌ ഇവര്‍ക്ക്‌ തെല്ലൊന്നുമല്ല ആശ്വാസമാകുന്നത്‌. കുട്ടികളുടെ പുസ്‌തകങ്ങള്‍ നനയാതെ വെക്കാന്‍ സാഹസപ്പെടുന്നു. 

ഓടില്‍ പിടിച്ചു നില്‍ക്കുന്ന പൂതലിച്ച മേല്‍ക്കൂര ഏത്‌ സമയവും ഇവരുടെ മേല്‍ പതിക്കാം. ഈയിടെയായി വീട്ടിനകത്ത്‌ നില്‍ക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണ്‌. തൃക്കരിപ്പൂര്‍ പഞ്ചായത്ത്‌ പദ്ധതിയില്‍ വീടുവെക്കാന്‍ തറയുണ്ടാക്കിയിട്ടുണ്ട്‌. അവിടെ നിന്ന്‌ കിട്ടുന്ന വിഹിതത്തിനോപ്പം എന്തെങ്കിലും ചേര്‍ത്ത്‌ സ്വപ്‌നങ്ങള്‍ കെട്ടിയുയര്‍ത്താന്‍ റംലത്തിന്‌ കഴിയുമോ?

Keywords: Kasaragod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.