Latest News

ആരാധകലക്ഷങ്ങളുടെ പ്രാര്‍ഥന വിഫലമായില്ല;അര്‍ജന്റീന സെമിയില്‍

ബ്രസീലിയ: ആരാധകലക്ഷങ്ങളുടെ പ്രാര്‍ഥന വിഫലമായില്ല. അര്‍ജന്റീന രണ്ടര പതിറ്റാണ്ടിനുശേഷം ഒരിക്കല്‍ക്കൂടി ലോകകപ്പിന്റെ സെമിഫൈനലില്‍. അഞ്ചു മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രം ഫോം കണ്ടെത്തിയ ഗോണ്‍സാലോ ഹിഗ്വായ്ന്‍ നേടിയ ഒരു ഗോളിന് ബെല്‍ജിയത്തെ മറികടന്നാണ് അവര്‍ അവസാന നാലു പേരില്‍ ഒരാളായത്. റണ്ണറപ്പായ 1990ലാണ് അര്‍ജന്റീന അവസാനമായി സെമിയില്‍ മത്സരിച്ചത്.

മത്സരത്തിന്റെ എട്ടാം മിനിറ്റിലായിരുന്നു വിധിയെഴുതിയ ഹിഗ്വായ്‌ന്റെ അപ്രതീക്ഷിത ഗോള്‍. മധ്യനിരയില്‍ മെസ്സിയാണ് തുടങ്ങിയത്. തന്ത്രപൂര്‍വം വട്ടംകറങ്ങി രണ്ട് മധ്യനിരക്കാരുടെ ശല്ല്യം ഒഴിവാക്കി മെസ്സി കൊടുത്ത പന്ത് ഡീ മാരിയ വലതു വശത്ത് സബെലെറ്റയെ ലാക്കാക്കിയാണ് പന്ത് തള്ളി കൊടുത്തത്. എന്നാല്‍ അതൊരു ഡിഫന്‍ഡറുടെ കാലില്‍ ഇടിച്ച് നേരെ ചെന്നത്ത് ബോക്‌സില്‍ പ്രതിരോധമതിലിന് തൊട്ടുമുന്നില്‍ നിലയുറതിച്ച ഹിഗ്വായ്‌നിലേയ്ക്ക്. പന്ത് കിട്ടിയ ഹിഗ്വായ്ന്‍ ബെല്‍ജിയം നായകന്‍ കംപാനി അടക്കമുള്ള ഡിഫന്‍ഡര്‍മാര്‍ നോക്കിനില്‍ക്കെ അധികം അമാന്തിക്കാതെ പോസ്റ്റിലേയ്ക്ക് നിറയൊഴിച്ചു. ഗോളിക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.

ആവേശകരമല്ലാത്ത ഗോള്‍ പോലെ തന്നെ പതിഞ്ഞ താളത്തിലായിരുന്നു അര്‍ജന്റീനയുടെ കളിയത്രയും. അപ്രതീക്ഷിത ഗോള്‍, എന്നാല്‍, ഹിഗ്വായ്‌ന്റെ കളി മാറ്റിമറിച്ചു. അഞ്ചു കളികള്‍ക്കൊടവില്‍ ആത്മവിശ്വാസം വീണ്ടെടുത്ത ഹിഗ്വായ്ന്‍ അര്‍ജന്റീനയുടെ മുന്നേറ്റങ്ങളില്‍ വലിയ പങ്കാണ് വഹിച്ചത്. മികച്ച മുന്നേറ്റം നടത്തിയ മെസ്സിക്ക് നല്ല കൂട്ടായിരുന്നു ഹിഗ്വായ്ന്‍. രണ്ടാളെ വച്ച് മെസ്സിയെ നന്നായി മാര്‍ക്ക് ചെയ്ത ബെല്‍ജിയത്തിന് പലപ്പോഴും തലവേദന സൃഷ്ടിക്കാന്‍ ഹിഗ്വായ്‌ന് കഴിഞ്ഞു.

55-ാം മിനിറ്റില്‍ ഹിഗ്വായ്ന്‍ ഡബിള്‍ തികച്ചുവെന്ന് ഏതാണ്ട് ഉറപ്പിച്ചതായിരുന്നു. മുഴുവന്‍ ബെല്‍ജിയന്‍ പ്രതിരോധത്തെയും വെട്ടിച്ച് ഉജ്വലമായി മുന്നേറിയ ഹിഗ്വായ്ന്‍ ഗോളി മാത്രം മുന്നില്‍ നില്‍ക്കെ ഒന്നാന്തരമൊരു ഷോട്ട് പായിച്ചെങ്കിലും ബാറിലിടിച്ചു മടങ്ങുകയാണുണ്ടായത്.

