Latest News

ജന്മനാട്ടിലേക്ക് മാലാഖമാര്‍ ആശ്വാസത്തോടെ പറന്നിറങ്ങി

കൊച്ചി: സമയം 11.50. ആഭ്യന്തര സംഘര്‍ഷം നടക്കുന്ന ഇറാക്കില്‍ നിന്ന് ഐ.എസ്.ഐ.എസ് തീവ്രവാദികള്‍ മോചിപ്പിച്ച 46 നഴ്‌സുമാരെയും വഹിച്ചുകൊണ്ടുള്ള എയര്‍ഇന്ത്യയുടെ ബോയിംഗ് 777 വിമാനം നെടുമ്പാശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് ആകാശത്ത് വട്ടമിട്ടു പറക്കുന്നു. വിമാനം ലാന്‍ഡു ചെയ്യാന്‍ തയ്യാറെടുക്കുകയാണെന്ന് പൈലറ്റ് നഴ്‌സുമാരെ അറിയിച്ചു. സീറ്റ് ബെല്‍റ്റ് മുറുക്കാനും നിര്‍ദ്ദേശം നല്‍കി. പൈലറ്റിന്റെ സന്ദേശം എത്തിയതോടെ ക്ഷീണം കാരണം അവശരായിരുന്നെങ്കിലും നഴ്‌സുമാര്‍ പെട്ടെന്ന് ഊര്‍ജ്ജസ്വലരായി. 25 ദിവസം നീണ്ട ദുരിതപര്‍വത്തിനൊടുവില്‍ ആപത്തില്ലാതെ ജന്മനാട്ടില്‍ കാലുകുത്തുന്നതിന്റെ ആഹ്‌ളാദവും ആവേശവും അവര്‍ പരസ്പരം പങ്കുവച്ചു.

അല്‍പസമയത്തിനുള്ളില്‍ റണ്‍വേയിലൂടെ വിമാനം ഓടിനീങ്ങിയ ശേഷം പതിയെ നിന്നു. ഇറാഖിലെ സംഘര്‍ഷം കണ്ട്മടുത്ത നഴ്‌സുമാര്‍ വിമാനത്തിന്റെ ജനാലയിലൂടെ അവ്യക്തമായി പുറത്തേക്ക് നോക്കി. അവിടെ മാലാഖമാരെ കാത്ത് മാതാപിതാക്കളും ബന്ധുക്കളുമടക്കം നിരവധി പേര്‍. പിന്നെ ഓരോരുത്തരായി വിമാനത്തില്‍ നിന്ന് പുറത്തേക്ക്. നഴ്‌സുമാരെ സ്വീകരിക്കാന്‍ സര്‍വവും സജ്ജമാക്കി നെടുമ്പാശേരി വിമാനത്താവള അധികൃതര്‍ കാത്തു നില്‍പുണ്ടായിരുന്നു. നഴ്‌സുമാരുടെ മോചനത്തിന് ഡല്‍ഹിയില്‍ ക്യാമ്പു ചെയ്ത് കേന്ദ്രവുമായി നിരന്തരം ബന്ധപ്പെട്ടു വന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വിമാനത്താവളത്തില്‍ എത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, മന്ത്രിമാരായ കെ.ബാബു, വി.എസ്.ശിവകുമാര്‍ തുടങ്ങിയവരും നഴ്‌സുമാരെ സ്വീകരിക്കാന്‍ എത്തി. വിമാനത്തില്‍ നിന്നിറങ്ങിയ നഴ്‌സുമാര്‍ക്ക് പൂച്ചെണ്ടുകള്‍ നല്‍കിയാണ് സ്വീകരിച്ചത്. ഇതിനിടയില്‍ തന്നെ, തങ്ങളുടെ മോചനത്തിനായി പ്രവര്‍ത്തിച്ച മുഖ്യമന്ത്രിക്കും മറ്റുള്ളവര്‍ക്കും നഴ്‌സുമാര്‍ നന്ദി രേഖപ്പെടുത്തി. ചിലരുടെ കണ്ണില്‍ നിന്ന് ആനന്ദാശ്രുക്കള്‍ പൊഴിഞ്ഞു.

പിന്നെ നഴ്‌സുമാര്‍ തങ്ങളെ കാത്തു നിന്ന മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഇടയില്‍ മാതാപിതാക്കളെ കണ്ട നഴ്‌സുമാര്‍ അവരെ കെട്ടിപ്പിടിച്ച് കരഞ്ഞു. ഇറാക്കില്‍ ജോലിക്ക് പോയി ഒന്നും നേടാതെ തിരിച്ചു വരേണ്ടി വന്നതിന്റെ ദു:ഖമായിരുന്നില്ല അവരെ കരയിച്ചത്. ഏറെ നാളായി കാണാതിരുന്ന അച്ഛനെയും അമ്മയെയും ബന്ധുക്കളെയും കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷമായിരുന്നു. മാതാപിതാക്കളും ബന്ധുക്കളും അവരെ വാരിപ്പുണര്‍ന്നു. സ്‌നേഹവായ്പു കൊണ്ട് മൂടുമ്പോള്‍ മാതാപിതാക്കളും തേങ്ങലടക്കാന്‍ പാടുപെട്ടു. വിമാനത്താവളത്തിലെ രംഗങ്ങള്‍ കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു.

