തളിപ്പറമ്പ: താഴെ ചൊവ്വ അസി. ഖത്തീബ് മംഗലാപുരം ബല്‍ത്തങ്ങാടി സ്വദേശി കുണ്ടടുക്ക ആസിം അബൂബക്കറി(30) ന്റെ കാറില്‍ നിന്ന് 1,30,000 രൂപ കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ബക്കളം പുതുപ്പാറ മൊട്ടന്റകത്ത് അബ്ദുള്‍ ഖാദര്‍ എന്ന ബാരാന്‍ ഖാദര്‍ (37) ആണ് പിടിയിലായത്.
കഴിഞ്ഞ ജൂണ്‍ 26ന് പുലര്‍ച്ചെയാണ് പണം കവര്‍ന്നത്. നാട്ടില്‍ പോയി താഴെ ചൊവ്വയിലേക്ക് മടങ്ങി വരുന്നതിന് ഇടയില്‍ ആസിം അബൂബക്കര്‍ ഓടിച്ച കെ.എ 21 എല്‍ 2172 വാഗണര്‍ കാറിലെ പെട്രോള്‍ തീര്‍ന്നുപോയി. ഇതേ തുടര്‍ന്ന് ധര്‍മ്മശാല പെട്രോള്‍ പമ്പില്‍ കാര്‍ കയറ്റിയിട്ട് അതിനകത്ത് ഉറങ്ങുകയായിരുന്നു ആസിം അബൂബക്കര്‍. പുലര്‍ച്ചെ 3.28നും 3.45നും ഇടയില്‍ കവര്‍ച്ച നടക്കുന്നത് പെട്രോള്‍ പമ്പിലെ സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് അബ്ദുള്‍ ഖാദറും മറ്റൊരു യുവാവുമാണ് ഇതിന് പിറകിലെന്ന് തെളിഞ്ഞു.
പോലീസ് വല വീശിയതായി മനസ്സിലാക്കിയ അബ്ദുള്‍ ഖാദര്‍ കാസര്‍കോട്ടേക്ക മുങ്ങുകയായിരുന്നു. കാസര്‍കോട്ട് ഭാഗത്ത് ഇയാള്‍ ഒളിച്ചുകഴിയുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് സി.ഐ: പി.കെ.സന്തോഷും സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രനും ചേര്‍ന്ന് അബ്ദുള്‍ ഖാദറെ പിടികൂടുകയായിരുന്നു. ഇയാളുടെ കൂട്ടാളിയെയും തിരിച്ചറിഞ്ഞിട്ടുണ്ട്. അയാള്‍ക്കു വേണ്ടി പോലീസ് വല വീശിയിട്ടുണ്ട്. അസി. ഖത്തീബിന്റെ പണം കവര്‍ന്ന അതേ ദിവസം തന്നെ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട ലോറിയില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും കവര്‍ന്നതായി അബ്ദുള്‍ ഖാദര്‍ പോലീസിനോട് സമ്മതിച്ചു.
തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഏഴു കേസുകളിലും തലശേരി, പരിയാരം സ്റ്റേഷന്‍ പരിധികളിലെ ഓരോ കേസിലും പ്രതിയാണ് അബ്ദുള്‍ ഖാദര്‍.
2013 ഒക്ടോബര്‍ 14ന് മോഷണക്കേസുമായി ബന്ധപ്പെട്ട് അബ്ദുള്‍ ഖാദറെയും കൂട്ടാളി നവീന്‍ എന്ന മുത്തുവിനെയും തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സപ്തംബര്‍ 24ന് ബക്കളത്തെ സജില ടീച്ചറുടെ വീട് കുത്തിത്തുറന്ന് 6000 രൂപയും മൊബൈല്‍ ഫോണും പറശിനി ആയുര്‍വാദ കോളേജിലെ ഡോ.മുരളീധരന്റെ കോള്‍മൊട്ടിയിലെ വീട്ടില്‍ നിന്ന് 3000 രൂപയും മൊബേല്‍ ഫോണും കവര്‍ന്ന കേസിലാണ് ഇവര്‍ അറസ്റ്റിലായത്. ആ കേസില്‍ ഇവര്‍ പിന്നീട് ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം കൂട്ടാളി നവീന്‍ ജീവനൊടുക്കി. എന്നാല്‍ അബ്ദുള്‍ ഖാദര്‍ പഴയ ഏര്‍പ്പാട് തുടരുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയ ശേഷം കഴിഞ്ഞ ഏപ്രില്‍ 22ന് രാത്രി അരിപ്പാമ്പ്രയില്‍ നിര്‍ത്തിയിട്ട നയന ബസ്സിന്റെ മുന്‍വശത്തെ ഗ്ലാസ് ഇയാള്‍ എറിഞ്ഞ് തകര്‍ത്തിരുന്നു. നേരത്തെ പല തവണ ഈ ബസി്‌ന് നേരെ അബ്ദുള്‍ ഖാദര്‍ അക്രമം നടത്തിയതിനെ തുടര്‍ന്ന് ഉടമ പൂമംഗലം സ്വദേശി നാരായണന്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഷാഫിക്ക് ബസ് വില്‍ക്കുകയായിരുന്നു. എന്നിട്ടും അബ്ദുള്‍ ഖാദര്‍ അക്രമം നിര്‍ത്തിയില്ല. വായാട് വിവാഹം കഴിച്ച അബ്ദുള്‍ ഖാദര്‍ ഭാര്യയുമായി പിണങ്ങിയതിന് ശേഷം ഭാര്യ വീടിന് തീപിടിച്ചുവെന്ന് പറഞ്ഞ് ഫയര്‍ഫോഴ്‌സിനെ വിളിച്ചു വരുത്തി കബളിപ്പിക്കലും പതിവായിരുന്നു. ബക്കളത്തെ തെരുവുവിളക്കുകളുടെ ഫ്യൂസ് ഊരി മാറ്റലാണ് മറ്റൊരു പ്രധാന വിനോദം.



No comments:
Post a Comment