അര്‍ജന്റീന പിന്നീട് ഗോളിനോട് ഏറ്റവും അടുത്തെത്തിയത് 94-ാം മിനിറ്റിലാണ്. ലയണല്‍ മെസ്സിയിലൂടെ. എന്നാല്‍, മെസ്സി ഒരു തുറന്ന അവസരം കളഞ്ഞുകളിക്കുന്നതും അപ്പോള്‍ കണ്ടു. മധ്യനിരയില്‍ ഒരു പ്രത്യാക്രമണത്തില്‍ നിന്നു കിട്ടിയ പന്തുമായി ആളില്ലാ ബെല്‍ജിയന്‍ ഗോള്‍ ഏരിയയിലൂടെ ഒറ്റയ്ക്ക് കുതിച്ച മെസ്സിക്ക് പക്ഷേ, അഡ്വാന്‍സ് ചെയ്ത ഗോളി തിബോ കുര്‍ട്ട്വയെ മറികടക്കാന്‍ കഴിഞ്ഞില്ല. ഇതടക്കം ഒന്നാന്തരം ചില സേവുകളാണ് ബെല്‍ജിയന്‍ ഗോളി നടത്തിയത്.

പിന്‍നിരയുടെ കാര്യം മറന്ന് വമ്പന്‍ മുന്നേറ്റങ്ങളെ ആശ്രയിക്കുന്ന തന്ത്രം പയറ്റാത്തതു കൊണ്ടുതന്നെയാണ് അര്‍ജന്റീനയ്ക്ക് മേധാവിത്വം ലഭിച്ചിട്ടും അത്രയേറെ അവസരങ്ങള്‍ തുറന്നെടുക്കാന്‍ കഴിയാതിരുന്നത്. നെയ്മറെ കൊളംബിയ ചെയ്തതുപോലെ മെസ്സിയെ ബെല്‍ജിയവും പൂട്ടുമെന്ന ധാരണയുണ്ടായിരുന്നു കോച്ച് അലക്‌സാന്‍ഡ്രോ സബെല്ലയ്ക്ക്. അതുകൊണ്ടുതന്നെ ഒരു നീക്കത്തിലും ആവേശ നിറയ്ക്കാതെയാണ് അര്‍ജന്റീന കളിച്ചത്. പന്തു കിട്ടിയാല്‍ അനാവശ്യമായ ധൃതിയോടെ ഓടിക്കയറാതെ പൊസഷനില്‍ ശ്രദ്ധിച്ച് നന്നായി കൈമാറി കരുത്തുറ്റ ബെല്‍ജിയം പിന്‍നിരയില്‍ വീണുകിട്ടുന്ന ഒഴിവിടങ്ങള്‍ കണ്ടെത്തി നുഴഞ്ഞു കയറുന്നതായിരുന്നു അവരുടെ തന്ത്രം. ഈയൊരു മെല്ലെപ്പോക്ക് മെസ്സിയുടെ ഡ്രിബിളിങ്ങില്‍പ്പോലും പ്രകടമായിരുന്നു. മെസ്സി പിന്‍നിരയിലേയ്ക്കിറങ്ങി നീക്കങ്ങള്‍ നിയന്ത്രിച്ചു. അസൂയാവഹമായിരുന്നു മെസ്സിയുടെ മുന്നേറ്റങ്ങളില്‍ പലതും. കിറു കൃത്യമായിരുന്നു ഹിഗ്വായ്‌നിലേയ്ക്കും ലവെസിയിലേയ്ക്കുമെല്ലാം നീണ്ടുചെന്ന പാസുകള്‍. ഈ മുന്നേറ്റങ്ങളില്‍ ക്യാപ്റ്റന്‍ വിന്‍സന്റെ് കംപാനിയാണ് ബെല്‍ജിയത്തിന്റെ യഥാര്‍ഥ രക്ഷകനായത്. മെസ്സിക്കോ ഹിഗ്വായ്‌നോ ഡീ മാരിയക്കോ കംപാനിയെന്ന അതികായനെ മറികടക്കാന്‍ കഴിഞ്ഞില്ല. ശരിക്കും ഗോളിന് മുന്നിലെ ഒരു വന്‍മതില്‍.

എന്നാല്‍, ബോള്‍ പൊസഷന്റെ ആനുകൂല്യം ബെല്‍ജിയം ഗോള്‍ ഏരിയയിലെ അപകട നീക്കങ്ങളായി തളര്‍ത്തിയെടുക്കുന്നതില്‍ അര്‍ജന്റീനയ്ക്ക് അത്രയൊന്നും കഴിഞ്ഞില്ല. പ്രീക്വാര്‍ട്ടറില്‍ ഗോള്‍ നേടിയ ഡീ മാരിയയും സജീവമായിരുന്നു മിഡ്ഫീല്‍ഡില്‍. 29-ാം മിനിറ്റില്‍ ബെല്‍ജിയം ഗോള്‍ ഏരിയയിലേയ്ക്ക് തള്ളിക്കയറിയ ഡീ മാരിയയുടെ ഗോള്‍ശ്രമത്തിന്റെ വഴിമുടക്കിയത് കംപാനിയാണ്.

വലതു പാര്‍ശ്വത്തിലൂടെ ലവെസി ചില നല്ല നീക്കങ്ങള്‍ നടത്തിയെങ്കിലും ഇതില്‍ നിന്നു പിറന്ന ക്രോസുകള്‍ കണക്റ്റ് ചെയ്യപ്പെടാതെ പാഴാവുകയായിരുന്നു. ഇതിനിടെ ഡീ മാരിയ പരിക്കേറ്റ് പിന്‍വാങ്ങിയത് അര്‍ജന്റൈന്‍ മുന്നേറ്റത്തിന് ചെറുതല്ലാത്ത ക്ഷീണമാണ് ഉണ്ടാക്കിയത്. ഡീ മാരിയയുടെ മുന്നില്‍ മുന്നേറ്റങ്ങളുടെ അഭാവം അവരുടെ പല നീക്കങ്ങളിലും പ്രകടമായിരുന്നു.

ഗോള്‍ കുടുങ്ങിയ ബെല്‍ജിയം തിരിച്ചടിക്കാന്‍ ശരിക്കും എല്ലാം മറന്നിറങ്ങി. എന്നാല്‍, ഭാവനാശൂന്യമായ ഈ നീക്കങ്ങളുടെ മുനയൊടിക്കാന്‍ അര്‍ജന്റീനയുടെ പ്രതിരോധത്തിന് അത്ര വലിയ മിനക്കേടുണ്ടായില്ല. സ്‌ട്രൈക്കര്‍മാരെ ലാക്കാക്കിയുള്ള നീളന്‍ പാസുകളായിരുന്നു അവരുടെ പ്രധാന ആശ്രയം. പ്രതിരോധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ തക്ക ശേഷിയുള്ള, ബോക്‌സിന് കുറുകെയുള്ള അപകടകരമായ ക്രോസുകള്‍ കുറവായിരുന്നു. ഏറെ മെച്ചപ്പെട്ട അര്‍ജന്റീനയുടെ പ്രതിരോധത്തില്‍ നിന്ന് ഇത്തവണ പിഴവുകള്‍ കാര്യമായൊന്നും തന്നെ ഉണ്ടായില്ല. അതുകൊണ്ടുതന്നെ പല തവണ ബെല്‍ജിയംകാര്‍ ബോക്‌സിലെത്തിയെങ്കിലും ഗോളി റൊറേരോ അത്രയൊന്നും പരീക്ഷിക്കപ്പെട്ടുമില്ല. ഡി ബ്ര്യൂയ്‌നും ലൂക്കാക്കുവിനും ഫെല്ലെയ്‌നിക്കുമെല്ലാം വേണമെങ്കില്‍ അപകടം വിതറാമായിരുന്ന പന്തുകള്‍ പലപ്പോഴും കിട്ടിയെങ്കിലും ഫലമുണ്ടായില്ല. മിറാലെസിന്റെ തുടര്‍ച്ചയായ രണ്ടു ഹെഡ്ഡറുകളാണ് ലക്ഷ്യം തെറ്റി പുറത്തുപോയത്. അര്‍ജന്റീന ശരിക്കും വിറച്ചുപോയത് 64-ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോളില്‍ നിന്നു രക്ഷപ്പെട്ടപ്പോഴാണ്. സ്വന്തം പോസ്റ്റിലേയ്ക്ക് വെടിയുണ്ട പോലെ ചീറിപ്പാഞ്ഞ ഡിഫന്‍ഡര്‍ ഗരെയുടെ ക്ലൂയറിങ് പക്ഷേ, അനായാസമായാണ് ഗോളി റൊമേരൊ കൈയിലൊതുക്കിയത്.
(കടപ്പാട്: മാതൃഭൂമി)

Keywords: FIFA World Cup 2014, Sport News, football, World Cup, News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.