Latest News

പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് 39 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു

കാസര്‍കോട്: തൊഴില്‍ രഹിതരായ പട്ടികവര്‍ഗ്ഗ യുവതികള്‍ക്ക് സ്വയം തൊഴില്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ജില്ലയിലെ 39 യുവതികള്‍ക്ക് ഓട്ടോറിക്ഷ വിതരണം ചെയ്തു.ജില്ലയില്‍ മൊത്തം 45 പേര്‍ക്കാണ് സൗജന്യ ഓട്ടോ അനുവദിച്ചിട്ടുളളത്. ബാക്കിയുളള ആറു പേര്‍ക്ക് ലൈസന്‍സ് ലഭ്യമാക്കുന്ന മുറയ്ക്ക് ഓട്ടോ നല്‍കുന്നതാണ്.

സംസ്ഥാനത്ത് മൊത്തം 500 ഓട്ടോറിക്ഷകള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ ബജറ്റില്‍ പ്രഖ്യാപിച്ചതനുസരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വിധവകള്‍, വിധവകളുടെ മക്കള്‍, അവിവാഹിതരായ അമ്മമാരും അവരുടെ മക്കള്‍ക്കും മുന്‍ഗണന നല്‍കികൊണ്ടാണ് ഓട്ടോ വിതരണം ചെയ്യുന്നത്.
എട്ടാം ക്ലാസ്സ് പാസ്സായവര്‍ക്കും മോട്ടോര്‍ വാഹന വകുപ്പ് എം.പാനല്‍ ചെയ്തിട്ടുളള ഡ്രൈവിംഗ് സ്‌കൂളുകളില്‍ നിന്നും ഡ്രൈവിംഗ് പരിശീലനം നേടിയവര്‍ക്കാണ് ഓട്ടോ അനുവദിച്ചിട്ടുളളത്. ഓട്ടോ ഡ്രൈവിംഗ് പരിശീലനത്തിന് സ്റ്റൈപ്പന്റും പരിശീലന ഫീസുമായി 5000 രൂപ വീതം അനുവദിച്ചിട്ടുണ്ട്. 1.40 ലക്ഷം രൂപ വിലയുളള പിയാജിയോ, ആപെ ഡീസല്‍ ഓട്ടോറിക്ഷകളാണ് വിതരണം ചെയ്തത്. സ്ത്രീകള്‍ ഓടിക്കുന്നതിനാല്‍ നീലയും മഞ്ഞയും നിറമുളളതാണ് ഓട്ടോകള്‍.

കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ഓട്ടോറിക്ഷാ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ.കുഞ്ഞിരാമന്‍ എം.എല്‍.എ(തൃക്കരിപ്പൂര്‍) നിര്‍വ്വഹിച്ചു. ചടങ്ങില്‍ പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. 

പ്രൊഫഷണല്‍ കോളേജുകളില്‍ കംപ്യൂട്ടര്‍ അടിസ്ഥാനമായി പഠനം നടത്തുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 6 വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ്‌ടോപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി നിര്‍വ്വഹിച്ചു.
കഴിഞ്ഞ അധ്യയന വര്‍ഷം എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച പരവനടുക്കം എംആര്‍എസ് നെയും മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുമാരി പ്രസീതയ്ക്കും പി.ബി അബ്ദുള്‍ റസാഖ് എം.എല്‍.എ ഉപഹാരം നല്‍കി അനുമോദിച്ചു. 

ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. വൈകുണ്ഠന്‍ ഓട്ടോ റിക്ഷകളുടെ ഫ്‌ളാഗ് ഓഫ് കര്‍മം നിര്‍വ്വിഹിച്ചു. കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് കെ. ജയലക്ഷ്മി ചടങ്ങില്‍ സന്നിഹിതയായിരുന്നു. ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസര്‍ ജാക്വിലിന്‍ ഷൈനി ഫെര്‍ണാണ്ടസ് സ്വാഗതവും അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ കെ.കൃഷ്ണപ്രകാശ് നന്ദിയും പറഞ്ഞു.


Keywords: Kasaragod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.