Latest News

അമ്മായിമാര്‍ ഒരുങ്ങി... പുതിയാപ്ല സല്‍ക്കാരത്തിന്‌

മലപ്പുറം: മാനത്ത് ശവ്വാല്‍അമ്പിളി വിരിയുന്നതും നോക്കിയിരിക്കുകയാണ് അമ്മായിമാര്‍. കൊശിയൊത്ത സദ്യയൊരുക്കി പുതിയാപ്ലമാരെ സല്‍ക്കരിക്കണം. ഒന്നിനൊന്ന് മെച്ചപ്പെട്ട പുത്തന്‍വിഭവങ്ങള്‍ ഒരുക്കണം. പുതിയാപ്ലമാര്‍ക്കൊപ്പം കുടുംബങ്ങളെ സല്‍ക്കരിക്കണം. ഇങ്ങനെ നൂറുകൂട്ടം ചിന്തകളാണ് അമ്മായിമാര്‍ക്കുള്ളത്. ഭാര്യവീട്ടിലെ ആദ്യപെരുന്നാള്‍ വിരുന്നാളില്‍ പങ്കെടുക്കാന്‍ പുതിയാപ്ലമാരും ഒരുങ്ങിത്തുടങ്ങി.

വിഭവങ്ങളുടെ കലവറ ഒരുക്കാന്‍ അമ്മായിമാരും അണിഞ്ഞൊരുങ്ങി. അമ്മായിമാരുടെ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പുതിയാപ്ലമാരും ഒരുക്കം തുടങ്ങിയതോടെ നാട് പെരുന്നാള്‍ചൂടിലായി. ആദ്യപെരുന്നാള്‍ വിരുന്നിന് ഭാര്യവീട്ടില്‍ പോകുമ്പോള്‍ ഒന്നും കുറവുവരരുത് എന്നാണ് കണക്ക്കൂട്ടുന്നത്. നാട്ടിലെ വിഭവങ്ങളേക്കാള്‍ അറേബ്യന്‍ വിഭവങ്ങള്‍ ഒരുക്കാനാണ് അമ്മായിമാര്‍ തയ്യാറെടുക്കുന്നത്. ഭക്ഷണത്തില്‍ എക്കാലത്തും മുന്‍പന്തിയില്‍ നിന്നിരുന്ന ബിരിയാണിപോലും പുതുപുത്തന്‍ അറേബ്യന്‍ വിഭവങ്ങള്‍ക്ക് മുന്നില്‍ വഴിമാറിക്കൊണ്ടിരിക്കുകയാണ്. ആദ്യം പരിചയപ്പെട്ട മന്തിചോറും കബ്‌സയും ഒന്നും ആര്‍ക്കും വേണ്ടാതായി തുടങ്ങിയിട്ടുണ്ട്.

രുചിയിലല്ലെങ്കില്‍ അറേബ്യന്‍ പേരിലെങ്കിലും പിടിച്ചു നില്‍ക്കാനാണ് അമ്മായിമാര്‍ പുതുവിഭവങ്ങളെകുറിച്ച് ചിന്തിച്ചു തുടങ്ങിയിട്ടുള്ളത്. കുഴിമന്തി, മള്ബൂത്ത്, ഖുക്കാരി എന്നിങ്ങനെയുള്ള തനി അറബിനാട്ടിലെ ഭക്ഷണങ്ങളാണ് പുതിയാപ്ല സല്‍ക്കാരത്തിന് തീന്‍മേശയില്‍ നിറയുന്നത്. മേമ്പൊടിയായി ബ്രോസ്റ്റും അല്‍ഫായും കൂടെയാകുന്‌പോള്‍ സല്‍ക്കാരം കെങ്കേമമായി. ഇങ്ങനെ അമ്മായിമാരുടെ ഭാഗം ഒ.കെയായി.

