Latest News

പെരിന്തല്‍മണ്ണയിലെ ഡോ. അബ്ദുല്ല ഖലീല്‍ നെയ്മറുടെ എക്‌സറേ പരിശോധനയിലാണ്‌

മലപ്പുറം: കൊളംബിയയ്‌ക്കെതിരെയുള്ള ക്വാര്‍ട്ടറില്‍ എതിര്‍ കളിക്കാരന്റെ ഊക്കോടെയുള്ള തട്ടില്‍ നെയ്മര്‍ പിടഞ്ഞുവീണപ്പോള്‍ മലപ്പുറത്തെ ബ്രസീല്‍ ആരാധകരുടെയും നെഞ്ചിടിച്ചു. അവര്‍ ഭയന്നതുതന്നെ സംഭവിച്ചു-ഈ ലോകകപ്പില്‍ ഇനി നെയ്മറുണ്ടാവില്ല. ലോകം നെയ്മറുടെ പരുക്കിനെപ്പറ്റി ചര്‍ച്ചചെയ്യുമ്പോള്‍ ഇവിടെ പെരിന്തല്‍മണ്ണയിലെ ഒരു ഡോക്ടര്‍ നെയ്മറുടെ എക്‌സ് റേ പരിശോധനയിലാണ്. നെയ്മറുടെ നട്ടെല്ലിന്റെ എക്‌സ് റേ ബ്രസീലില്‍നിന്നു പെരിന്തല്‍മണ്ണയിലെത്തിയത് വാട്‌സ് ആപ്പിലൂടെയാണ്.

അതിന്റെ കഥ ഇങ്ങനെ: പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലെ സ്‌പോര്‍ട്‌സ് മെഡിസിന്‍ വിഭാഗം മേധാവി ഡോ. അബ്ദുല്ല ഖലീല്‍ പഠനത്തിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഫ്രാന്‍സില്‍ പോയിരുന്നു. ലിയോണിലെ സെന്റര്‍ ഓര്‍ത്തോപിഡിക് സാന്റി എന്ന സ്ഥാപനത്തിലായിരുന്നു ആറു മാസത്തെ പഠനം. ഫിഫയുടെ അംഗീകൃത കായിക ശസ്ത്രക്രിയാ വിദഗ്ധനും ലോകപ്രശസ്തനുമായ ഡോ. ബെര്‍ട്രാന്‍ഡ് കോട്ടെറ്റ് ആയിരുന്നു അധ്യാപകന്‍. പ്രമുഖ ക്ലബ്ബുകളായ ഒളിംപിക് ലിയോണ്‍, ടോട്ടനം തുടങ്ങിയവരൊക്കെ ഡോ. ബെര്‍ട്രാന്‍ഡിന്റെ സേവനം പ്രയോജനപ്പെടുത്തുന്നവരാണ്.

ബ്രസീലില്‍നിന്നുള്ള അസ്ഥിരോഗവിദഗ്ധരും ഡോ. അബ്ദുല്ലയ്‌ക്കൊപ്പം ഫ്രാന്‍സിലുണ്ടായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് ഡോക്ടറുടെ മൊബൈലിലേക്കു കൂട്ടുകാരായ ബ്രസീല്‍ ഡോക്ടര്‍മാരുടെ സന്ദേശമെത്തുന്നത്. പരുക്കുപറ്റിയ നെയ്മറുടെ നട്ടെല്ലിന്റെ എക്‌സ് റേ കണ്ടു ഡോക്ടര്‍ അതിശയിച്ചു.

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അംഗങ്ങളായ കായിക ശസ്ത്രക്രിയാ വിദഗ്ധര്‍ പരുക്കിനെപ്പറ്റി പറയുന്നതിങ്ങനെ: നെയ്മറുടെ നട്ടെല്ലിനു പൊട്ടലുണ്ട്. ഒന്നര മാസം മുതല്‍ മൂന്നു മാസം വരെ നെയ്മര്‍ക്കു കളിക്കാന്‍ കഴിയില്ല. പ്രത്യേക ചികില്‍സയില്ല. വിശ്രമത്തിലൂടെ പൊട്ടല്‍ മാറിക്കൊള്ളുമത്രെ. പക്ഷേ, കഠിനമായ വേദനയുണ്ടാകുമെന്നു മാത്രം.

Keywords: Malappuram, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.