പഠനത്തിലും ചിത്രരചനയിലും നൃത്തത്തിലും കായികമേഖലയിലുമെല്ലാം മികവിന്റെ മുദ്ര ചാര്‍ത്തിയ കൊച്ചുകലാകാരിയുടെ വേര്‍പാട് അവര്‍ക്ക് താങ്ങാനാവുന്നില്ല.മൂന്നാഴ്ചയായി ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തിലായിരുന്നു ചിഞ്ചുഷ. ഒരിക്കല്‍ അതിജീവിച്ച മാരക രോഗം പൂര്‍വാധികം ശക്തിയോടെ ആ ശരീരത്തെ കീഴടക്കുകയായിരുന്നു. ചികിത്സക്കിടയില്‍ ക്ഷീണമുണ്ടെങ്കിലും തീര്‍ത്തും ആഹ്ലാദവതിയായിരുന്നു ചിഞ്ചുഷ.
ഡോക്ടര്‍മാരോട് കാര്യങ്ങളെല്ലാം വിശദീകരിച്ചത് അവള്‍തന്നെ. ഹൃദയത്തിനും ശ്വാസകോശത്തിനും കരളിനുമിടയിലായാണ് ഇത്തവണ ട്യൂമര്‍ കണ്ടെത്തിയത്. വിദഗ്ധ പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചിട്ടും സങ്കീര്‍ണാവസ്ഥയായതിനാല്‍ കീമോതെറാപ്പി തുടങ്ങാന്‍ വൈകി. വ്യാഴാഴ്ച തുടങ്ങാന്‍ തീരുമാനിച്ചതായിരുന്നു.
ഇളംപ്രായത്തില്‍ കലയുടെയും വര്‍ണങ്ങളുടെയും ലോകത്ത് നിറഞ്ഞുനിന്ന ചിഞ്ചുഷയെ മാതാപിതാക്കള്‍ ഒന്നാം ക്ലാസില്‍ ചേര്‍ക്കുന്നതിനുമുമ്പ് അയച്ചത് നൃത്തപഠനത്തിന്. രണ്ടാംതരം മുതല്‍ ചിത്രംവര പഠിച്ചു തുടങ്ങി. ആയിരത്തിലേറെ മത്സരങ്ങളിലെ ജേത്രിയാണ്. 2010-ലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഓയില്‍ പെയിന്റിങ്ങില്‍ ഒന്നാംസ്ഥാനം ചിഞ്ചുഷക്കായിരുന്നു.
മുന്‍വര്‍ഷം ഓയില്‍ പെയിന്റിങ്ങിലും ഫാബ്രിക് പെയിന്റിങ്ങിലും എ ഗ്രേഡ്. നൃത്തം, കഥാപ്രസംഗം, മോണോ ആക്ട് എന്നിവയിലും കായിക മത്സരങ്ങളിലും നൂറുകണക്കിന് സമ്മാനങ്ങള്‍.
ആറാം തരത്തില്‍ പഠിക്കവേയാണ് രോഗം പിടികൂടിയത്. മണിപ്പാലില്‍ ആറു മാസത്തോളം കീമോതെറാപ്പിയും റേഡിയേഷന്‍ ചികിത്സയും. പല തവണയായി എട്ടൊമ്പത് മാസം ആശുപത്രിക്കിടക്കയില്‍. ഒരുവര്‍ഷത്തോളം പഠനം മുടങ്ങി. അര്‍ബുദം കുത്തിമുറിവേല്‍പ്പിക്കുന്ന നാളുകളിലാണ് ചിഞ്ചുഷയെ അഴീക്കോട് ഗ്രാമം ദത്തെടുത്തത്.
തങ്ങളുടെ അഭിമാനമായ ഈ മിടുക്കിയുടെ ചികിത്സക്കായി നാടാകെ കൈകോര്‍ത്തു. ആശുപത്രിക്കിടക്കയില്‍ രോഗത്തിന്റെ വേദനകളെ വരകള്‍കൊണ്ട് തോല്‍പിച്ച ചിഞ്ചുഷയുടെ ഇച്ഛാശക്തി വൈദ്യശാസ്ത്രത്തിനുപോലും അത്ഭുതമായി. രോഗത്തെ തോല്‍പ്പിച്ച രണ്ടാംവരവില്‍ ചിഞ്ചുഷ എല്ലാവരെയും വിസ്മയിപ്പിച്ചത് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും വാങ്ങിയാണ്.
1200-ല്‍ 1200 മാര്‍ക്കും നേടുകയെന്ന അപൂര്‍വത. കണ്ണൂര്‍ സിറ്റി ദീനുല്‍ ഇസ്ലാംസഭ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലായിരുന്ന പ്ലസ്ടു പഠനം. അഴീക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്ന് എസ്എസ്എസ്ല്‍സി പരീക്ഷയും മുഴുവന്‍ വിഷയങ്ങളിലും എ പ്ലസോടെയാണ് പാസായത്.
പ്ലസ്ടുവിനുശേഷം എന്‍ജിനിയറിങ്ങില്‍ ഉപരിപഠനം നടത്താനാണ് ചിഞ്ചുഷ ആദ്യം ആഗ്രഹിച്ചത്. വൈദ്യശാസ്ത്രത്തെ തോല്‍പ്പിച്ച അത്ഭുതപ്രതിഭ ഡോക്ടറാകണമെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും നിര്‍ബന്ധത്തിനു വഴങ്ങി ഡോക്ടറാകാന്‍ തീരുമാനിച്ചു.
ചിഞ്ചുഷയുടെ കഥയറിഞ്ഞ പാലായിലെ എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനം തികച്ചും സൗജന്യമായാണ് പഠിപ്പിച്ചത്. മെറിറ്റില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിച്ചു. മെഡിക്കല്‍ വിദ്യാര്‍ഥിനിയായപ്പോഴും ഒരാഗ്രഹം ചിഞ്ചുഷ മനസില്‍ കൊണ്ടുനടന്നു- വീട്ടില്‍ വരച്ച് സൂക്ഷിച്ച ചിത്രങ്ങളില്‍ കുറച്ചെണ്ണമെങ്കിലും ഫ്രെയിം ചെയ്ത് ഒരു ചിത്രപ്രദര്‍ശനമൊരുക്കണമെന്ന്. ആ ആഗ്രഹം സാധിക്കുംമുമ്പേ ചിഞ്ചുഷ യാത്രയായി.
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment