കണ്ണൂര്‍ : മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ തന്റെ ഭാര്യയുടെ സ്മരണക്കായി പണിതീര്‍ത്ത ലോകാത്ഭുതം താജ്മഹല്‍ കണ്ണൂരിലെ ജനങ്ങള്‍ക്കായി പുനഃസൃഷ്ടിക്കുകയാണ് പി എസ് ബാബുവും സഹപ്രവര്‍ത്തകരും. താജ്മഹലിന്റെ സൗന്ദര്യം ഒപ്പിയെടുക്കാന്‍ ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. അവര്‍ക്കായി അവസരമൊരുക്കുകയാണ് ബാബുവിന്റെ തൃശൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് എന്റര്‍ടെയ്ന്‍മെന്റ് എന്ന സ്ഥാപനം.
താജ്മഹല്‍ കാണാന്‍ ആഗ്രയില്‍ പോകേണ്ട, കണ്ണൂര്‍ പോലീസ് മൈതാനിയില്‍ വന്നാല്‍ മതിയെന്ന സന്ദേശമാണ് അടുത്ത ദിവസം മുതല്‍ ആരംഭിക്കുന്ന ഓണം കണ്‍സ്യൂമര്‍ ഫെയറിലൂടെ കാണിക്കുന്നത്. താജ്മഹലിന്റെ തനി പകര്‍പ്പാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഷാജഹാന്‍ നൂറുകണക്കിന് തൊഴിലാളികളെക്കൊണ്ട് വര്‍ഷങ്ങളോളം പണിയെടുപ്പിച്ചാണ് താജ്മഹല്‍ പണിതത്. ഇവിടെ ഇരുപത് ദിവസത്തിലേറെയായി നൂറ്റി അമ്പതോളം തൊഴിലാളികള്‍ രാവും പകലും വിയര്‍പ്പൊഴുക്കിയാണ് താജ്മഹല്‍ പുനഃസൃഷ്ടിക്കുന്നത്.
300 അടി നീളവും 160 അടി വീതിയും 80 അടി ഉയരവുമാണ് കണ്ണൂരിലെ താജ്മഹലിനുള്ളത്. ഫൈബറില്‍ നിര്‍മിച്ച താജ്മഹലിന്റെ നിര്‍മാണ ചെലവ് മുക്കാല്‍ കോടിയോളം വരും. 30 വര്‍ഷമായി ഓണം കണ്‍സ്യൂമര്‍ ഫെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇവര്‍ എല്ലാവര്‍ഷവും പുതുമ തേടാറുണ്ട്. അങ്ങനെയാണ് എല്ലാവരെയും ആകര്‍ഷിക്കാന്‍ കഴിയുന്ന താജ്മഹല്‍ നിര്‍മിക്കാമെന്ന ചിന്ത ഉടലെടുത്തത്.
ഫെയറില്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആഹ്ലാദം പകരുന്ന അമ്യൂസ്‌മെന്റ് പാര്‍ക്ക്, കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങള്‍, ഫുഡ്‌കോര്‍ട്ട് എന്നിവയുണ്ടാകും. താജ്മഹലിന് മുന്നില്‍ നിന്ന് ഫോട്ടോയെടുക്കാനും അപ്പോള്‍ തന്നെ പ്രിന്റ് ലഭിക്കാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Keywords: Kannur, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment