Latest News

ഖത്തറില്‍ നിന്നും കോടികളുമായി മലയാളി മുങ്ങിയതായി പരാതി

ദോഹ: ന്യൂ വക്‌റയിലെ അല്‍ജാസിയ സ്ട്രീറ്റില്‍ പുതുതായി ആരംഭിച്ച വ്യാപാര കമ്പനി ഉടമ ദശലക്ഷങ്ങളുടെ റിയാല്‍ വെട്ടിച്ച് കടന്നതായി വിതരണക്കാര്‍ പരാതിപ്പെട്ടു. സമാനമായ സംഭവം നടന്ന് മാസങ്ങള്‍ക്കകമാണ് പുതിയ തട്ടിപ്പ്. കൂടുതല്‍ വ്യാപാരികള്‍ പരാതിയുമായി രംഗത്തെത്തിക്കൊണ്ടിരിക്കുന്നതിനാല്‍ കോടികളുടെ തട്ടിപ്പ് നടന്നതായാണ് മനസ്സിലാവുന്നത്. 

വിവിധ ഉല്‍പ്പന്നങ്ങള്‍ വാങ്ങി പോസ്റ്റ് ഡേറ്റഡ് ചെക്ക് നല്‍കുകയായിരുന്നു. ചെക്കുകള്‍ പണമില്ലാതെ തിരിച്ച് വന്നു തുടങ്ങിയതോടെയാണ് തട്ടിപ്പ് വെളിച്ചത്ത് വന്നത്. ബാങ്കില്‍ അന്വേഷണം നടത്തിയപ്പോള്‍ എക്കൗണ്ട് ശൂന്യമാണെന്ന് മനസ്സിലായി. തട്ടിപ്പ് നടത്തിയ കമ്പനി ഉടമയായ മലയാളി നാട്ടിലേക്ക് മുങ്ങിയതായാണ് അറിയുന്നത്.
അല്‍ജാസിയ സ്ട്രീറ്റിലെ റൗണ്ട് എബൗട്ടിനു സമീപമുള്ള കമ്പനിയുടെ വെയര്‍ഹൗസും ഓഫിസും അടഞ്ഞുകിടക്കുകയാണ്. പോസ്റ്റ് ഡേറ്റഡ് ചെക്ക് വാങ്ങി ലക്ഷം റിയാലിന്റെ സുരക്ഷാ ഉപകരണങ്ങളും അനുബന്ധ വസ്തുക്കളും നല്‍കിയിരുന്നതായി തട്ടിപ്പിനിരയായ സ്ഥാപനങ്ങളിലൊന്നിന്റെ മാനേജര്‍ പറഞ്ഞു.
സാധനങ്ങള്‍ നല്‍കും മുമ്പ് തട്ടിപ്പ് നടത്തിയ കമ്പനിയുടെ ബാങ്ക് എക്കൗണ്ട് പരിശോധിച്ചിരുന്നു. എക്കൗണ്ടില്‍ ആവശ്യത്തിന് പണമുണെ്ടന്നാണ് വ്യക്തമായത്. എന്നാല്‍, കഴിഞ്ഞ ദിവസം വീണ്ടും പരിശോധിച്ചപ്പോള്‍ എക്കൗണ്ട് ശൂന്യമായിരുന്നു. മൂന്ന് ലക്ഷം റിയാലിന്റെയും രണ്ട് ലക്ഷം റിയാലിന്റെയും സാധനങ്ങള്‍ നല്‍കിയതായി മറ്റു രണ്ടു പേര്‍ പരാതിപ്പെട്ടു. ഭക്ഷ്യ വസ്തുക്കളും ഇലക്ട്രിക്കല്‍ ഉപകരണങ്ങളുമാണ് ഇവര്‍ നല്‍കിയിരുന്നത്.
പ്രധാന സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പ്രവാസികളില്‍ നിന്ന് 20,000 മുതല്‍ 45,000 റിയാല്‍ വരെ തട്ടിയതായും അറിവായിട്ടുണ്ട്. 

തട്ടിപ്പ് നടത്തിയ കമ്പനിയുടെ ജീവനക്കാര്‍ വിലപിടിപ്പുള്ള കാറുകളിലാണ് ഓര്‍ഡര്‍ എടുക്കാന്‍ വന്നിരുന്നത്. വിശ്വസനീയമായ രീതിയിലാണ് കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നത്. എന്നാല്‍, ജീവനക്കാര്‍ക്ക് തട്ടിപ്പില്‍ പങ്കില്ലെന്നാണ് കരുതുന്നത്. ജൂണ്‍ മുതലാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്ന ഓഫിസ് വാടകക്കെടുത്തതെന്ന് കെട്ടിട ഉടമ പറഞ്ഞു. ഗോഡൗണിലുള്ള സാധനങ്ങളും അപ്രത്യക്ഷമായിട്ടുണ്ട്. സാധനങ്ങളെല്ലാം കിട്ടിയ വിലക്ക് വിറ്റുകാലിയാക്കിയതായാണ് മനസ്സിലാവുന്നത്.
റമസാന് രണ്ടു ദിവസം മുമ്പ് തട്ടിപ്പ് നടത്തിയയാള്‍ നാടുവിട്ടതായി വിതരണക്കാര്‍ ആരോപിച്ചു. തട്ടിപ്പിനിരയായവര്‍ ഇയാളുടെ നാട്ടിലെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ ഫോണെടുക്കാത്ത സ്ഥിതിയാണ്. സിഗ്നല്‍ പരിശോധിച്ചതില്‍ നിന്ന് തൃശൂര്‍ ചാവക്കാട് ഭാഗത്ത് ഉണെ്ടന്നാണ് വ്യക്തമായത്.
കമ്പനിക്കെതിരേ കോടതിയെ സമീപിക്കും മുമ്പ് കമ്പനിയുടെ മാനേജര്‍മാരില്‍ ചിലര്‍ക്കെതിരേ യാത്രാ നിരോധനം ഏര്‍പ്പെടുത്തുന്നതിന് വിതരണക്കാര്‍ പോലിസ് സഹായവും തേടിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ദോഹയിലെ ഒരു വ്യാപാര കമ്പനി നിരവധി വിതരണക്കാരില്‍ നിന്ന് ലക്ഷക്കണക്കിന് റിയാലിന്റെ നിര്‍മാണ വസ്തുക്കള്‍ വാങ്ങി മുങ്ങിയിരുന്നു. അതിന്റെ ഇരകള്‍ക്ക് ഇനിയും പണം തിരിച്ചുകിട്ടിയിട്ടില്ല.

Keywords: Qatar, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.