Latest News

ഗസ്സയില്‍ നിന്ന് ഫറയ്ക്ക് പറയാനുള്ളത്

ഗസ്സയില്‍ നടക്കുന്നത്​ ട്വിറ്ററിലൂടെ ലോകത്തെ അറിയിച്ചുകൊണ്ടിരുന്ന 16 വയസ്സുകാരി ഫറാ ബേക്കറുമായുള്ള അഭിമുഖം കഴിഞ്ഞ ദിവസം സ്​കൈ ന്യൂസ്​ സംപ്രേഷണം ചെയ്​തു. ക‍ഴിഞ്ഞ മൂന്നാ‍ഴ്ചയായി ഇവളുടെ ഓരോ ട്വീറ്റുകളും ലോകം സാകൂതം ശ്രദ്ധിക്കുകയായിരുന്നു. ട്വീറ്റുകള്‍ നിലച്ച വേളയില്‍ അവള്‍ക്കെന്തുപ്പറ്റിയെന്ന് ആലോചിച്ച് സങ്കടപ്പെടുകയായിരുന്നു. മൊബൈലില്‍ ചാര്‍ജ്​ തീര്‍ന്ന് ട്വീറ്റുകള്‍ നിലച്ചപ്പോ‍ഴെല്ലാം ലോകം അവളെ കുറിച്ചോര്‍ത്ത് ആശങ്കയിലായി.

16 വയസ്സിനിടെ മൂന്ന് ആക്രമണങ്ങള്‍ക്ക്‌ സാക്ഷിയായ ഫറ ഭാവിയെക്കുറിച്ച് വലിയ സ്വപ്​നങ്ങള്‍ നെയ്​തുകൂട്ടുന്നില്ല. അല്‍ ശിഫാ ആശുപത്രിക്ക്‌ സമീപമുള്ള തന്‍റെ വീട്ടില്‍ നിന്ന് എണ്ണമറ്റ ചിത്രങ്ങളും ദൃശ്യങ്ങളും ഫറ ലോകത്തിന്​നല്‍കി. 800 പേര്‍ മാത്രം പിന്തുടര്‍ന്നിരുന്ന ഫറയുടെ ട്വിറ്റര്‍ അക്കൗണ്ടിന്​ ഇന്ന് ഒന്നേകാല്‍ ലക്ഷം ഫോളോവേര്‍സുണ്ട്. ഇസ്രായേലിനെകുറിച്ചും ഹമാസിനെ കുറിച്ചും അവള്‍ക്കുള്ള കാഴ്ചപ്പാടും, എന്തുകൊണ്ടാണ് ഗസ്സയെ കുറിച്ച് ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയതെന്ന് ചോദ്യത്തിനുള്ള മറുപടിയും ഫറ സ് കൈ ന്യൂസുമായുള്ള അഭിമുഖത്തിലൂടെ പങ്കുവെക്കുന്നു.

ഫറയുടെ അഭിമുഖത്തിന്റെ പൂര്‍ണ രൂപം....
ഫറ ട്വീറ്റുചെയ്യാന്‍ തുടങ്ങുന്നത് എന്തുകൊണ്ടാണ്?

