Latest News

സൗദിയില്‍ നിന്ന് നാട്ടിലെത്തിയ മൂന്നുവയസുകാരി മിനിലോറിക്കടിയില്‍പ്പെട്ട് മരിച്ചു

മല്ലപ്പള്ളി: അമ്മയ്ക്കും അനിയത്തിക്കുമൊപ്പം സൗദിയില്‍ നിന്ന് നാട്ടിലെത്തിയ മൂന്നു വയസുകാരി സാധനങ്ങള്‍ ഇറക്കാനെത്തിയ മിനി ലോറിക്കടിയില്‍പ്പെട്ട് മരിച്ചു. കുന്നന്താനം ചക്കാലയില്‍ സഞ്ചുവില്ലയില്‍ (മണ്ണില്‍ പീസ് ലാന്റ്) നിബു പി. വറുഗീസിന്റെയും ഷെറിന്‍ ആന്‍ജോണിന്റെയും മുത്തമകള്‍ ഷെറാ പാറക്കടവില്‍ നിബുവാണ് അതിദാരുണമായി മരിച്ചത്.

ബുധനാഴ്ച രാവിലെ 9.30നാണ് സംഭവം. സൗദിയില്‍ നിന്ന് അമ്മയുമൊത്ത് കഴിഞ്ഞ 5ന് നാട്ടിലെത്തിയ ഷെറ ചൊവ്വാഴ്ച രാവിലെയാണ് മുണ്ടിയപ്പള്ളി ഇടമുറിയില്‍ ഷെറിന്‍ വില്ലയില്‍ താമസിക്കുന്ന മുത്തശ്ശനേയും മുത്തശ്ശിയേയും കാണാനെത്തിയത്. 

ബുധനാഴ്ച രാവിലെ മുത്തശ്ശന്‍ ജോണ്‍ മാത്യു വീടുപണിക്കുള്ള സാധനങ്ങള്‍ ഇറക്കുന്നതിനുവേണ്ടി വരുത്തിയതാണ് മിനിലോറി. സാധനങ്ങള്‍ ഇറക്കിയശേഷം ജോണ്‍ മാത്യുവും ലോറിയില്‍ കയറി. തുടര്‍ന്ന് വീട്ടുമുറ്റത്ത് വച്ച് വണ്ടി പിന്നോട്ടെടുത്തു തിരിക്കുന്നതിനിടെ കുട്ടി പിന്നിലെ ടയറുകള്‍ക്കടിയില്‍പെടുകയായിരുന്നു. 

വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന ഷെറാ മുറ്റത്തേക്ക് ഓടിയെത്തിയത് ആരുടേയും ശ്രദ്ധയില്‍ പെട്ടില്ല. ബഹളംകേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ചേര്‍ന്ന് സമീപമുള്ള മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലും തുടര്‍ന്ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ഷെറായെ രക്ഷിക്കാനായില്ല.
സൗദിയിലുള്ള നിബു വ്യാഴാഴ്ച നാട്ടിലെത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതാണ്. നേരത്തേ അവധി ലഭിച്ചതിനാല്‍ ഷെറിന്‍ മക്കളായ ഷെറായും ഒന്നര വയസുകാരി മന്നായുമൊത്ത് 5 ന് നാട്ടിലെത്തുകയായിരുന്നു. 28ന് തിരികെപോകാനിരിക്കയാണ് ദുരന്തമുണ്ടായത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.