Latest News

മലപ്പുറത്ത് ലീഗില്‍ നിന്നടക്കം ആയിരത്തോളം പേരെ സി.പി.എമ്മിലെത്തിക്കാന്‍ ശ്രമം

മലപ്പുറം: കണ്ണൂരില്‍ സി.പി.എമ്മിനേറ്റ തിരിച്ചടിക്കു മലപ്പുറത്തു പ്രതിരോധ ശ്രമം. സി.പി.എം. വിട്ട്‌ മുസ്ലിംലീഗില്‍ പോയ മന്ത്രി മഞ്ഞളാംകുഴി അലിയുടെ മണ്ഡലമായ മങ്കടയില്‍ അലി വിരുദ്ധകണ്‍വന്‍ഷനിലൂടെ ആയിരത്തോളംപേരെ പാര്‍ട്ടിയിലെത്തിക്കാനാണു ശ്രമം നടക്കുന്നത്‌. 

അലി വിരുദ്ധ കണ്‍വന്‍ഷനുകള്‍ക്കു സി.പി.എമ്മിനു നേരിട്ടു ബന്ധമില്ലെങ്കിലും പാര്‍ട്ടി വിട്ട്‌ അലിക്കൊപ്പം പോയവരെ ഉപയോഗിച്ചാണു അലി വിരുദ്ധ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നത്‌.
ലീഗില്‍നിന്നടക്കം ആയിരത്തോളംപേരെ സി.പി.എമ്മിലെത്തിച്ചു രണ്ടുമാസത്തിനുള്ളില്‍ സ്വീകരണം നല്‍കാനാണു നീക്കം. സ്വീകരണ ചടങ്ങിലേക്കു സി.പി.എം. സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെ എത്തിക്കുമെന്നുവരെ സി.പി.എമ്മും അലിവിരുദ്ധരും ചേര്‍ന്ന രഹസ്യയോഗത്തില്‍ തീരുമാനിച്ചതായാണു വിവരം.
സി.പി.എം. രാഷ്‌ട്രീയത്തിലൂടെ ഉയര്‍ന്നുവന്ന അലി പിന്നീട്‌ ലീഗില്‍ ചേര്‍ന്നപ്പോള്‍ സി.പി.എമ്മിലെ എണ്‍പത്തഞ്ചോളം പ്രാദേശിക ഭാരവാഹികളേയും ലീഗിലെത്തിച്ചിരുന്നു.
അലി മന്ത്രിയായതോടെയാണു അണികളുമായി അഭിപ്രായഭിന്നത രൂക്ഷമായത്‌. അലി മന്ത്രിയായിട്ടും സാധാരണക്കാര്‍ക്ക്‌ യാതൊരു ഉപകാരവും ഉണ്ടായിട്ടില്ലെന്നും ബൂര്‍ഷാ-വര്‍ഗീയവാദികള്‍ക്കു മാത്രമാണു നേട്ടമെന്നുമാണു അലിയെ എതിര്‍ക്കുന്നവര്‍ പറയുന്നത്‌.

സി.പി.എം. വിട്ട തങ്ങളെ അലി വഞ്ചിക്കുകയായിരുന്നുവെന്നും പാര്‍ട്ടിയിലേക്കു തന്നെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ട്‌ ഇക്കൂട്ടര്‍ നേരത്തെ സി.പി.എം. നേതൃത്വത്തെ സമീപിച്ചെങ്കിലും പാര്‍ട്ടിയെ അപമാനത്തിലേക്കു നയിച്ചവരെ തിരിച്ചെടുക്കില്ലെന്ന കര്‍ശന നിലപാടിലായിരുന്നു നേതൃത്വം.
എന്നാല്‍, ലീഗിലെ പ്രാദേശിക നേതൃത്വത്തിലെ പലര്‍ക്കും അലിയോട്‌ എതിര്‍പ്പുണ്ടെന്നും ഇവരേയും സി.പി.എമ്മിലെത്തിക്കാമെന്നും ഇതോടെ പാര്‍ട്ടിക്കേറ്റ അപമാനം അതേ നാണയത്തില്‍ തിരിച്ചുകൊടുക്കാമെന്നും അലി വിരുദ്ധര്‍ സി.പി.എമ്മിനു ഉറപ്പുനല്‍കിയിരുന്നു. നിലവില്‍ മന്ത്രി അലിയുടെ അടുത്ത അനുയായികളില്‍ പലരും അലി വിരുദ്ധ കണ്‍വന്‍ഷനു രഹസ്യപിന്തുണ നല്‍കുന്നവരാണെന്നും ഇവരും ഉടന്‍ സി.പി.എമ്മിലെത്തുമെന്നും അലി വിരുദ്ധചേരിയുടെ ഭാരവാഹികള്‍ പറഞ്ഞു.
അലി വിരുദ്ധ ചേരിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മേയ്‌ 29- നു ലീഗില്‍ നിന്നെത്തിയ 65- ഓളം പേര്‍ക്കു സി.പി.എം. സ്വീകരണം നല്‍കിയിരുന്നു.
ഇതിന്റെ രണ്ടാംഘട്ടമെന്ന നിലയില്‍ അലിയുടെ മണ്ഡലമായ മങ്കടയിലെ ഓരോ പഞ്ചായത്തില്‍ നിന്നും രണ്ടുംമൂന്നും അലി വിരുദ്ധരെ കണ്ടെത്തി സെപ്‌റ്റംബര്‍ നാലിനു സി.പി.എം. മലപ്പുറം ജില്ലാ സെക്രട്ടറികൂടി പങ്കെടുന്ന കണ്‍വന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌.


Keywords: Malappuram, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.