ഇസ്രായേലാണ് ആക്രമിക്കപ്പെടുന്നത് എന്നും ഞങ്ങളാണ് യുദ്ധം തുടങ്ങിവെച്ചത് എന്നും പലരും ചിന്തിക്കുന്നുണ്ടെന്ന് ഞാന്‍ ശ്രദ്ധിച്ചു. ഇസ്രായേലാണ് കൈയേറ്റക്കാരെന്നും അവരാണ് യുദ്ധം തുടങ്ങിവെച്ചതെന്നും ലോകത്തോട് പറയാന്‍ ഞാന്‍ ശ്രമിച്ചു. അവര്‍ സാധാരണക്കാരെ കൊല്ലുന്നു. ഇതിനെതിരെ ആരെങ്കിലും എന്തെങ്കിലും ചെയ്യണം. നിരപരാധികളായ ആളുകള്‍ ഒരു കാരണത്താലും കൊല്ലപ്പെടാന്‍ പാടില്ല. ഹമാസിനെതിരെയാണ് തങ്ങളുടെ യുദ്ധം എന്ന് ഇസ്രായേല്‍ പറയുന്നുണ്ടെങ്കിലും ഹമാസുമായി ബന്ധമില്ലാത്ത സാധാരണ പൌരന്മാര്‍ക്കെതിരെയുമുള്ള ഒരു യുദ്ധം നടക്കുന്നതാണ് ഞാന്‍ കാണുന്നത്. ഗസ്സയില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ നടക്കുന്നത് എന്ന് ലോകത്തെ അറിയിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

ശിഫാ ആശുപത്രിക്ക് സമീപമാണ് നിങ്ങളുടെ വീട്. ആശുപത്രി ആക്രമിക്കപ്പെട്ടപ്പോള്‍ നിങ്ങളുടെ വീടിന്റെ ജനാലകള്‍ വരെ തകര്‍ന്നിട്ടുണ്ട്. ആക്രമണമുണ്ടാകുമ്പോള്‍ നിങ്ങളുടെ മാനസികാവസ്ഥയെന്താണ്?

സത്യം പറഞ്ഞാല്‍ ഇത് മൂന്നാമത്തെ യുദ്ധത്തിനാണ് ഞാന്‍ സാക്ഷിയാകുന്നത്. അതുകൊണ്ടുതന്നെ ഇതൊന്നും എനിക്ക് പുതിയ അനുഭവങ്ങളല്ല. പക്ഷെ ഇതാദ്യമായാണ് ഞാന്‍ സുരക്ഷിതയല്ല എന്നെനിക്ക് അനുഭവപ്പെടുന്നത്. കാരണം ഇതിനു മുമ്പുള്ള യുദ്ധങ്ങളില്‍ നിരപരാധിയായ പൌരയായതിനാല്‍ ഞാന്‍ ആക്രമിക്കപ്പെടുകയില്ല എന്നെനിക്ക് ഉറപ്പുണ്ടായിരുന്നു. പക്ഷെ ഇത്തവണ അവര്‍ കണ്ണില്‍ കണ്ടവരെയൊക്കെ ആക്രമിക്കുന്നു. അതുകൌണ്ട് ഏത് നിമിഷവും ബോംബ് വീഴാം എന്ന തോന്നലാണ് എനിക്കെപ്പോഴും.

വെറും പതിനാറു വയസ്സ് പ്രായം മാത്രമേയുള്ളൂ ഫറയ്ക്ക്. എങ്ങനെയാണ് എപ്പോഴും മരണത്തെ മുന്നില്‍ കണ്ടുകൊണ്ട് ഇങ്ങനെ ജീവിക്കാന്‍ സാധിക്കുന്നത്?

മനുഷ്യര്‍ ദൈവത്തിന്റെ ഇച്ഛകള്‍ക്ക് അടിമയാണ്. അതു കൊണ്ട് പ്രാര്‍ത്ഥിക്കുകയല്ലാതെ നമുക്ക് വേറൊന്നും ചെയ്യാന്‍ സാധിക്കില്ല. ട്വിറ്ററിലൂടെയും മറ്റും ആളുകള്‍ എന്നെ പ്രോത്സാഹിപ്പിക്കുകയും അനുകൂലിക്കുകയും ചെയ്യുന്നത് കാണുമ്പോള്‍ എനിക്ക് കൂടുതല്‍ ശക്തിയും ധൈര്യവും ലഭിക്കുന്നു. ഞാന്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനെ അവര്‍ പ്രോത്സാഹിപ്പിക്കുന്നു. അതുകൊണ്ട് അവരെ സന്തോഷിപ്പിക്കാനും ഗസ്സയില്‍ സംഭവിക്കുന്നതെന്താണെന്ന് അവര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാനും ഞാന്‍ ശ്രമിക്കുന്നു.

