തിരൂരങ്ങാടി: കൊടിഞ്ഞി കടുവാളൂര്‍ എ.എം.എല്‍.പി സ്കൂളിലെ നഴ്സറി ടീച്ചര്‍ ഖൈറുന്നീസക്ക് കുട്ടികളും രക്ഷിതാക്കളും ഗുരുദക്ഷിണയായി നല്‍കിയത് വിവാഹ സല്‍ക്കാരം. കല്യാണ പന്തലൊരുക്കി കോഴിബിരിയാണിയും വിളമ്പി അവര്‍ ടീച്ചര്‍ക്ക് മംഗളം നേര്‍ന്നു.
മമ്പാട് സ്വദേശി പരേതനായ ഇബ്രാഹിം-ഫാത്തിമ ദമ്പതികളുടെ മകള്‍ കുനിയില്‍ ഖൈറുന്നീസയും പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി പാതാരി അസൈനാരും തമ്മിലുള്ള വിവാഹാഘോഷമാണ് കുട്ടികളും രക്ഷിതാക്കളും കെങ്കേമമാക്കിയത്. ഉറ്റവരെക്കാളേറെ ടീച്ചറെ സ്നേഹിച്ച കുരുന്നുകള്‍ക്ക് ബുധനാഴ്ച ക്ളാസ് മുറി കല്യാണ വീടായി. ടീച്ചറെ അവര്‍ അണിയിച്ചൊരുക്കി. മുല്ലപ്പൂമാല ചൂടിച്ചു. കൈപിടിച്ച് മുറ്റത്തിരുത്തി ഒപ്പനപ്പാട്ടിനൊത്ത് നൃത്തം വെച്ചു.
300ഓളം കുട്ടികളും അധ്യാപകരും 150ഓളം രക്ഷിതാക്കളും ഖൈറുന്നീസയുടെ മാതാവ് ഫാത്തിമയും സഹോദരിമാരായ സുബൈദ, ജമീല ഉള്‍പ്പെടെയുള്ള ബന്ധുക്കളും കല്യാണാഘോഷത്തിന് എത്തിയിരുന്നു. 2006ലാണ് ഖൈറുന്നീസ നഴ്സറി അധ്യാപികയായി സേവനം തുടങ്ങിയത്.
ഷാര്‍ജയിലെ ട്രാവല്‍ ഏജന്‍സിയില്‍ അഡ്മിനിസ്ട്രേഷന്‍ ഓഫിസറായി ജോലി ചെയ്യുന്ന അസൈനാറും ഖൈറുന്നീസയും തമ്മിലുള്ള വിവാഹം ഇന്‍റര്‍നെറ്റിലൂടെയാണ് ഉറപ്പിച്ചത്. നിക്കാഹിനുശേഷം വിവാഹ സദ്യയെകുറിച്ച് ചര്‍ച്ച ചെയ്തപ്പോഴാണ് കല്യാണം സ്കൂളധികൃതര്‍ ഏറ്റെടുത്തത്.
പി.ടി.എ പ്രസിഡന്‍റ് വി.ടി. ബഷീര്‍, വൈസ് പ്രസിഡന്‍റ് ഇബ്രാഹിം വടക്കയില്‍, എം.ടി.എ പ്രസിഡന്‍റ് പി. ബിന്ദു, ഹെഡ് മാസ്റ്റര്‍ എ.പി. അബ്ദുസ്സമദ്, വാര്‍ഡംഗം പത്തൂര്‍ അസി, പി.എം. ഉഷ, എം. മുനീര്‍, ലിയാഖത്തലി പത്തൂര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കല്യാണം നടന്നത്.
മൂന്നാം ക്ളാസുകാരി പി. റശീഖ സ്വര്‍ണമോതിരവും കുട്ടികളും നാട്ടുകാരും ഖൈറുന്നീസക്ക് വിവാഹ സമ്മാനങ്ങളും കൈമാറി. ശില്‍പ പയോളി, ഹിറോസ് പാലാപാര്‍ക്ക് എന്നീ ക്ളബുകളും സജീവമായി രംഗത്തുണ്ടായിരുന്നു.
Keywords: Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment