Latest News

ബ്ലാക്‌മെയില്‍ കേസ് പ്രതി ഒളിവില്‍ കഴിഞ്ഞത് എംഎല്‍എ ഹോസ്റ്റലില്‍

തിരുവനന്തപുരം: കൊച്ചി ബ്ലാക്‌മെയിലിങ് പെണ്‍വാണിഭ കേസിലെ പ്രതി ഒളിവില്‍ താമസിച്ചത് എംഎല്‍എ ഹോസ്റ്റലിലാണെന്ന് തെളിഞ്ഞു. ചേര്‍ത്തല സ്വദേശി ജയചന്ദ്രന്‍ ഒളിവില്‍ കഴിഞ്ഞത് മുന്‍ എംഎല്‍എ ടി.ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത മുറിയിലാണ്.

മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. എംഎല്‍എ ഹോസ്റ്റലില്‍ റെയ്ഡ് നടത്തുന്നതിനു നിയമസഭാ സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു. വിവരം ചോരുമെന്നതിനാല്‍ ലോക്കല്‍ പൊലീസിനെ പോലും അറിയിക്കാതെയാണ് റെയ്ഡ് നടത്തിയത്.

സുനില്‍ കൊട്ടാരക്കരയെന്നയാളുടെ പേരിലായിരുന്നു മുറിയെടുത്തിരുന്നത്. സുനില്‍ കൊട്ടാരക്കരയെത്തുമ്പോള്‍ താക്കോല്‍ കൈമാറണമെന്നും ഹോസ്റ്റല്‍ ജീവനക്കാര്‍ക്ക് നിര്‍ദേശമുണ്ടായിരുന്നു. സുനില്‍ കൊട്ടാരക്കരയെത്തി താക്കോല്‍ കൈപ്പറ്റിയ ശേഷമാണ് ജയചന്ദ്രന്‍ ഇവിടെ താമസിക്കാനെത്തിയത്.

ബുധനാഴ്ച രാത്രിയിലായിരുന്നു ഓപ്പറേഷന്‍ എംഎല്‍എ ഹോസ്റ്റല്‍. അതും നിയമസഭയുടെ പ്രത്യേക അനുമതിയോടു കൂടി. അതീവ രഹസ്യമായെത്തിയ പ്രത്യേക അന്വേഷണ സംഘം സംശയമുളള മുറികള്‍ ഓരോന്നും അരിച്ചുപെറുക്കി പരിശോധിച്ചു. ഇതിനിടെ റെയ്ഡ് വിവരം മണത്തറിഞ്ഞ പ്രതി ജയചന്ദ്രന്‍, കാറുമെടുത്ത് ഹോസ്റ്റലിനു പുറത്തേയ്ക്ക് കുതിച്ചു. പിന്തുടര്‍ന്ന പൊലീസ് സംഘം പ്രതിയെ എംഎല്‍എ ഹോസ്റ്റലിനു സമീപത്തുനിന്നുതന്നെ വിദഗ്ധമായി പിടികൂടി.

കൊച്ചി ബ്ലാക്‌മെയിലിങ് പെണ്‍വാണിഭ സംഘത്തിന് രാഷ്ട്രീയനേതാക്കളെയും ഉന്നതരെയും പരിചയപ്പെടുത്തുന്നതില്‍ നിര്‍ണായകകണ്ണിയായ ജയചന്ദ്രനെ ആഴ്ചകളായി പൊലീസ് തിരയുകയായിരുന്നു. മുന്‍ എംഎല്‍എ ടി.ശരത്ചന്ദ്രപ്രസാദിന്റെ പേരിലെടുത്ത നോര്‍ത്ത് ബ്ലോക്കിലെ 47-ാം നമ്പര്‍ മുറിയിലായിരുന്നു പ്രതിയുടെ ഒളിവു ജീവിതം.

അതേസമയം, ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് ടി. ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. സുനില്‍ കൊട്ടാരക്കരയ്ക്ക് മുറിയെടുത്തു നല്‍കിയെന്നും അദ്ദേഹം സമ്മതിച്ചു. ഇവന്റ് മാനേജ്‌മെന്റ് മാനേജര്‍ എന്ന നിലയില്‍ ജയചന്ദ്രനെ തനിക്കറിയാമെന്ന് ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു.

പത്തുരൂപയാണ് എംഎല്‍എ ഹോസ്റ്റലില്‍ മുന്‍ എംഎല്‍എമാര്‍ക്ക് നല്‍കേണ്ട ദിവസ വാടക. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ എംഎല്‍എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിഞ്ഞത് വിവാദമായിരുന്നു.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.