ട്വീറ്റ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ലോകം എങ്ങനെ പ്രതികരിക്കുമെന്നതിനെ പറ്റി എപ്പോഴെങ്കിലും ഫറ ചിന്തിച്ചിരുന്നോ?

ഞാന്‍ എഴുതിയത് വായിച്ച പലരും ഗസ്സയില്‍ ഇങ്ങനെയൊക്കെ സംഭവിക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും ഇസ്രായേലാണ് ആക്രമിക്കപ്പെടുന്നത് എന്നാണ് തങ്ങള്‍ വിചാരിച്ചിരുന്നതെന്നും വായിച്ച കാര്യങ്ങള്‍ തങ്ങളെ അത്ഭുതപ്പെടുത്തി എന്നും എന്നോട് പറഞ്ഞിട്ടുണ്ട്. ഞാന്‍ സത്യം എഴുതുന്നത് കൊണ്ട് ആളുകള്‍ എന്നെ ഇഷ്ടപ്പെടുന്നു. ഞാന്‍ ഹമാസ്, ഫതാഹ് മുതലായ ഒരു സംഘടനയുടെയും ആളല്ല. സത്യം ലോകത്തെ അറിയിക്കാനാണ് ഞാനെഴുതുന്നത്.

യുദ്ധം തുടങ്ങുമ്പോള്‍ എത്ര ഫോളോവേര്‍സ് ഉണ്ടായിരുന്നു? ഇപ്പോഴത് എത്ര പേരായി?

യുദ്ധത്തിന്റെ തുടക്കത്തില്‍ എനിക്ക് 800 ഫോളോവേര്‍സ് ഉണ്ടായിരുന്നു. ഇപ്പോള്‍ അത് 124,000 ആണ്.

ഇവിടെയിരുന്നു കൊണ്ട് ഫറയ്ക്ക് ഫോണിലൂടെ ലോകത്തിലെ ഇത്രയധികം ആളുകളുമായി സംവദിക്കാന്‍ കഴിയുന്നു എന്ന കാര്യം ആശ്ചര്യകരമല്ലേ?

ഇവിടെ പലപ്പോഴും വൈദ്യുതി ഉണ്ടാവാറില്ല. ഞങ്ങളുടെ കൈയില്‍ ഒരു ജെനറേറ്റര്‍ ഉള്ളതിനാല്‍ അച്ഛന് ഇടക്ക് അത് പ്രവര്‍ത്തിപ്പിക്കും. എന്നാലും എപ്പോഴും ഇന്റര്‍നെറ്റ് ലഭിക്കാത്തതിനാല്‍ ഞാനെല്ലായ് പ്പോഴുമൊന്നും ട്വീറ്റ് ചെയ്യാറില്ല. പലരും എനിക്ക് ട്വീറ്റുകള്‍ അയക്കാറുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും മറുപടി അയക്കാന്‍ സാധിക്കാത്തതിനാല്‍ ഞാന്‍ കുറച്ച് ദിവസങ്ങള്‍ കൂടുമ്പോള്‍ അവര്‍ക്ക് നന്ദി അറിയിക്കും. പ്രശസ്തയാവാന്‍ വേണ്ടിയാണ് ഞാനെഴുതുന്നത് എന്ന് അവര്‍ ചിന്തിക്കാന്‍ പാടില്ല.

ഫറ ട്വീറ്റ് ചെയ്യാതിരിക്കുമ്പോള്‍ നിങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചോ എന്ന് ആളുകള്‍ ചിന്തിക്കില്ലേ?

