പയ്യന്നൂര്‍: പോര്‍ചുഗീസ് അധിനിവേശവും കേരളത്തിന്‍െറ ആദ്യകാല ചരിത്രവും അനാവരണം ചെയ്ത് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ രചിച്ച ചരിത്ര ഗ്രന്ഥം ‘തുഹ്ഫത്തുല്‍ മുജാഹിദീ’ന് 430 വര്‍ഷങ്ങള്‍ക്കുശേഷം ദേശീയ തലത്തില്‍ അംഗീകാരം.
മൂലഗ്രന്ഥത്തിലെ അറബി പതിപ്പിന് പുറമെ നിലവിലെ ഇംഗ്ളീഷ്, മലയാളം വിവര്‍ത്തനങ്ങള്‍ക്കൊപ്പം ഹിന്ദി വിവര്‍ത്തനവും ഒരൊറ്റ പുസ്തകത്തില്‍ ഉള്‍പ്പെടുത്തി വിപണിയിലിറക്കുന്നതിന് നടപടികള്‍ പൂര്‍ത്തിയായി. കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള ഡല്‍ഹിയിലെ നാഷനല്‍ മാനുസ്ക്രിപ്റ്റ് മിഷന്‍ റിസോഴ്സ് സെന്‍ററിലെ ഗവേഷക സംഘ ത്തിന്‍െറ നേതൃത്വത്തില്‍ നാനൂറിലധികം പേജുകളുള്ള പുസ്തകം രാമാന്തളിയില്‍ അടുത്ത മാസം നടക്കുന്ന ചടങ്ങില്‍ പുറത്തിറക്കും.
ഇന്ത്യയിലും വിദേശത്തുമായി 38 ഭാഷകളില്‍ പരിഭാഷ പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് കേന്ദ്ര സര്‍ക്കാറിന് കീഴിലെ ഏജന്‍സി ഈ ചരിത്ര ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. മതപണ്ഡിതനും ചരിത്രകാരനുമായ മഖ്ദൂമിന്‍െറ ഈ രചന വിദേശത്താണ് ആദ്യം അച്ചടിച്ചത്. പ്രമുഖ ചരിത്രകാരനും കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. കെ.കെ.എന്‍. കുറുപ്പാണ് ജനറല്‍ എഡിറ്റര്‍. ഡോ. എന്‍.എം. അബ്ദുല്‍ ഖാദര്‍, ഇ. ഇസ്മാഈല്‍, ഇംറാന്‍ അഅ്ദമി, ഡോ. ഹുസൈന്‍ രണ്ടത്താണി എന്നിവരാണ് പരിഭാഷകര്‍.
പോര്‍ചുഗീസ് അധിനിവേശക്കാലത്ത് അവരുടെ അതിക്രമങ്ങളെ സാമൂതിരി രാജാവ് സൈനികമായി നേരിട്ടതും പോര്‍ചുഗീസുകാരുടെ ക്രൂരതകള്‍ക്കിരയായതുമാണ് പുസ്തകത്തിന്‍െറ ഇതിവൃത്തം. അധിനിവേശത്തിന്‍െറ ക്രൂരതകളെ അടയാളപ്പെടുത്തുന്നതോടൊപ്പം കേരളത്തില്‍ ഇസ്ലാമിന്‍െറ വ്യാപനവും പഴയകാല സാമൂഹിക അവസ്ഥകളും ജീവിതരീതികളും അനാവരണം ചെയ്യുന്നുണ്ട്. ‘പോരാളികള്‍ക്ക് പോര്‍ചുഗീസുകാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമ്മാനം’ എന്നാണ് മലയാളത്തില്‍ പുസ്തകത്തിന്‍െറ പൂര്‍ണമായ പേര്.
നാലുഭാഗങ്ങളുള്ള പുസ്തകത്തില്‍ വിശുദ്ധ യുദ്ധത്തിന്‍െറ മഹത്വം, രണ്ടാം ഭാഗത്ത് മലബാറിലെ ഇസ്ലാം മത പ്രചാരണത്തിന്‍െറ തുടക്കം, മൂന്നാം ഭാഗത്തില്‍ കേരളത്തിലെ ഹൈന്ദവ ആചാരങ്ങളും ജീവിതരീതിയും, നാലാം ഭാഗത്തില്‍ പോര്‍ചുഗീസ് അക്രമങ്ങളുടെ വിവരണം എന്നിവയാണുള്ളത്.
Keywords: Kerala News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment