Latest News

മനോജിന്റെ മരണം; ഹൈക്കോടതി പോലീസിനോട് റിപ്പോര്‍ട്ട് തേടി

ഉദുമ : ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടയില്‍ മരണപ്പെട്ട ഡിവൈഎഫ് ഐ പള്ളിക്കര കീക്കാന്‍ യൂണിറ്റ് പ്രസിഡണ്ട് ആലിങ്കാലില്‍ ടി മനോജ് (24) മരണപ്പെട്ട കേസ് എഴുതി തള്ളിയ ബേക്കല്‍ പോലീസിന്റെ നടപടിയെക്കുറിച്ച് കേരള ഹൈക്കോടതി വിശദീകരണം തേടി. 

2012 ആഗസ്റ്റ് 2 നാണ് മനോജിന്റെ മരണം സംഭവിച്ചത്. മുസ്ലീംലീഗ് പ്രവര്‍ത്തകരുടെ അടിയേറ്റാണ് മനോജ് മരണപ്പെട്ടതെന്നായിരുന്നു പരാതി. തച്ചങ്ങാട് നടന്ന സിപി എം പ്രകടനത്തിനിടെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചു വിടുകയായിരുന്നുവെന്നാണ് സി പി എം കേന്ദ്രങ്ങള്‍ വ്യക്തമാക്കിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് പതിനഞ്ചോളം മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ബേക്കല്‍ പോലീസ് കേസെടുക്കുകയും ചെയ്തു. 

മനോജിന്റെ മരണത്തിനു പിന്നില്‍ ദുരൂഹത ഉയര്‍ന്ന പശ്ചാത്തലത്തില്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ഷെര്‍ലി മാത്യുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. നേരത്തെ പരിയാരം മെഡിക്കല്‍ കോളേജിലെ പോലീസ് സര്‍ജന്‍ എസ് ഗോപാലകൃഷ്ണയുടെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താനാണ് തീരുമാനിച്ചതെങ്കിലും വിവാദങ്ങളും ദുരൂഹതകളും അകറ്റാന്‍ സി പി എം നേതാക്കളുമായി പോലീസ് ചര്‍ച്ച നടത്തി അവരുടെ സമ്മതത്തോടു കൂടിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയത്.
ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തിരുന്നുവെങ്കിലും മരണകാരണം ഹൃദയസ്തംഭനമാണെന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എഴുതി തള്ളുകയായിരുന്നു. ഇതിനെതിരെ അന്ന് അക്രമത്തില്‍ പരിക്കേറ്റ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ അമ്പങ്ങാട്ടെ എ പി ശിവപ്രസാദ് കേരള ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് എഴുതി തള്ളിയ നടപടി രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്നും പ്രതികളെ രക്ഷിക്കാനാണിതെന്നും ആരോപിച്ച് ശിവപ്രസാദ് സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് കെ രാമകൃഷ്ണനാണ് പരിഗണിച്ചത്. 

കേസിന്റെ അന്വേഷണം ഏത് സാഹചര്യത്തിലാണ് അവസാനിപ്പിച്ചതെന്ന് കോടതി പോലീസിനോട് ആരാഞ്ഞിട്ടുണ്ട്. അന്വേഷമത്തിന്‍രെ പൂര്‍ണ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദ്ദേശം നല്‍കി. നെഞ്ചിനേറ്റ ശക്തമായ മര്‍ദ്ദനമാണ് മരണകാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഉണ്ടെന്നും പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താത്തത് രാഷ്ട്രീയ സമ്മര്‍ദ്ദം മൂലമാണെന്നും അഡ്വ. എസ് യു നാസര്‍ മുഖേന ശിവപ്രസാദ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മനോജിന്റെ മരണത്തെക്കുറിച്ച് അനേ്വഷിക്കാന്‍ പ്രതേ്യക അനേ്വഷണസംഘം രൂപീകരിച്ചിരുന്നു. കാഞ്ഞങ്ങാട് എ എസ് പി യായിരുന്ന എച്ച് മഞ്ചുനാഥയുടെ നേതൃത്വത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി തമ്പാന്‍, സിഐമാരായ കെ വി വേണുഗോപാല്‍, കെ സതീഷ്‌കുമാര്‍, എസ് ഐ മാരായ വിജയന്‍, ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതേ്യക അനേ്വഷണ സംഘമാണ് കേസ് അന്വേഷിച്ചത്.

പള്ളിക്കര കീക്കാനത്തെ ആലിങ്കാലില്‍ പരേതനായ രാഘവന്റെയും നാരായണിയുടെയും ആറ് മക്കളില്‍ ഇളയവനാണ് മരണപ്പെട്ട മനോജ്. സുലോചന, സുരേഷ്, മണികണ്ഠന്‍, പരേതരായ അംബിക, ബേബി എന്നിവര്‍ സഹോദരങ്ങളാണ്. കാസര്‍കോട് വിദ്യാനഗറിലുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു മനോജ്.

Keywords:Kasargod, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.