പലരും എന്റെ ട്വിറ്ററിലുള്ള മറ്റു സുഹൃത്തക്കളോടോ എന്റെ സഹോദരിയോടോ എന്നെപ്പറ്റി ചോദിക്കാറുണ്ട്. അവരാണ് പിന്നീട് എന്നെ വിളിച്ച് എനിക്കൊന്നും സംഭവിച്ചിട്ടില്ല എന്നുറപ്പ് വരുത്തുന്നത്.

യുദ്ധത്തെ കുറിച്ച് മാത്രമാണോ നിങ്ങള്‍ എഴുതാറുള്ളത്?

ഞാനെല്ലാത്തിനെക്കുറിച്ചും എഴുതാറുണ്ട്. എന്റെ സുഹൃത്തുക്കള്‍, എന്റെ ജീവിതത്തിലുള്ള മറ്റാളുകള്‍, ഞാനെടുത്ത ഫോട്ടോഗ്രാഫുകള്‍, അങ്ങനെ പലതും.

ഫലസ്തീനില്‍ സംഭവിക്കുന്നതിനെക്കുറിച്ച് ലോകത്തോട് വിളിച്ചു പറയാന്‍ ഇവിടെ ഒരു ഫറയുണ്ട്. അതുപോലെ ഇസ്രായേലില്‍ സംഭവിക്കുന്നതിനെക്കുറിച്ച് എഴുതുന്ന ആരെയെങ്കിലും പരിചയമുണ്ടോ?

ഇത് ഞങ്ങളുടെ നാടാണെന്നും നിങ്ങളാണ് യുദ്ധം തുടങ്ങിവെച്ചതെന്നും ചില ഇസ്രായേലികള്‍ എന്റെയടുത്ത് പറയാറുണ്ട്. അവര്‍ക്ക് ചരിത്രം കാണിച്ചുകൊടുത്തു കൊണ്ട് ഇത് ഞങ്ങളുടെ ഭൂമിയാണെന്ന് ഞാന്‍ വിശദീകരിക്കാറുണ്ട്. ചിലര്‍ ഉത്തരം പറയാറില്ല, മറ്റു ചിലര്‍ എന്നെ ചീത്ത വിളിക്കും. ചീത്ത വിളിക്കുന്നവര്‍ക്ക് ഞാന്‍ മറുപടി പറയാറില്ല. പകരം അവരുടെ വാക്കുകള്‍ ഞാന്‍ റിട്വീറ്റ് ചെയ്യാറുണ്ട്. എന്നെ അനുകൂലിക്കുന്നവരാണ് പിന്നീട് അവര്‍ക്ക് മറുപടി നല്‍കുക.

യുദ്ധത്തിനിടയില്‍പെട്ട സാധാരണക്കാരിയായ ഒരു പതിനാറു വയസ്സുകാരിക്ക് പറയാനുള്ളത് ലോകത്തെ അറിയിക്കാന്‍ സോഷ്യല്‍ മീഡിയ എത്രമാത്രം സഹായിക്കുന്നു എന്നാണ് തോന്നുന്നത്?

ഗസ്സയെ സഹായിക്കാന്‍ എന്റെ മുന്നിലുള്ള ഒരേ ഒരു മാര്‍ഗം ഇതാണ്. ആയുധമെടുത്ത് പോയി ഇസ്രായേലികളെ കൊല്ലാനുള്ള ശക്തി എനിക്കില്ല. അതുകൊണ്ട് ഇസ്രായേലല്ല, ഞങ്ങളാണ് ഇരകള്‍ എന്ന് ലോകത്തോട് പറയാന്‍ ഞാന്‍ ശ്രമിക്കുന്നു.

ആയുധം ലഭിച്ചാല്‍ നിങ്ങള്‍ ഇസ്രായേലികളെ കൊല്ലുമോ? നിങ്ങളെപ്പോലെ ഒരാള്‍ ആളുകളെ കൊല്ലുന്നതിനെപ്പറ്റി ചിന്തിക്കുന്നു എന്നതു തന്നെ പലരെയും അത്ഭുതപ്പെടുത്തും.

