Latest News

ഇരട്ടക്കൊല: പ്രതിയെ കാസര്‍കോട്ടെത്തിച്ച് തെളിവെടുത്തു

കാസര്‍കോട്: സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് രണ്ടു യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളിലൊരാളുടെ വീട്ടിലും സ്വര്‍ണം വിറ്റ കച്ചവടസ്ഥാപനങ്ങളിലുമെത്തി കര്‍ണാടക പോലീസ് തെളിവെടുത്തു. പ്രതി മുഹമ്മദ് മുനവര്‍ സനാഫുമായി ചെര്‍ക്കള കെട്ടുക്കല്ലിലെ വീട്ടിലാണ് മംഗലാപുരം അസിസ്റ്റന്റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഏഴംഗസംഘമെത്തിയത്.

കള്ളക്കടത്തിലെ കണ്ണികളായ തലശ്ശേരി സെയ്താര്‍ പള്ളി സ്വദേശി നഫീര്‍(24), കോഴിക്കോട് കുറ്റിച്ചിറ തൃക്കോവില്‍പള്ളിയില്‍ ഫാഹിം(25) എന്നിവരാണ് മംഗലാപുരത്തെ വാടകവീട്ടില്‍ കഴിഞ്ഞയാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തില്‍ കാസര്‍കോട്ടെ ചെര്‍ക്കളയിലെ മുഹമ്മദ് മുനവര്‍ സനാഫ് (25), വിദ്യാനഗറിലെ മുഹമ്മദ് ഇര്‍ഷാദ് (24), മുഹമ്മദ് സഫ്വാന്‍ (23) എന്നിവരെ മംഗലാപുരം പോലീസ് പിടികൂടിയിരുന്നു. മൂന്നര കിലോ കള്ളക്കടത്തുസ്വര്‍ണം യഥാര്‍ഥ ആവശ്യക്കാര്‍ക്കെത്തിക്കാതെ മറിച്ചുവില്‍ക്കാന്‍ നഫീറിനെയും ഫാഹിമിനെയും സഹായിച്ചത് ഇവരായിരുന്നുവെന്നും കള്ളക്കടത്തുസംഘത്തിന്റെ പിടിയില്‍ തങ്ങളും പെടാതിരിക്കാനാണ് മൂവരും ചേര്‍ന്ന് യുവാക്കളെ കൊന്നതെന്നും പോലീസ് പറയുന്നു.

വ്യാഴാഴ്ച വൈകീട്ട് നാലരയോടെയാണ് കര്‍ണാടക പോലീസ് പ്രതിയെയും കൂട്ടി ചെര്‍ക്കളയിലെത്തിയത്. പൊതുജനശ്രദ്ധ ഒഴിവാക്കാനായി കര്‍ണാടക പോലീസിന്റെ വാഹനം ചെര്‍ക്കള പെട്രോള്‍ ബങ്കിനു സമീപം നിര്‍ത്തി ചുവന്ന നിറത്തിലുള്ള സ്‌കോര്‍പിയോയിലാണ് സനാഫിന്റെ വീട്ടിലെത്തിയത്. എന്നാല്‍ പ്രതിയെ വീട്ടിലെത്തിക്കുന്നുണ്ടെന്നറിഞ്ഞ് നാട്ടുകാര്‍ വീടിനു ചുറ്റും ഓടിക്കൂടി.

നാലരയോടെ മഫ്ടിയിലെത്തിയ കര്‍ണാടക പോലീസ്‌ ൈകയില്‍ വിലങ്ങണിയിച്ച് തൂവാലകൊണ്ട് മുഖം മറച്ചാണ് സനാഫിനെ വണ്ടിയില്‍നിന്നിറക്കിയത്. രണ്ടുമണിക്കൂര്‍നേരത്തെ തെളിവെടുപ്പിനു ശേഷം കാസര്‍കോട് നഗരത്തിലെ സ്വര്‍ണവ്യാപാരികളുടെ കച്ചവടസ്ഥാപനങ്ങളിലേക്കാണ് സംഘം പോയത്. ഇവരില്‍നിന്ന് നേരത്തേതന്നെ പോലീസ് സ്വര്‍ണം കണ്ടെടുത്തിരുന്നു. സന്ധ്യയോടെ തെളിവെടുപ്പ് പൂര്‍ത്തിയായി.

Keywords: Kasargod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.