Latest News

റാഷിദിന് മയക്കുമരുന്ന് ഗുളിക പാക്കറ്റ് ഏല്‍പ്പിച്ച യുവാവിനെ തിരിച്ചറിഞ്ഞു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി റാഷിദിനെ കോട്ടച്ചേരി റെയില്‍വെ ഗേറ്റിനടുത്തു വച്ച് മയക്കുമരുന്ന് ഗുളികകള്‍ എന്നു സംശയിക്കുന്ന പാക്കറ്റ് ഏല്‍പ്പിച്ച യുവാവിനെ തിരിച്ചറിഞ്ഞു. റാഷിദിന്റെ കുവൈത്തിലുള്ള ഉറ്റ ചങ്ങാതി പഴയങ്ങാടി മാട്ടൂല്‍ സ്വദേശി ഫവാസിന്റെ സുഹൃത്തായ മാട്ടൂല്‍ ബീച്ച് റോഡിലെ നസീംമുസ്തഫയാണ് കാഞ്ഞങ്ങാട്ട് മോട്ടോര്‍ ബൈക്കിലെത്തി റാഷിദിന് പാക്കറ്റ് ഏല്‍പ്പിച്ചത്.

റാഷിദിന്റെ നാട്ടിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിലാണ് നസീംമുസ്തഫയെ തിരിച്ചറിഞ്ഞത്. നസീം കാഞ്ഞങ്ങാട് റെയില്‍ വെ ഗേറ്റിനടുത്ത് മോട്ടോര്‍ ബൈക്കിലെത്തി പാക്കറ്റ് റാഷിദിന് കൈമാറുമ്പോള്‍ റാഷിദിനോടൊപ്പം സുഹൃത്ത് മീനാപ്പീസ് സ്വദേശി ജാഫറും കൂടെയുണ്ടായിരുന്നു. ജാഫറാണ് നസീംമുസ്തഫയെ തിരിച്ചറിഞ്ഞത്. 

പാക്കറ്റുമായി കുവൈത്തിലേക്ക് യാത്ര തിരിച്ച റാഷിദിനെ വിമാനത്താവളത്തില്‍ വെച്ച് നര്‍ക്കോട്ടിക്‌സ് സെല്‍ പിടികൂടിയിരുന്നു. അവധി കഴിഞ്ഞ് കുവൈത്തിലേക്ക് മടങ്ങുമ്പോള്‍ വീട്ടില്‍ നിന്ന് ഏല്‍പ്പിക്കുന്ന പാക്കറ്റ് കുവൈത്തിലെത്തിക്കണമെന്ന് ഫവാസ് റാഷിദിനെ ഫോണില്‍ വിളിച്ചു പറയുകയായിരുന്നു. പഴയങ്ങാടിയിലെ വീട്ടിലേക്ക് പോകാന്‍ സമയമില്ലെന്ന് അറിയിച്ചപ്പോള്‍ തന്റെ സുഹൃത്ത് സാധനം കാഞ്ഞങ്ങാട്ട് എത്തിച്ചത്. 

റാഷിദ് പിടിയിലായതിനു ശേഷം നസീമിന്റെ ഫോണ്‍ സ്വിച്ച് ഓഫിലാണ്. യുവാവ് നാട്ടില്‍ നിന്ന് മുങ്ങിയതായാണ് സൂചന. കഴിഞ്ഞ ഒരാഴ്ചയോളമായി കുവൈത്തില്‍ സി ഐ ഡി വിഭാഗത്തിന്റെ കസ്റ്റഡിയിലായിരുന്ന റാഷിദിനെ സുലൈബ ജയിലിലേക്ക് അയച്ചിട്ടുണ്ട്. 

റാഷിദിന്റെ മോചനം സാധ്യമാക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് കുവൈത്ത് വംശജനായ അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം സുലൈബ പോലീസ് സ്റ്റേഷനിലും ജയിലധികൃതര്‍ക്കും റാഷിദിന്റെ യാത്രാരേഖകള്‍ ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. 

പാക്കറ്റിന്റെ രാസ പരിശോധനാ ഫലം പുറത്ത് വന്നിട്ടില്ല. അവധിയെ തുടര്‍ന്നും റംസാന്‍ പ്രമാണിച്ചും ജയിലില്‍ സന്ദര്‍ശകര്‍ക്ക് ചില പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. റാഷിദിനെ കാണാന്‍ അഭിഭാഷകന് ഞായറാഴ്ച സമയം അനുവദിച്ചു കിട്ടി. 

അതിനിടെ റാഷിദിനെ ചതിയില്‍ കുടുക്കിയ ഫവാസ് കുവൈത്തില്‍ അജ്ഞാത കേന്ദ്രത്തില്‍ തന്നെ ഒളിവില്‍ കഴിയുകയാണ്. കുവൈത്തിലെ ഫവാസിന്റെ ബന്ധു വീടുകളിലൊക്കെ റാഷിദിന്റെ സുഹൃത്തുക്കളും ബന്ധുക്കളും നേരിട്ടും അല്ലാതെയും നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഫവാസിനെ കുറിച്ച് തങ്ങള്‍ക്കൊന്നും അറിയില്ലെന്നാണ് വീട്ടുകാര്‍ നല്‍കിയ മറുപടി. 

ഫവാസ് കുവൈത്ത് രാജ്യം വിടാനുള്ള എല്ലാ പഴുതുകളും അടച്ചിട്ടതുകൊണ്ട് ഈ യുവാവ് നാട്ടിലെത്താനുള്ള സാധ്യത കുറവാണെന്നാണ് റാഷിദിന്റെ മോചനത്തിന് വേണ്ടി രംഗത്തുള്ള കുവൈത്തിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

Keywords: Kasaragod, Kanhangad, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.