എനിക്ക് സാധാരണക്കാരെ കൊല്ലണ്ട. എനിക്കതിനുള്ള കഴിവുണ്ടായിരുന്നെങ്കില്‍ ഞങ്ങളെ കൊല്ലുന്നവരെ ഞാനും കൊല്ലും. പക്ഷെ എനിക്ക് ചോര ഇഷ്ടമല്ല. അതുകൊണ്ട് സമാധാമപരമായ രീതിയില്‍ ലോകത്തെ എന്റെ സന്ദേശമറിയിക്കാന്‍ ഞാന്‍ ശ്രമിക്കുന്നു.

ഇസ്രായേല്‍ ഗവണ്‍മെന്റിലുള്ള ആരെങ്കിലും ഇതു കാണുകയാണെങ്കില്‍ അവരോട് എന്താണ് നിങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്നത്?

ഞാന്‍ അവരോട് യുദ്ധവും ഞങ്ങളെ കൊല്ലുന്ന ഈ ഉപരോധവും അവസാനിപ്പിക്കാന്‍ പറയും. ഞാന്‍ ജനിച്ചതു മുതല്‍ ഉപരോധത്തിനടിയില്‍ പെട്ട് വിഷമിക്കുകയാണ്. യാത്ര ചെയ്യാറുണ്ടെങ്കിലും ഇഷ്ടമുള്ള പല സ്ഥലങ്ങളിലേക്കും പോവാന്‍ ഉപരോധം കാരണം എനിക്ക് സാധിക്കാറില്ല. അവര്‍ സമാധാനത്തോടെ ഈ യുദ്ധം അവസാനിപ്പിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പിന്നെ എല്ലാ പ്രാവശ്യവും ചെയ്യുന്നതു പോലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുതെന്നും ഞാനവരോട് പറയും.

ഹമാസാണ് റോക്കറ്റ് ആക്രമണങ്ങള്‍ നടത്തി ഇസ്രായേലിനെ പ്രകോപിപ്പിക്കുന്നത് എന്ന് പറയുന്നവരോട് നിങ്ങള്‍ എന്ത് പറയും?

ഹമാസ് ഞങ്ങളുടെ പിന്നില്‍ ഒളിക്കുന്നുവെന്ന് പലരും എന്നോട് ട്വിറ്ററില്‍ പറയാറുണ്ട്. എന്നാല്‍ ഹമാസ് അവര്‍ക്ക് ആവുന്ന വിധത്തില്‍ ഞങ്ങളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത് എന്ന് ഞാന്‍ അവരോട് എന്റെ മറുപടി. ഹമാസ് എന്നെ മനുഷ്യ കവചമാക്കാന്‍ ശ്രമിക്കുന്നില്ല.

ഫറ പത്താം വയസ്സു മുതല്‍ നിങ്ങള്‍ യുദ്ധം കണ്ടുവരികയാണ്. യുദ്ധമില്ലാത്ത ഒരു ജീവിതത്തെപറ്റി ചിന്തിക്കാന്‍ ബുദ്ധിമുട്ടുണ്ടോ?

ഞാന്‍ ഭാവിയെപ്പറ്റി ചിന്തിക്കാറില്ല. കാരണം ഏതു സമയവും കൊല്ലപ്പെടാം എന്ന രീതിയിലാണ് ഞാന്‍ ജീവിക്കുന്നത്. യുദ്ധമില്ലായിരുന്നെങ്കില്‍ വെസ്റ്റ് ബാങ്കിലെയും ജെറുസലേമിലെയും ഹോബ്രോണിലെയും എന്റെ സുഹൃത്തുക്കളെ ഞാന്‍ കാണാന്‍ പോവുമായിരുന്നു. ഇപ്പോള്‍ എനിക്കതിനെപ്പറ്റി സ്വപ്നം കാണാന്‍ മാത്രമെ സാധിക്കൂ.



Keywords: International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.