മറുഭാഗത്ത് വസ്ത്രങ്ങളിലുണ്ടാകുന്ന കാലാനുസൃതമായ മാറ്റങ്ങളില്‍ മുന്തിയവ കണ്ടെത്തുന്ന തിരക്കിലാണ് പുതിയാപ്ലമാര്‍. അമ്മായിമാരുടെ സല്‍ക്കാരത്തിന് അടിപൊളിയായി അണിഞ്ഞൊരുങ്ങിയില്ലെങ്കില്‍ കുറച്ചില്‍ തന്നെയാണ്. പെരുന്നാളിന് മുമ്പ്തന്നെ ഭാര്യവീട്ടിലെ കുഞ്ഞുകുട്ടികള്‍ക്ക് ഉടയാടകളും വളയും മാലയും മൈലാഞ്ചിയുമൊക്കെ സമ്മാനിച്ച് പുതിയാപ്ലമാരും മാനം കക്കാന്‍ നോക്കുകയാണ്. എവിടെ നോക്കിയാലും പെരുന്നാള്‍ ഒരുക്കത്തിന്റെ വീര്‍പ്പുമുട്ടിലാണ്.

പുതുപെണ്ണുങ്ങളാകട്ടെ സ്വന്തം വീട്ടിലെ ആദ്യപെരുന്നാള്‍ വിരുന്ന് വന്നണയുന്നതും കാത്തിരിക്കുകയാണ്. വിരുന്നിന് വീട്ടില്‍ പോകുമ്പോള്‍ മധുരപലഹാരങ്ങള്‍ വാങ്ങിപ്പിക്കേണ്ടതും കയ്യില്‍ കരുതേണ്ടതും ഇവര്‍ തന്നെയായതിനാല്‍ അതിന് പുതുനാരിമാരും പ്രത്യേക ശ്രദ്ധകൊടുക്കുന്നുണ്ട്. ചെറുക്കനും പെണ്ണും വന്നുപോകാനുള്ള ചര്‍ച്ചയും ഭാര്യവീട്ടില്‍ പോകാനുള്ള ഒരുക്കങ്ങളെകുറിച്ചുള്ള ചര്‍ച്ചകളുമായി വധൂവരന്‍മാരും പെരുന്നാളിനെ കാത്തിരിക്കുകയാണ്.

മലബാറിലെ മുസ്‌ലിം കുടുംബത്തില്‍ കാണുന്ന ഒരു പ്രത്യേകത ആചാരങ്ങളാണ് ഈ സല്‍ക്കാരങ്ങള്‍. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇത് ഏററവം കൂടുതല്‍. പലപ്പോഴും ആഘോഷ വേളകളില്‍ ഇത്തരം ദൂര്‍ത്തിന്റെയും പൊങ്ങച്ചത്തിന്റെയും പേരില്‍ പൊടിക്കുന്നത് ലക്ഷങ്ങളാണ്.
ആഘോഷത്തിന്റെ വരവ് അറിയിച്ച് മാനത്ത് ശവ്വാല്‍ അമ്പിളി വിരിയുമ്പോള്‍ വിശ്വാസികളുടെ അകതാരില്‍ സ്‌നേഹത്തിന്റെ പൂത്തിരികളാണ് വിടരുന്നത്. സല്‍ക്കാരത്തിലും വിരുന്നിലുമൊക്കെ സ്‌നേഹത്തിന്റേയും ഐക്യത്തിന്റെയും സന്ദേശവും വിളിച്ചോതുന്നുണ്ട്. കുടുംബങ്ങളെ അടുത്തറിയാനും ബന്ധങ്ങള്‍ ശക്തിപ്പെടുത്താനും പെരുന്നാള്‍ വിരുന്നുകളും സല്‍ക്കാരങ്ങളും വഴിയൊരുക്കുന്നത്‌കൊണ്ടാണ് പെരുന്നാളിനെ ആഘോഷമാക്കാന്‍ വിശ്വാസികള്‍ തയ്യാറെടുക്കുന്നത്.

Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.