പുലര്‍ച്ചെ 4.18നാണ് ഇര്‍ബില്‍ വിമാനത്താവളത്തില്‍ നിന്ന് എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം യാത്ര പുറപ്പെട്ടത്. വിമാനത്തിനായി കാത്തിരിക്കുന്ന നഴ്‌സുമാര്‍ സന്തോഷത്തില്‍ തന്നെ ആയിരുന്നു. ജോലി ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നതിന്റെ നിരാശ അവരുടെ മുഖത്ത് തെല്ലും ഉണ്ടായിരുന്നില്ല. പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസവും അവര്‍ ഇര്‍ബില്‍ വിമാനത്താവളത്തില്‍ മാദ്ധ്യമങ്ങളോട് പങ്കുവച്ചു. ഇടയ്ക്ക് അവര്‍ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചു.

തീവ്രവാദികള്‍ മാന്യതയോടെ പെരുമാറിയതെന്ന് നഴ്‌സുമാര്‍ ഇര്‍ബില വിമാനത്താവളത്തില്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. കുടിക്കാന്‍ വെള്ളവും ഭക്ഷണവും നല്‍കി. നിങ്ങളല്ല ഞങ്ങളുടെ ലക്ഷ്യമെന്ന് തീവ്രവാദികള്‍ പറഞ്ഞതായും നഴ്‌സുമാര്‍ പറഞ്ഞു.

പുലര്‍ച്ചെ പുറപ്പെട്ട വിമാനം 8.43ന് മുംബയ് വിമാനത്താവളത്തില്‍ ഇറങ്ങി. അവിടെ നിന്ന് ഇന്ധനം നിറച്ച ശേഷം 9.55നാണ് കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. നഴ്‌സുമാരെ അവരുടെ വീടുകളിലേക്ക് കൊണ്ടുപോവുന്നതിന് നോര്‍ക്ക പ്രത്യേകം വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പല നഴ്‌സുമാരുടെയും മാതാപിതാക്കള്‍ വാഹനം വാടകയ്ക്ക് വിളിച്ച് തന്നെയാണ് നെടുമ്പാശേരിയില്‍ എത്തിയത്.

ഇറാഖില്‍ നിന്ന് തിരിച്ചെത്തിയ നഴ്‌സുമാര്‍
കോട്ടയം ജില്ല: മീന ജോസഫ്, നിത്യമോള്‍ ജോണ്‍, ലഷ്‌മോള്‍ ജേക്കബ്, സലിജ ജോസഫ്, ആഞ്ജലീന ലൂക്ക, സബിതമോള്‍ ശശിധരന്‍, സ്മിതാമോള്‍ സുരേന്ദ്രന്‍, ലിറ്റി ജോയ്, ഷെറിന്‍ വര്‍ഗീസ്, സുനിത ഗോപി, ഷിബി ജോസ്, സോണ ജോസഫ്, വീണ ജോസഫ്, ശ്രുതി ശശികുമാര്‍, വിന്‍സി സെബാസ്റ്റിയന്‍, മറീന മറിയാമ്മ ജോസ്, സാന്ദ്ര സെബാസ്റ്റിയന്‍.

ഇടുക്കി ജില്ല: ജെന്‍സി ജെയിംസ്, നീനു ജോസ്, ടിന്റുമോള്‍ ജോസഫ്, ഷാന്റി ജോണ്‍, ഷിനുമോള്‍ ജോസഫ്, ജോസ്മി ഫ്രാന്‍സിസ്, ആന്‍സി ജോസഫ്. കണ്ണൂര്‍ ജില്ല സന്ധ്യ ജോസ്, രമ്യ ജോസ്, സൌമ്യ ബേബി, ഷിനു മരിയ അലക്‌സ്, സിനുമോള്‍ ചാക്കോ, ടീനു ജോണ്‍, ടിന്റു ജോബ്. എറണാകുളം ജില്ല സുമി ജോസ്, ശ്രുതി സുരേഷ്, റെനു ബാലകൃഷ്ണന്‍.

പത്തനംതിട്ട ജില്ല: വിദ്യ വിശ്വംഭരന്‍, പ്രസീതകുമാര്‍ കൃഷ്ണ, ജിജി രാജന്‍, ലിനു ബേബി. തൃശൂര്‍ ജില്ല–ടിന്‍സി തോമസ്, കാസര്‍കോട് സീലിമോള്‍ ജോര്‍ജ്. ആലപ്പുഴ ജില്ല സുബിന്‍ ആന്റണി. കോഴിക്കോട് ജില്ല: ഷിന്‍സി മത്തായി.\

Keywords: Kochi, Malayali Nurse, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.